കൊച്ചി:മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടി മലയാളികളുടെ അഭിമാനമായി മാറിയ നഞ്ചിയമ്മയുടെ യാത്രകൾ ഇനി കിയ സോണറ്റിൽ. സോണറ്റിന്റെ 1.2 ലിറ്റർ പെട്രോൾ എച്ച്ടികെ പ്ലസ് വകഭേദമാണ് നഞ്ചിയമ്മ സ്വന്തമാക്കിയത്.
കൊച്ചിയിലെ ഇഞ്ചിയോൺ കിയയിൽ നിന്നാണ് വാഹനം വാങ്ങിയത്. നഞ്ചിയമ്മ ഷോറൂമിലെത്തി പാട്ടു പാടി, താക്കോൽ ഏറ്റുവാങ്ങുന്ന വീഡിയോ ഇഞ്ചിയോൺ കിയ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിട്ടുണ്ട്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനത്തിനാണ് നഞ്ചിയമ്മയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചത്.
ടെക് ലൈൻ, ജി.ടി ലൈൻ എന്നീ രണ്ട് വിഭാഗങ്ങളിലായി HTE, HTK, HTK+, HTX, HTX+, GTX+ എന്നീ വേരിയന്റുകളിലാണ് സോണറ്റ് എത്തുന്നത്. പെട്രോൾ എൻജിൻ മോഡലുകൾക്ക് 6.71 ലക്ഷം രൂപ മുതൽ 11.99 ലക്ഷം രൂപ വരെയും ഡീസൽ എൻജിൻ പതിപ്പിന് 8.05 ലക്ഷം രൂപ മുതൽ 11.99 ലക്ഷം രൂപ വരെയുമാണ് എക്സ്-ഷോറും വില വരുന്നത്.
1.2 ലിറ്റർ പെട്രോൾ, 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നീ മൂന്ന് എൻജിൻ ഓപ്ഷനുകളിലാണ് സോണറ്റുമെത്തുന്നത്. ഏഴ് സ്പീഡ് ഡ്യുവൽ ക്ലെച്ച്, ആറ് സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക്, ഇന്റലിജെന്റ് മാനുവൽ എന്നിവയാണ് ഈ വാഹനത്തിൽ ട്രാൻസ്മിഷൻ ഒരുക്കുന്നത്.