ചെങ്ങന്നൂര്‍: തോരാതെ പെയ്യുന്ന മഴ നദികളിലെ ജലനിരപ്പ് ഉയര്‍ത്തിയതോടെ ആശങ്കയിലായി ചെങ്ങന്നൂര്‍ നിവാസികള്‍. ചെങ്ങന്നൂരിലൂടെ കടന്നുപോകുന്ന പമ്പ, അച്ചന്‍കോവില്‍, മണിമല എന്നീ നദികളിലെ ജലനിരപ്പാണ് ആശങ്ക ഉണ്ടാക്കത്തക്ക വിധത്തില്‍ ഉയര്‍ന്നിരിക്കുന്നത്.
പല ഭാഗങ്ങളിലും നദി കരകവിയുന്ന അവസ്ഥയുണ്ടെന്ന് ചെങ്ങന്നൂര്‍ നിവാസികള്‍ പറയുന്നു. ഇവിടത്തെ താഴ്ന്ന പ്രദേശങ്ങളില്‍ പലയിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ഒരു മീറ്റര്‍ താഴ്ന്ന ജലനിരപ്പ് വീണ്ടും വര്‍ധിച്ചതാണ് നിലവിലെ ആശങ്കയ്ക്കു കാരണം. ജില്ലയില്‍ നിലവില്‍ 12 ദുരിതാശ്വാസ ക്യാന്പുകളാണ് തുറന്നിട്ടുള്ളത്.
നിരവധി പേരെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുകയാണ്. നദികളുടെ സമീപത്തു താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിപ്പ് നല്‍കിയിട്ടുണ്ട്. അച്ചന്‍കോവിലാറ്റില്‍ ജലനിരപ്പുയര്‍ന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ചെറിയതോതില്‍ വെള്ളക്കയറ്റത്തിനു ശമനമുണ്ടായിരുന്നെങ്കിലും നിര്‍ത്താതെ പെയ്യുന്ന മഴ ആറ്റില്‍ ജലനിരപ്പ് വീണ്ടും ഉയരാന്‍ കാരണമായിരിക്കുകയാണ്.
ആറ്റുവ, വെട്ടിയാര്‍ ഒന്പത്, എട്ട് വാര്‍ഡുകള്‍, തഴക്കര-അഞ്ച്, മാവേലിക്കര പ്രായിക്കര, കുരുവിക്കാട്, മറ്റം വടക്ക്, കരിപ്പുഴ ഒന്ന്, രണ്ട് ചെന്നിത്തല വലിയപെരുമ്പുഴ കടവുമുതല്‍ പ്രായിക്കര വരെയുള്ള തീരപ്രദേശങ്ങള്‍ എന്നിവ വെള്ളപ്പൊക്ക ഭീഷണിയിലാണ്.