KeralaNews

കേരളത്തിലും തമിഴ്നാട്ടിലും പ്രളയ സമാനമായ സാഹചര്യം; കേന്ദ്ര ജല കമ്മീഷന്‍

ന്യുഡല്‍ഹി: ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ അതിശക്തമായ മഴ കേരളത്തിലും തമിഴ്നാട്ടിലും രൂക്ഷമായ പ്രളയ സമാന സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്ന് കേന്ദ്ര ജല കമ്മീഷന്‍. ഇരു സംസ്ഥാനങ്ങളുടെയും കാര്യത്തില്‍ കമ്മീഷന്‍ ‘ഓറഞ്ച് ബുള്ളറ്റിന്‍’ പുറപ്പെടുവിച്ചു.

ജലനിരപ്പ് അപകടകരമായ സാഹചര്യത്തിലേക്ക് ഉയരാമെന്നും അതീതീവ്രമായ വെള്ളപ്പൊക്കം അനുഭവപ്പെട്ടേക്കാമെന്നും ജലകമ്മീഷന്‍ പ്രവചിക്കുന്നു. കേരളത്തില്‍ മണിമല, അച്ചന്‍മകാവില്‍ ആറുകളും തമിഴ്നാട്ടില്‍ കൊടിയാറ്റിലും ജലനിരപ്പ് അപകടകരമായ സ്ഥിതിയിലേക്ക് ഉയര്‍ന്നുവെന്നും ജല കമ്മീഷന്‍ രാവിലെ പുറത്തുവിട്ട ബുള്ളറ്റിനില്‍ പറയുന്നു.

അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം നിലവില്‍ കണ്ണൂരില്‍ നിന്നും 290 കിലോമീറ്റര്‍ അകലെ ലക്ഷദ്വീപ് തിരത്തിനു സമീപത്താണ്. ഇത് ഗുജറാത്ത് തീരത്തേക്ക് പോകുമെന്നാണ് കലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.കര്‍ണാടക, ലക്ഷദ്വീപ്, ഗോവ, മഹാരാഷ്ട്ര തീരങ്ങള്‍ കടന്ന് മേയ് 18ന് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്ത് എത്തും.

കേരളത്തില്‍ തീരദേശ മേഖലയില്‍മാത്രമല്ല, മലയോര മേഖലയിലും കാറ്റും മഴയും വലിയ നാശനഷ്ടമാണ് വരുത്തിയത്. വന്‍മരങ്ങള്‍ കടപുഴകി വീണ് നിരവധി വീടുകള്‍ തകര്‍ന്നു. വടകരയില്‍ കടലാക്രമണം രൂക്ഷമായതോടെട 300 ഓളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ വലിയ കാറ്റ് അനുഭവപ്പെടുന്നുണ്ട്.

അടിമാലി കല്ലാര്‍കുട്ടി ഡാം തുറന്നു. ഹൈറേഞ്ച് മേഖലയില്‍ നിരവധി വീടുകള്‍ക്ക് കേടുപാടുണ്ട്. പാലാ കരൂര്‍ പള്ളിക്ക് സമീപം ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ വലിയ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ആലപ്പുഴ തീരപ്രദേശത്ത് മാത്രമല്ല നഗരപ്രദേശത്തും വലിയ നാശനഷ്ടമുണ്ടായി. കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ പറന്നുപോയി. സെന്റ് ജോസഫ്സ് സ്‌കൂളിന്റെ മേല്‍ക്കൂര കാറ്റില്‍ പറന്നുപോയി. കുട്ടനാട് പാടശേഖരങ്ങളില്‍ മടവീഴ്ച തുടരുകയാണ്. എറണാകുളത്ത് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തരമായി ഉന്നതതല യോഗം വിളിച്ചു. 11 മണിക്കാണ് യോഗം. ചുഴലിക്കാറ്റ് നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്താനാണ് യോഗം. ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ദുരന്ത നിവാരണ സേന പ്രതിനിധികളും പങ്കെടുക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button