കൊച്ചി :സിപിഎം നേതാവിന്റെ അക്കൗണ്ടിലേക്ക് പ്രളയ ഫണ്ട് വകമാറ്റിയ കേസില്‍ അറസ്റ്റിലായ കളക്‌ട്രേറ്റ് ഉദ്യോഗസ്ഥന്‍ വിഷ്ണു പ്രസാദിനെ റിമാന്‍ഡ് ചെയ്തു. പതിനാല് ദിവസത്തേക്കാണ് വിഷ്ണു പ്രസാദിന്റെ റിമാന്‍ഡ് ചെയ്തത് .കേസില്‍ സിപിഎം നേതാവ് അന്‍വര്‍, സുഹൃത്ത് മഹേഷ് , വിഷ്ണു പ്രസാദ് എന്നിവരാണ് പ്രതികള്‍. എന്നാല്‍ വിഷ്ണു പ്രസാദ് മാത്രമാണ് പിടിയിലായിട്ടുള്ളത്. വഞ്ചന, ഫണ്ട് ദുര്‍വിനിയോഗം, ഗൂഢാലോചന, അഴിമതി എന്നീ കുറ്റങ്ങളാണ് വിഷ്ണുവിന് മേല്‍ ചുമത്തിയിരിക്കുന്നത്.
അന്‍വറും, സുഹൃത്ത് മഹേഷും ഒളിവിലാണ്.അന്വേഷണത്തില്‍ സിപിഎം നേതാവിന്റെ അക്കൗണ്ടിന് പുറമേ മറ്റ് അക്കൗണ്ടുകളിലേക്കും വിഷ്ണു പണം വകമാറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ ഭാര്യയും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. വിഷ്ണു പ്രസാദിനെ പ്രാഥമികമായി ചോദ്യം ചെയ്തതില്‍ നിന്നാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്. പ്രളയ ഫണ്ടില്‍ നിന്നും 10.54 ലക്ഷം രൂപയാണ് വിഷ്ണു സിപിഎം നേതാവായ അന്‍വറിന്റെ അക്കൗണ്ടിലേക്ക് വകമാറ്റിയത്. കോഴിക്കച്ചവടത്തിനാണ് ഇവര്‍ തട്ടിപ്പ് നടത്തിയതെന്ന് അന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്.
പൊള്ളാച്ചിയില്‍ വിഷ്ണുവും അന്‍വറും മഹേഷും ചേര്‍ന്ന് കോഴി ഫാം ആരംഭിച്ചിരുന്നു.ഇതിനുള്ള ബാക്കി തുക നല്‍കാനാണ് പ്രതികള്‍ പ്രളയ ഫണ്ട് വകമാറ്റിയത് എന്നാണ് പോലീസ് കണ്ടെത്തല്‍. ഇതിന് പുറമേ പ്രതികള്‍ ആര്‍ഭാട ജീവിതം ലക്ഷ്യമിട്ടിരുന്നു എന്നും പോലീസ് അറിയിച്ചു. കൂടാതെ കാട്ടാക്കടയില്‍ ഉള്ള ദേനാ ബാങ്കിന്റെ ശാഖയിലേക്ക് രണ്ടര ലക്ഷം രൂപ കൈമാറിയിട്ടുണ്ടെന്നും വിഷ്ണു പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ഇവിടെ നിന്നും പണം പിന്‍വലിച്ചത് ആരെന്ന് വ്യക്തമല്ലെന്നും പോലീസ് പറഞ്ഞു.