കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളായ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വിമാനടിക്കറ്റ് ബുക്ക് ചെയ്യാന്‍ ട്രാവല്‍ ഏജന്‍സിയിലേക്ക് വിളിച്ചത് കണ്ണൂര്‍ ഡിസിസി ഓഫീസില്‍ നിന്ന് ആണെന്ന് സിപിഐഎം വനിതാ നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പിപി ദിവ്യ. ടിക്കറ്റ് ബുക്ക് ചെയ്തതിന്റെ പണം ഇതുവരെ ട്രാവല്‍ ഏജന്‍സിക്ക് നല്‍കിയിട്ടില്ല എന്നും പിപി ദിവ്യ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.
പിപി ദിവ്യ പറഞ്ഞത്: വിമാനത്തില്‍ മുഖ്യമന്ത്രിയെ അക്രമിക്കാന്‍ പോയ യൂത്ത് കോണ്‍ഗ്രസ് ക്രിമിനലുകള്‍ക്ക് വേണ്ടി ടിക്കറ്റ് ബുക്ക് ചെയ്ത് കൊടുക്കാന്‍ ട്രാവല്‍ ഏജന്‍സിയിലേക്ക് വിളിച്ചത് കണ്ണൂര്‍ ഉഇഇയില്‍ നിന്ന്. ട്രാവല്‍ ഏജന്‍സിക്ക് ഇനിയും പണം നല്‍കിയിട്ടില്ല, ദിവ്യ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. കേസില്‍ പ്രതികളായ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഹൈക്കോടതി ജാമ്യം നല്‍കിയതിന് പിന്നാലെയാണ് ദിവ്യയുടെ പ്രതികരണം.റിമാന്‍ഡില്‍ കഴിയുന്ന ഒന്നും രണ്ടും പ്രതികളായ ഫര്‍സീന്‍ മജീദ്, ആര്‍ കെ നവീന്‍ എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്.മൂന്നാം പ്രതി സുജിത്ത് നാരായണന് മുന്‍കൂര്‍ ജാമ്യവും ഹൈക്കോടതി അനുവദിച്ചു.
കണ്ണൂരില്‍ നിന്നു തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രയ്ക്ക് ഇടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചത്. ഗൂഢാലോചന, വധശ്രമം, വ്യോമയാന നിയമങ്ങളുടെ ലംഘനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇന്‍ഡിഗോ വിമാനത്തില്‍ വെച്ചാണ് കറുത്ത വസ്ത്രം ധരിച്ചെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ഉയര്‍ത്തിയത്. മുദ്രാവാക്യം വിളിച്ച് മുന്നോട്ട് വന്ന ഇവരെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ തള്ളിമാറ്റുകയായിരുന്നു. ഇവരെ സംശയാസ്പദമായ സാഹചര്യത്തില്‍ വിമാനത്താവളത്തില്‍ കണ്ടപ്പോള്‍ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍, ആര്‍സിസിയില്‍ രോഗിയെ കാണാന്‍ പോകുന്നുയെന്ന് പറഞ്ഞതാണ് ഇവര്‍ വിമാനത്തില്‍ കയറിയത്.
മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസില്‍ പരാതിക്കാരുടെ മൊഴിയെ സാധൂകരിക്കുന്ന റിപ്പോര്‍ട്ടായിരുന്നു ഇന്‍ഡിഗോ നല്‍കിയത്. വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ തയ്യാറെടുക്കുമ്പോള്‍ മൂന്ന് പേര്‍ മുഖ്യമന്ത്രിക്ക് അരികിലേക്ക് പാഞ്ഞടുത്തുവെന്ന് പോലീസിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ഇന്‍ഡിഗോ പറയുന്നു. മുഖ്യമന്ത്രിക്ക് നേരെ നാടന്‍ ഭാഷയില്‍ ഭീഷണി മുഴക്കിയെന്നും സംഭവത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് (ഡിജിസിഎ) ഇന്‍ഡിഗോ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ശാന്തരാക്കാന്‍ ക്യാബിന്‍ ക്രൂ ശ്രമിച്ചിരുന്നു എന്നാല്‍ പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളി തുടര്‍ന്നെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ പറഞ്ഞു. സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് വിമാനയാത്രാ വിലക്ക് ഏര്‍പ്പെടുത്തണോ എന്ന കാര്യം മുന്‍ ജഡ്ജി ഉള്‍പ്പെടുന്ന ആഭ്യന്തര സമിതി അന്വേഷിക്കുകയാണെന്നും ഇന്‍ഡിഗോ ഡിജിസിഎയെ പ്രാഥമികമായി അറിയിച്ചിട്ടുണ്ട്. വിമാന ജീവനക്കാരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക വിവരങ്ങള്‍ വിമാന കമ്പനി കൈമാറിയത്.
മുഖ്യമന്ത്രിയ്ക്ക് നേരെ പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മദ്യലഹരിയിലായിരുന്നു എന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ പറഞ്ഞിരുന്നു. ഉന്നതനേതാക്കളുടെ അറിവോടെ മുഖ്യമന്ത്രിയെ ആക്രമിക്കാനാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വിമാനത്തില്‍ കയറിയതെന്നും ഇപി ജയരാജന്‍ പറഞ്ഞിരുന്നു.”മദ്യലഹരിയിലാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വിമാനത്തില്‍ കയറിയത്. കള്ള് കുടിച്ച് ലെവല്‍ കെട്ട അവസ്ഥയായില്‍ ആണ് ഉണ്ടായിരുന്നത്. ഇതാണ് കോണ്‍ഗ്രസിന്റെ ഗതി.
എവിടെയെത്തി കോണ്‍ഗ്രസിന്റെ സംസ്‌കാരമെന്ന് സംഭവത്തിലൂടെ ജനങ്ങള്‍ മനസിലാക്കണം. യൂത്ത് കോണ്‍ഗ്രസ് എന്ന് പോലും അവര്‍ക്ക് പറയാന്‍ സാധിക്കുന്നില്ലായിരുന്നു. നാവ് കുഴഞ്ഞ രൂപത്തിലായിരുന്നു. ഇങ്ങനെയാണോ കോണ്‍ഗ്രസ് പ്രശ്നങ്ങളെ സമീപികേണ്ടത്. എന്ത് സമരരീതിയാണിത്. ഇത്തരം അക്രമങ്ങളെ ശക്തമായി എതിര്‍ക്കണം.മുഖ്യമന്ത്രിയെ ആക്രമിക്കുക ലക്ഷ്യമിട്ടാണ് അവര്‍ വിമാനത്തില്‍ കയറിത്. സംഭവത്തില്‍ നിയമനടപടി സ്വീകരിക്കും. കുടിപ്പിച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ കയറ്റി വിട്ടേക്കുകയായിരുന്നു. ഇത് ഉന്നതനേതാക്കളുടെ അറിവോടെയാണ് എന്നതില് സംശയമില്ല. ഭീകരസംഘടനകള്‍ മാത്രമേ വിമാനത്തിനുള്ളില്‍ ഇത്തരം അക്രമസംഭവങ്ങള്‍ നടത്തൂ.” എന്നാണ് അദ്ദേഹം പറഞ്ഞത്.