കൊച്ചി: 92 കിലോ ചന്ദനമരം പിടികൂടി വനംവകുപ്പ് ഫ്‌ളൈയിംഗ് സ്‌ക്വാഡ്. പനമ്പള്ളി നഗറിലെ വാടക വീട്ടിൽ നടത്തിയ പരിശോധനയിലാണ് വിൽക്കാൻ വച്ചിരിക്കുന്ന ചന്ദനമരം പിടികൂടിയത്. സാജു സെബാസ്റ്റ്യൻ എന്നയാളാണ് വീട് വാടകയ്‌ക്കെടുത്തിരിക്കുന്നത്.
എറണാകുളം ഫോറസ്റ്റ് ഇന്റലിജൻസ് സംഘത്തിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിൽ 30 ലക്ഷം രൂപയിലേറെ വിലവരുന്ന 92 കിലോ ചന്ദനമാണ് എറണാകുളത്ത് പിടികൂടിയത്.എറണാകുളം ഫോറസ്റ്റ് റേഞ്ച് ഓഫിസർ കെ.ടി.ഉദയന്റെ നേതൃത്വത്തിലുള്ള സംഘമാണു പ്രതികളെ കസ്റ്റഡിയിലെടുത്തത്.ശനിയാഴ്ച രാവിലെ വാടക വീട്ടിൽ ചന്ദന കച്ചവടം നടക്കുന്നുണ്ട് എന്നായിരുന്നു വിവരം ലഭിച്ചത്.
ചന്ദനം വാങ്ങാൻ എത്തിയ മൂന്ന് പേർ അടക്കം അഞ്ച് പേർ പിടിയിലായി. ഇടുക്കി, കോഴിക്കോട് ജില്ലകളിൽ നിന്നുള്ളവരാണ് പിടിയിലായത്.തൊടുപുഴ സ്വദേശി സാജു സെബാസ്റ്റ്യൻ, അടിമാലി സ്വദേശികളായ വെള്ളാപ്പിള്ളി നിഷാദ്, കെ.ജി.സാജൻ, ആനവിരട്ടി സ്വദേശി റോയ്, കോഴിക്കോട് കൂടത്തായ് പുളിക്കൽ വീട്ടിൽ സിനു തോമസ് എന്നിവരാണു പിടിയിലായത്.
രണ്ടുമാസം മുൻപാണു മരപ്പണിക്കാർ എന്ന പേരിൽ ഇവിടെ വീടു വാടകയ്ക്കെടുക്കുന്നത്.വീട് വാടകയ്ക്കെടുത്ത് ചന്ദന കച്ചവടം നടത്തിവരികയായിരുന്നു.ഇടുക്കിയിൽനിന്നു മരങ്ങൾക്കുള്ളിൽ വച്ചു കടത്തിക്കൊണ്ടു വന്നതാണ് ചന്ദനം എന്നാണു വെളിപ്പെടുത്തൽ.ചന്ദനം വിൽപനയ്ക്കു ശ്രമിക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥർ ഇവരെ പിടികൂടിയത്.ചന്ദനം തൂക്കി വിൽക്കുന്നതിനുള്ള ഉപകരണങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കൂടുതൽ പേർക്ക് സംഭവത്തിൽ പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് അധികൃതർ അറിയിച്ചു