കാണ്‍പുര്‍: നിയമപരമായി വിവാഹ മോചനം നേടാതെ അഞ്ചു വിവാഹം കഴിച്ച്, ആറാം കല്യാണത്തിന് ഒരുങ്ങിയ വിരുതന്‍ ഒടുവില്‍ അറസ്റ്റില്‍. ഷാജഹാന്‍പുരിലെ അനൂജ് ചേതന്‍ കതേരിയയാണ് പിടിയിലായത്.
ഭാര്യമാരില്‍ ഒരാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ കരേതിയ പ്രദേശത്തെ സ്വയം പ്രഖ്യാപിത ആള്‍ദൈവമാണെന്നും പോലീസ് പറയുന്നു.
2005ല്‍ ആണ് കതേരിയ ആദ്യ വിവാഹം ചെയ്തത്. മെയിന്‍പുരി ജില്ലയില്‍ നിന്നായിരുന്നു ഇത്. 2010ല്‍ ബെറെയ്ലില്‍നിന്നായിരുന്നു രണ്ടാം വിവാഹം. ആദ്യ ഭാര്യയുമായുള്ള വിവാഹ മോചന കേസ് നടക്കുന്നതിനിടെയായിരുന്നു ഇത്. നാലു വര്‍ഷത്തിനു ശേഷം ഔരൂരിയ ജില്ലയില്‍ നിന്നു കതേരിയ മൂന്നാം വിവാഹം കഴിച്ചു. രണ്ടാം ഭാര്യയുമായുള്ള വിവാഹ മോചന കേസും ഇതിനിടെ കോടതിയില്‍ എത്തി. എന്നാല്‍ വിധി വരും മുമ്പായിരുന്നു പുതിയ വിവാഹം.
മൂന്നാം ഭാര്യയുടെ കസിനെയാണ് കതേരിയ പിന്നെ വിവാഹം ചെയ്തത്. ഭര്‍ത്താവിന്റെ മുന്‍ വിവാഹങ്ങളെക്കുറിച്ച് അറിഞ്ഞ ഈ പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. 2019ല്‍ ഇയാള്‍ അഞ്ചാമത്തെ കല്യാണം കഴിച്ചു. മുന്‍ വിവാഹങ്ങളെക്കുറിച്ച് അറിയിക്കാതെയായിരുന്നു ഇതും. ഗാര്‍ഹിക പീഡനത്തിന് അഞ്ചാം ഭാര്യ നല്‍കിയ പരാതിയിലെ അന്വേഷണമാണ് കതേരിയയുടെ തട്ടിപ്പുകള്‍ പുറത്തുകൊണ്ടുവന്നത്.
മാട്രിമോണിയല്‍ സൈറ്റുകള്‍ വഴിയാണ് ഇയാള്‍ പെണ്‍കുട്ടികളെ കണ്ടെത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ലക്കി പാണ്ഡേ എന്ന പേരിലാണ് പെണ്‍കുട്ടികളെ പരിചയപ്പെട്ടിരുന്നത്. സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപനാണെന്നായിരുന്നു അവകാശവാദം. ചിലരോട് ബിസനസുകാരനാണെന്നും പറഞ്ഞിട്ടുണ്ട്.
ഷാജഹാന്‍പുരില്‍ ഇയാള്‍ക്ക് ഒരു ആശ്രമം ഉണ്ട്. പരിചയപ്പെടുന്ന പെണ്‍കുട്ടികളെ ഇവിടേക്കു വിളിച്ചുവരുത്തും. ഇവിടത്തെ പ്രവര്‍ത്തനങ്ങള്‍ അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.