നെടുമങ്ങാട്: നെടുമങ്ങാട് നഗരസഭയുടെ പൊതുശ്മശാനമായ കല്ലമ്പാറ ശാന്തിതീരത്തിലെ ഗ്യാസ് ഫര്‍ണറില്‍ ശവസംസ്‌കാരത്തിനിടെ തീ ആളിപ്പടര്‍ന്ന് ബന്ധുക്കള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പൊള്ളലേറ്റു. നഗരസഭ ജീവനക്കാരനായ റൊമേഷിനാണ് ഗുരുതര പൊള്ളലേറ്റത്. സംസ്‌കാരചടങ്ങുകള്‍ക്കെത്തിയ നാലുപേര്‍ക്കും കാര്യമായ പരിക്കുകളും പൊള്ളലുമുണ്ട്.
വെള്ളിയാഴ്ച വൈകീട്ടോടെ ശാന്തിതീരത്തില്‍ സംസ്‌കാരത്തിനെത്തിച്ച കല്ലയം സ്വദേശി രാമചന്ദ്രന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അന്ത്യോപചാരച്ചടങ്ങുകള്‍ കഴിഞ്ഞ് ബന്ധുക്കള്‍ പുറത്തേക്കിറങ്ങി. മൃതശരീരം ഗ്യാസ് അടുപ്പിലേക്ക് മാറ്റിയശേഷം ജീവനക്കാര്‍ ഗ്യാസ് പ്രവര്‍ത്തിപ്പിച്ചത്തോടെയാണ് ഗ്യാസ് ലീക്കായി തീ ആളിപ്പടര്‍ന്നത്. ഈ സമയം ജീവനക്കാരനായ റൊമേഷാണ് അടുത്തുണ്ടായിരുന്നത്. അതിനാലാണ് ഇദ്ദേഹത്തിന്റെ പൊള്ളല്‍ ഗുരുതരമായത്. ഉടന്‍തന്നെ ശ്മശാനത്തിന്റെ പ്രവര്‍ത്തനം കുറച്ചുസമയത്തേക്ക് നിര്‍ത്തിവെച്ചു. പൊള്ളലേറ്റ അഞ്ചുപേരേയും ആശുപത്രിയിലേക്ക് മാറ്റി. പിന്നീടാണ് സംസ്‌കാരചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്.
പൊതുശ്മശാനത്തിലെ ഗ്യാസ് സംവിധാനത്തില്‍ തകരാര്‍ ഉണ്ടോയെന്ന് അടുത്തദിവസം കമ്പനിയുടെ സാങ്കേതികവിദഗ്ധരെത്തി പരിശോധിക്കുമെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു. സംസ്‌കാരത്തിന് രണ്ട് യൂണിറ്റുകള്‍ ഉള്ളതിനാല്‍ ശാന്തിതീരത്തില്‍ ശവസംസ്‌കാരചടങ്ങുകള്‍ നിര്‍ത്തിവെക്കില്ല. ഇവിടത്തെ ജീവനക്കാരില്‍ ചിലര്‍ക്ക് കൊവിഡ് ബാധിച്ചതിനാല്‍ പകരം ചുമതല നല്‍കിയവരായിരുന്നു സംസ്‌കാരം നിര്‍വഹിച്ചിരുന്നത്.