NationalNews

അഞ്ച് ഹൈക്കോടതി ജ‌ഡ്‌ജിമാർ സുപ്രീംകോടതിയിലേക്ക്;ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ ഗുവഹാത്തിയിലേക്ക് ഹൈക്കോടതി ശുപാർശ ചെയ്‌ത് കൊളീജിയം

ന്യൂഡൽഹി: അഞ്ച് ഹൈക്കോടതി ജ‌ഡ്‌ജിമാരെ സുപ്രീംകോടതിയിലേക്ക് ശുപാർശ ചെയ്‌ത് സുപ്രീംകോടതി കൊളീജിയം. ചീഫ് ‌ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള‌ള കൊളീജിയം ശുപാർശ ചെയ്‌ത ജഡ്‌ജിമാർ ഇവരാണ്. രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് പങ്കജ് മിത്തൽ, പട്‌ന ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസ് സഞ്ജയ് കരോൾ, മണിപ്പൂർ ഹൈക്കോടതി ജസ്‌റ്റിസ് പി.വി സഞ്ജയ് കുമാർ, പട്‌ന ഹൈക്കോടതിയിലെ തന്നെ ജ‌ഡ്‌ജിയായ അഹ്‌സാനുദ്ദീൻ അമാനുള‌ള, അലഹബാദ് ഹൈക്കോടതി ജ‌ഡ്ജി മനോജ് മിശ്ര എന്നിവരെയാണ് ശുപാർശ ചെയ്‌തത്.

ജസ്‌റ്റിസ് ദീപാങ്കർ ദത്തയെ കഴിഞ്ഞദിവസമാണ് സുപ്രീംകോടതി ജഡ്ജിയായി തിരഞ്ഞെടുത്തത്. ജസ്‌റ്റിസ് ദത്തയുടെ പേര് അംഗീകരിക്കും വരെ മറ്റ് ജഡ്‌ജിമാരുടെ പേരുകൾ കേന്ദ്ര സർക്കാരിന് ശുപാർശ ചെയ്യേണ്ടെന്നാണ് കൊളീജിയം മുൻപ് തീരുമാനിച്ചതെന്നാണ് വിവരം. ദീപാങ്കർ ദത്ത നിയമിക്കപ്പെട്ടതോടെയാണ് ഇന്ന് ഇവരെ ശുപാർശ ചെയ്‌തത്.

മുൻ ചീഫ് ജസ്‌റ്റിസ് യു.യു ലളിതിന്റെ സമയത്താണ് ജസ്‌റ്റിസ് ദത്തയെ നിയമിക്കാൻ കൊളീജിയം ശുപാർശ നൽകിയത്. ആറ് ഒഴിവുകളാണ് നിലവിൽ സുപ്രീംകോടതിയിലുള‌ളത്. നിലവിലെ ശുപാർശകൾ കേന്ദ്രം അതേപടി അംഗീകരിച്ചാൽ കോടതിയിൽ ജഡ്‌ജിമാരുടെ എണ്ണം 33 ആകും.

കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനെ ഗുവാഹാട്ടി ഹൈക്കോടതി ജഡ്ജിയായി സ്ഥലം മാറ്റാന്‍ സുപ്രീംകോടതി കൊളീജിയം കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.ഗുവാഹാട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് വിനോദ് ചന്ദ്രനെ ജനുവരിയില്‍ നിയമിച്ചേക്കും.

നിലവില്‍ ഗുവാഹാട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയ ആര്‍.എം. ഛായ അടുത്ത വര്‍ഷം ജനുവരി പതിനൊന്നിന് വിരമിക്കും. കൊളീജിയം നൽകിയ ശുപാർശയ്ക്ക് അംഗീകാരം ലഭിച്ച് ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ ഗുവാഹാട്ടി ഹൈക്കോടതിയിലെത്തിയാൽ അടുത്ത ചീഫ് ജസ്റ്റിസ് ആയി അദ്ദേഹമായിരിക്കും ചുമതലയേൽക്കുകയെന്ന് സുപ്രീംകോടതി വൃത്തങ്ങള്‍ വ്യക്തമാക്കി.

ജസ്റ്റിസ് വിനോദ് ചന്ദ്രനെ ബോംബെ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാന്‍ നേരത്തെ സുപ്രീംകോടതി കൊളീജിയം കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. ഈ ശുപാര്‍ശ കേന്ദ്ര നിയമമന്ത്രാലയം മടക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കൊളീജിയം പുതിയ ശുപാര്‍ശ കൈമാറിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button