വാളയാറിലെ ആള്‍ക്കൂട്ട കൊലപാതകം; സ്ത്രീകളും ഉള്‍പ്പെട്ടതായി സൂചന; അഞ്ചുപേര്‍ അറസ്റ്റില്‍

വാളയാർ: പാലക്കാട്ട് വാളയാറിൽ അതിഥി തൊഴിലാളി ആൾക്കൂട്ട മർദനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സ്ത്രീകളും ഉൾപ്പെട്ടതായി സൂചന. ഛത്തീസ്ഗഢ് സ്വദേശി രാംനാരായണൻ (31) ആണ് കൊല്ലപ്പെട്ടത്. ഇയാളെ മർദിക്കുന്ന വീഡിയോകളിൽനിന്നാണ് സംഭവത്തിൽ സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ട് എന്ന സംശയത്തിൽ പോലീസ് എത്തിയിരിക്കുന്നത്. ബുധനാഴ്ച വാളയാർ അട്ടപ്പള്ളത്താണ് കേസിനാസ്പദമായ സംഭവം നടന്നത്.

പതിനഞ്ചോളം പേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം. കേസുമായി ബന്ധപ്പെട്ട് അഞ്ചുപേരെയാണ് പോലീസ് ആദ്യഘട്ടത്തിൽ അറസ്റ്റ് ചെയ്തിട്ടുള്ളത്. അട്ടപ്പള്ളം മഹാളിക്കാട് സ്വദേശികളായ സി. പ്രസാദ് (34), സി. മുരളി (38), കിഴക്കേ അട്ടപ്പള്ളം സ്വദേശികളായ കെ. ബിബിൻ (30), അനന്തൻ (55), അട്ടപ്പള്ളം കല്ലങ്കാട് എ. അനു (38) എന്നിവരാണ് അറസ്റ്റിലായത്. ഇവർ റിമാൻഡിലാണ്.

വാളയാർ പോലീസ് അന്വേഷിച്ചുതുടങ്ങിയ കേസ് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചിന് കൈമാറി. രാംനാരായണിനെ മർദിക്കുന്ന വീഡിയോകളിൽനിന്നും ചിത്രങ്ങളിൽനിന്നും തിരിച്ചറിയാൻ കഴിഞ്ഞ അഞ്ചുപേരെയാണ് പോലീസ് ഇപ്പോൾ അറസ്റ്റുചെയ്തിട്ടുള്ളത്. പ്രാദേശിക വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലടക്കം പങ്കുവെക്കപ്പെട്ട വീഡിയോകൾ അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്.

ഈ പരിശോധനയിലാണ് സംഭവത്തിൽ സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ട് എന്ന സംശയം പോലീസിന് ഉണ്ടായിരിക്കുന്നത്. അതിനെപ്പറ്റിയും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മർദനത്തിൽ സ്ത്രീകളും പങ്കെടുത്തുവോ എന്നതിൽ വ്യക്തതയില്ലെങ്കിലും സംഭവസമയത്ത് സ്ത്രീകളുടെ സാന്നിധ്യം അവിടെ ഉണ്ടായിരുന്നതായി പോലീസ് ചൂണ്ടിക്കാട്ടുന്നു. ആരൊക്കെയാണ് രാംനാരായണിനെ മർദിച്ചത് എന്നത് ഇപ്പോഴും വ്യക്തമല്ല.

ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇപ്പോൾ ഈ കേസ് അന്വേഷിച്ചുവരുന്നത്. രാംനാരായണിന്റെ ഭാര്യയും മക്കളും ഞായറാഴ്ച കേരളത്തിൽ എത്തുമെന്നാണ് സൂചന. അവർ എത്തിയ ശേഷമായിരിക്കും മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തിൽ തീരുമാനം എടുക്കുക. നിലവിൽ തൃശ്ശൂർ മെഡിക്കൽ കോളേജിലാണ് രാംനാരായണിന്റെ മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News