പഴകിയ മത്സ്യം ഒഴുകുന്നു, മീന്‍ വിലക്കയറ്റം മുതലെടുക്കാന്‍ കച്ചവടക്കാര്‍
കൊല്ലം: ട്രോളിംഗ് നിരോധന കാലമെത്തിയതോടെ സംസ്ഥാനത്ത് മീനുകള്‍ക്ക് തീപിടിച്ച വിലയാണ്. മലയാളിയുടെ ഇഷ്ട മീനായ മത്തി ലഭിയ്ക്കണമെങ്കില്‍ കിലോഗ്രാമിന് 240 രൂപ മുതല്‍ 300 രൂപ മുടക്കണം.അയല,കൊഴുവ തുടങ്ങിയ മീനുകളുടെ അവസ്ഥയും വിഭിന്നമല്ല.
വിലക്കയറ്റക്കാലം മുതലെടുക്കാന്‍ കച്ചവടക്കാര്‍ ശ്രമിയ്ക്കുന്നു എന്ന തെളിവുകളാണ് ഇന്ന് കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ ലഭിച്ചത്.ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് ട്രയിന്‍മാര്‍ഗം രാസപദാര്‍ത്ഥങ്ങള്‍ കലര്‍ത്തിയ മത്സ്യം എത്തിയ്ക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
റയില്‍വേ അധികൃതരുടെ കൂടെ സഹായത്തോടെ മാവേലി എക്‌സ്പ്രസ്,ചെന്നൈ മെയില്‍ ട്രെയിനുകളിലാണ് പരിശോധന നടത്തിയത്.മാവേലി എക്‌സ്പ്രസില്‍ എറണാകുളത്തു നിന്നും എത്തിച്ച ബോക്‌സുകളില്‍ പഴക്കം ചെന്ന ചൂര പിടികൂടി.മറ്റു ബോക്‌സുകളിലും ദിവസങ്ങളോളം പഴക്കമുള്ള മത്സ്യങ്ങളുണ്ടായിരുന്നു.സ്ട്രിപ്പ് ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ മീനുകളില്‍ അമോണിയയുടെയോ ഫോര്‍മലിന്റെയോ സാന്നിദ്ധ്യം കണ്ടെത്തിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.സാമ്പിളുകള്‍ വിശദമായ പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചു.ലാബില്‍ നിന്നുള്ള ഫലം വന്ന ശേഷം മാത്രമേ മീന്‍ വില്‍ക്കാവു എന്ന് കൊല്ലത്തെ മത്സ്യ കച്ചവടക്കാര്‍ക്ക് ഭക്ഷ്യസുരക്ഷാ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ട്രോളിംഗ് നിരോധനം ആരംഭിച്ചതോടെ ആന്ധ്രപ്രദേശ് അടക്കമുള്ള ഇടങ്ങളില്‍ നിന്നായി വന്‍തോതിലാണ് ട്രെയിനിലും മറ്റുമാര്‍ഗങ്ങളിലുമായി മീനുകള്‍ സംസ്ഥാനത്തെത്തുന്നത്. ഇവയില്‍ പലതും ആഴ്ചകള്‍ക്ക് മുമ്പ് പിടിച്ചെടുത്തവയുമാണ്.പരിശോധകരുടെ കണ്ണില്‍പ്പെടാത്ത വിധം പുതിയ രാസപദാര്‍ത്ഥങ്ങളാവും കച്ചവടക്കാര്‍ ഉപയോഗിയ്ക്കുന്നതെന്നാണ് സൂചന.