തിരൂർ: ട്രോളിംഗ് നിരോധനമൊക്കെ കഴിഞ്ഞ് മത്സ്യത്താെഴിലാളികളെല്ലാം കടലിൽ പോയി തുടങ്ങി. കഴിഞ്ഞ ദിവസം കടലിൽ പോയ മിക്ക ആളുകൾക്കും വള്ളം നിറയെ മത്തി ലഭിച്ചു. വലയെറിഞ്ഞ് കയറ്റുന്തോറും വലയിൽ നിറയെ മത്തി. ഒട്ടു മിക്ക ബോട്ടകാർക്കും വലനിറയെ മത്തി കിട്ടി. അയലയും കിളിമീനും ചെമ്മീനുമൊക്കെ ലഭിച്ചവരും ഉണ്ട്. ഹാർബറുകളിലും തീരങ്ങളിലും മീൻ ഇറക്കി മീൻ വിറ്റ് പിറ്റേന്ന് നേരം വെളുക്കാനായപ്പോഴാണ് തൊഴിലാളികളിൽ പലരും തിരിച്ച് പോയത്.
ട്രോളിംഗ് നിരോധനമുണ്ടായിരുന്ന കാലത്ത് കടം വാങ്ങിയൊക്കെ ജീവിച്ച തൊഴിലാളികൾ ചാകര വലിയ ആശ്വാസമായി. ഇതുപോലെ തന്നെ ഇനിയുള്ള ദിവസം ചാകര ലഭിച്ചാൽ കഷ്ടപ്പാടൊക്കെ തീർന്ന് സാധരണനിലയിൽ നിലയിലാവും. നാല് ദിവസം മുൻപാണ് ട്രോളിംഗ് നിരോധനം കഴിഞ്ഞ് മത്സ്യത്തൊഴിലാളികൾ കടലിലേക്ക് പോവാൻ തുടങ്ങിയത്.
ആദ്യ ദിവസം തന്നെ ബോട്ട് നിറയെ മീനുമായി എത്തിയതോടെ മീനിന്റെ വിലയും കുറഞ്ഞു. 260 രൂപ വരെ ഉയർന്ന് നിന്നരുന്ന മത്തി വില 140 വരെയെത്തി. കഴിഞ്ഞ ദിവസം വിപണിയിൽ 140 വരെയാണ്. ശരാശരി വലിപ്പമുള്ള അയലക്ക് 100 രൂപയാണ് വില. നത്തോലിക്ക് ഒന്നര കിലോ 100 രൂപയാണ്, ചെറിയ മത്തിക്ക് ഒന്നര കിലോക്ക് 100 രൂപയാണ്. കിളി മീന് 160 രൂപയാണ് എന്നിങ്ങനെയാണ് മീനുകളുടെ വില.
അതേസമയം കോരയ്ക്ക് വിലയിടിഞ്ഞു. കോര മത്സ്യം ധാരാളം ലഭിച്ചതോടെയാണ് ഒറ്റ ദിവസം കൊണ്ട് തന്നെ കോരയുടെ വില കുത്തനെ ഇടിഞ്ഞത്. ഒരു കൊട്ട മീനിന് 2600 രൂപയിൽ തുടങ്ങി 1200 രൂപയിലേക്ക് കുറഞ്ഞു. കിലോയ്ക്ക് 40 രൂപയിലും താഴെയായിരുന്നു. പൊന്നാനിയിൽ ട്രോളിങ് നിരോധനം കഴിഞ്ഞ് മീൻ പിടിക്കാൻ പോയ മുഴുവൻ ബോട്ടുകാർക്കും കോരയാണു കിട്ടിയത്. ചിലർക്ക് അമൂറും കിട്ടിയിട്ടുണ്ട്. ഇതിനും വില കുറഞ്ഞു. 1500 രൂപയാണ് ഒരു കൊട്ടയക്ക്.