EntertainmentKeralaNews

ഇന്ത്യയിലെ ആദ്യ ഉടമ; പുതിയ റേഞ്ച് റോവർ സ്‌പോർട്ട് സ്വന്തമാക്കി ടൊവിനോ

കൊച്ചി:വെള്ളിത്തിരയില്‍ മിന്നല്‍ മുരളി പോലെ വ്യത്യസ്തമായ വേഷങ്ങളില്‍ തിളങ്ങിയ മലയാളത്തിന്റെ യുവതാരമാണ് ടൊവിനോ തോമസ്. മലയാളത്തിന് സ്വന്തമായി ഒരു സൂപ്പര്‍ ഹീറോയെ സമ്മാനിച്ച താരം തന്റെ ഗ്യാരേജിലേക്ക് ഇന്ത്യയിലെ ആദ്യത്തെ 2023 ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് എത്തിച്ചിരിക്കുകയാണ്. ഈ വാഹനത്തിന്റെ ഡൈനാമിക് എച്ച്.എസ്.ഇയാണ് ടൊവിനോയുടെ വാഹന ശേഖരത്തിലെത്തിയ ഏറ്റവും പുതിയ അതിഥി.

അടുത്തിടെ മാത്രം വിപണിയില്‍ അവതരിപ്പിച്ച ഈ വാഹനത്തിന്റെ ഇന്ത്യയിലെ ആദ്യ യൂണിറ്റാണ് ടൊവിനോ സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം 1.71 കോടി രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. രണ്ട് കോടി രൂപയുടെ മുകളിലായിരിക്കും ഈ വാഹനത്തിന്റെ ഓണ്‍റോഡ് വിലയെന്നാണ് സൂചന. മലയാള സിനിമ പ്രൊഡ്യൂസര്‍ ലിസ്റ്റിന്‍ സ്റ്റീഫനും കഴിഞ്ഞ ദിവസം ആ വാഹനം സ്വന്തമാക്കിയിരുന്നു.

പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയില്‍ എത്തുന്ന ഈ വാഹനത്തിന് 3.0 ലിറ്റര്‍ ആറ് സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് കരുത്തേകുന്നത്. ഇത് 350 ബി.എച്ച്.പി. പവറും 700 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഈ വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. കേവലം 5.9 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ശേഷിയുള്ള ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 234 കിലോമീറ്ററാണ്.

പെട്രോള്‍ എന്‍ജിനിലും റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് ഇന്ത്യയില്‍ എത്തിക്കുന്നുണ്ട്. പി400 പെട്രോള്‍ എന്‍ജിനാണ് ഈ മോഡലില്‍ കരുത്തേകുന്നത്. ഇത് 400 ബി.എച്ച്.പി. പവറും 550 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഈ മോഡലിനൊപ്പവും എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് നല്‍കിയിട്ടുള്ളത്. ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനം, എയര്‍ സസ്‌പെന്‍ഷന്‍ തുടങ്ങിയവ റേഞ്ച് റോവര്‍ സ്‌പോര്‍ട്ടില്‍ അടിസ്ഥാന ഫീച്ചറായി നല്‍കുന്നുണ്ട്.

റേഞ്ച് റോവര്‍ എസ്.യു.വികളുടെ സിഗ്‌നേച്ചര്‍ ഡിസൈന്‍ ശൈലി നിലനിര്‍ത്തി അകത്തളത്തില്‍ നിരവധി ഫീച്ചറുകള്‍ നല്‍കിയാണ് ഈ വാഹനം എത്തിയിരിക്കുന്നത്. വാഹനത്തിനുള്ളിലെ എയര്‍ കൂടുതല്‍ ശുദ്ധമാക്കുന്നതിനുള്ള ക്യാബിന്‍ എയര്‍ അയണൈസേഷന്‍, ക്ലിയര്‍സൈറ്റ് റിയര്‍വ്യൂ മിറര്‍, പിവി പ്രോ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയ്ക്കൊപ്പം ദീര്‍ഘദൂര യാത്രകള്‍ ഏറെ കംഫര്‍ട്ടബിള്‍ ആക്കുന്നതിന് ഹീറ്റഡ് സീറ്റുകളും ഹോട്ട്സ്റ്റോണ്‍ മസാജ് സീറ്റുകളുമാണ് ഈ വാഹനത്തിന്റെ സവിശേഷത.

900 എം.എം. വാട്ടര്‍ വാഡിങ്ങ് കപ്പാസിറ്റിയും 281 എം.എം. വരുന്ന ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും ഈ വാഹനത്തിന്റെ ഹൈലൈറ്റുകളില്‍ പ്രധാനമാണ്. ഇതിനൊപ്പം റോഡുകളിലും ഓഫ് റോഡുകളിലും മികച്ച പ്രകടനം ഉറപ്പാക്കുന്നതിനായി ഓള്‍ ടെറൈന്‍ പ്രോഗ്രസ് കണ്‍ട്രോള്‍, ഓഫ് റോഡ് ട്രാക്ഷന്‍ കണ്‍ട്രോള്‍, ഓണ്‍ ആന്‍ഡ് ഓഫ് റോഡ് ഡ്രൈവ് മോഡലുകള്‍ തുടങ്ങിയ നിരവധി സംവിധാനങ്ങളിലും റേഞ്ച് റോവര്‍ സ്പോര്‍ട്ടില്‍ നിര്‍മാതാക്കള്‍ ഉറപ്പാക്കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button