FeaturedNationalNews

ഇന്ത്യയിൽ ആദ്യ ഒമിക്രോൺ മരണം, രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്നു

ന്യൂഡൽഹി: ഇന്ത്യയിൽ ആദ്യത്തെ ഒമിക്രോൺ മരണം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ (Maharashtra) പിംപ്രി-ചിന്ച്ച്വാദിലാണ് ആണ് ഒമിക്രോൺ ബാധിതൻ മരിച്ചത്. നൈജീരിയയിൽ (Nigeria)  നിന്നെത്തിയ 52കാരൻ ഈ മാസം 28 നാണ് മരിച്ചത്. സാമ്പിൾ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. 

അതേസമയം, രാജ്യത്തെ കൊവിഡ് കേസുകളിലെ കുതിപ്പ് ഒമിക്രോണ്‍ മൂലമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒമിക്രോണ്‍ വ്യാപനത്തിന്‍റെ കൂടി പശ്ചാത്തലത്തില്‍  ദില്ലിക്കും ഏഴ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം വീണ്ടും ജാഗ്രത നിര്‍ദ്ദേശം നല്‍കി. ദില്ലിയില്‍ സാമൂഹിക വ്യാപന സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. 

ഒമിക്രോണ്‍ ആദ്യം സ്ഥിരീകരിച്ച  ദക്ഷിണാഫ്രിക്കയില്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളില്‍ 96 ശതമാനവും ഒമിക്രോണാണ്. വ്യാപന തീവ്രത കൂടിയ വകഭേദം രാജ്യത്തും കൂടുല്‍ സ്ഥിരീകരിക്കുന്നതോടെ കൊവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്.  പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം  പതിമൂവായിരത്തി ഒരുനൂറ്റി അന്‍പത്തിനാലില്‍ എത്തിയിരിക്കുന്നത് ഇതിന്‍റെ സൂചനയാണ്.

ഒമിക്രോണിനൊപ്പം ഡല്‍റ്റയും ഭീഷണിയാകുമ്പോള്‍ 8 ജില്ലകളില്‍ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് മുകളിലും, പതിനാല് ജില്ലകളില്‍ അഞ്ചിനും പത്തിനും ഇടയ്ക്കുമാണ്. തിങ്കളാഴ്ച രാജ്യത്ത് അഞ്ഞൂറ് കടന്ന ഒമിക്രോണ്‍ ബാധിതരുടെ എണ്ണം രണ്ട് ദിവസം കൊണ്ടാണ് ആയിരത്തിനടുത്ത് എത്തിയിരിക്കുന്നത്. 

263 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ച ദില്ലിയാണ് പട്ടികയില്‍ ഒന്നാമത്. ദില്ലിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളില്‍ 46 ശതമാനവും ഒമിക്രോണ്‍ വകഭേദമാണ്. വിദേശയാത്ര പശ്ചാത്തലമില്ലാത്തവര്‍ക്കും ഒമിക്രോണ്‍ ബാധിക്കുന്ന സാഹചര്യത്തിലാണ്  സമൂഹവ്യാപന സാധ്യതയെ സര്‍ക്കാരും ശരിവയ്ക്കുന്നത്.

ദില്ലിക്കൊപ്പം  മഹാരാഷട്ര, പശ്ചിമബംഗാള്, തമിഴ്നാട്, ഗുജറാത്ത്, കര്‍ണ്ണാടക, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങള്‍ക്കാണ്  ജാഗ്രത നിര്‍ദ്ദേശവുമായി കേന്ദ്ര ആരോഗ്യ സെക്രട്ടറി വീണ്ടും കത്തയച്ചിരിക്കുന്നത്. ആശുപത്രികളിലെ സൗകര്യം കൂട്ടണമെന്നും, ഓക്സിജന്‍ ലഭ്യതയടക്കം ഉറപ്പ് വരുത്തണമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പുകളെ ഗൗരവത്തോടെ കാണമെന്ന് നിര്‍ദ്ദേശിച്ച ആരോഗ്യമന്ത്രാലയം ഒമിക്രോണ്‍ നിര്‍ദ്ദേശം എല്ലാവരും പാലിക്കണമെന്ന് പ്രധാനമന്ത്രിയുടേതടക്കമുള്ള തെരഞ്ഞെടുപ്പ് റാലികള്‍ നടക്കുന്നത് ചൂണ്ടിക്കാട്ടിയപ്പോള്‍ പ്രതികരിച്ചു.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button