മലപ്പുറം: സംസ്ഥാനത്ത് പുതുതായി ആരംഭിച്ച സബ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളില്‍ ഏറ്റവും ഒടുവില്‍ ഉദ്ഘാടനം ചെയ്ത കൊണ്ടോട്ടി സബ് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ നിന്നു ആദ്യ നമ്പര്‍ ലേലത്തില്‍ പോയത് ഒമ്പതു ലക്ഷത്തി ആയിരം രൂപക്ക്. ഘാനയില്‍ ബിസിനസുകാരനായ കൊണ്ടോട്ടി കാളോത്ത് സ്വദേശി നെണ്ടോളി മുഹമ്മദ് റഫീഖാണ് ആദ്യ നമ്പര്‍ സ്വന്തമാക്കിയത്.
ഒരു കോടിക്ക് മുകളില്‍ വിലവരുന്ന ആഡംബര കാര്‍ മെഴ്സിഡസ് ബെന്‍സ് കൂപെ വാഹനത്തിനുവേണ്ടയാണ് കെ.എല്‍-84-0001 എന്ന ആദ്യ ഫാന്‍സി നമ്പര്‍ ലേലത്തിലൂടെ സ്വന്തമാക്കിയത്. രണ്ടു പേരാണ് ഈ നമ്പറിനുവേണ്ടി ഓണ്‍ലൈന്‍ ലേലത്തില്‍ പങ്കെടുത്തിരുന്നത്. ഒരു ലക്ഷത്തില്‍ തുടങ്ങിയ ലേലം ഒമ്പതു ലക്ഷത്തിലാണ് അവസാനിച്ചത്. മെഴ്സിഡസ് ബെന്‍സിന്റെ പുതിയ മോഡല്‍ കാറായ എഎംജി ജിഎല്‍ഇ 53 കൂപെ കാറാണ് കെ.എല്‍-84 0001 ആയി കൊണ്ടോട്ടിയില്‍ രജിസ്റ്റര്‍ ചെയ്യുക.
വാഹനത്തിന് 25 ലക്ഷം രൂപ റോഡ് ടാക്സും ഇതുവഴി സര്‍ക്കാരിനു ലഭിച്ചിട്ടുണ്ട്. റാഫ്‌മോ ഗ്രൂപ്പ് ഓഫ് കമ്ബനീസ് എംഡിയാണ് റഫീഖ്. കഴിഞ്ഞ മാസം ഒമ്ബതിനാണ് റഫീഖ് കാര്‍ വാങ്ങിയത്. ഇപ്പോള്‍ വിദേശത്തുള്ള റഫീഖിന് വേണ്ടി മരുമകന്‍ ഷംസീര്‍ സി.എം ആണ് കാര്‍ വാങ്ങിയതും രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതും. മെഴ്സിഡസ് ബെന്‍സിന്റെ പുതിയ മോഡല്‍ കാറായ എഎംജി ജിഎല്‍ഇ 53 കൂപെ കേരളത്തില്‍ ആദ്യമായി സ്വന്തമാക്കിയത് റഫീഖ് ആയിരുന്നു. കഴിഞ്ഞ മാസം 27നാണ് മുസ്ലിയാരങ്ങാടിയില്‍ കൊണ്ടോട്ടി സബ് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചത്.