പൂനെ: കൊവിഡ് വാക്‌സിന്‍ കോവിഷീല്‍ഡിന്റെ ആദ്യ ലോഡ് ഇന്ന് പുലര്‍ച്ചെ പൂനെയില്‍ നിന്ന് പുറപ്പെട്ടു. താപനില ക്രമീകരിച്ച ട്രക്കുകളിലാണ് വിമാനത്താവളത്തിലേക്ക് കൊണ്ടുപോയത്. സിറം ഇന്റസ്റ്റിറ്റിയൂട്ടില്‍ പ്രത്യേക പൂജകള്‍ക്ക് ശേഷമാണ് ട്രക്കുകള്‍ പുറപ്പെട്ടത്. ഡല്‍ഹി, ചെന്നൈ, ബംഗളൂരൂ, ഗോഹട്ടി ഉള്‍പ്പെടെ 13 കേന്ദ്രങ്ങളിലെത്തിക്കും.
കോവിഷീല്‍ഡ് വാങ്ങാന്‍ പൂനെയിലെ സീറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി കേന്ദ്ര സര്‍ക്കാര്‍ കരാറുണ്ടാക്കിയിരുന്നു. ഒരു ഡോസിന് 200 രൂപ എന്ന നിരക്കിലാണ് സര്‍ക്കാര്‍ മരുന്നു വാങ്ങുന്നത്. ജിഎസ്ടി ഉള്‍പ്പടെ 210 രൂപയാകും. സ്വകാര്യ വിപണിയില്‍ ഇതിന് വില ഒരു ഡോസിന് ആയിരം രൂപയാകുമെന്നു സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ അഡാര്‍ പൂനാവാല അറിയിച്ചിരുന്നു.
ആദ്യഘട്ടത്തില്‍ 1.1 കോടി ഡോസ് ആണു സര്‍ക്കാര്‍ സംഭരിക്കുന്നത്. അടുത്ത ആഴ്ചകളില്‍ സംഭരണശേഷി വര്‍ധിപ്പിക്കും. പൂന ആസ്ഥാനമായുള്ള ശീതീകരണ ശൃംഖല കൂള്‍-ലെസ് കോള്‍ഡ് ചെയിന്‍ ലിമിറ്റഡുമായി സഹകരിച്ചാണ് സിറം ഇന്റസ്റ്റിറ്റിയൂട്ട് സര്‍ക്കാര്‍ സംഭരണ കേന്ദ്രങ്ങളില്‍ മരുന്ന് എത്തിക്കുന്നത്.
കൊവിഡ് വാക്‌സിന്‍ വിതരണത്തിന്റെ ആദ്യ ഘട്ടത്തില്‍ മൂന്നു കോടി മുന്‍നിര പ്രവര്‍ത്തകര്‍ക്കു മരുന്ന് വിതരണം ചെയ്യാനുള്ള മുഴുവന്‍ ചെലവും കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നിവയുടെ വിതരണം ജനുവരി 16നാണ് ആരംഭിക്കുന്നത്.