ബംഗളൂരു ലഹരിമരുന്ന് കേസ്; വിവേക് ഒബ്‌റോയിയുടെ ഭാര്യാ സഹോദരന്‍ അറസ്റ്റില്‍
ചെന്നൈ: ബംഗളൂരു ലഹരിമരുന്ന് കേസിലെ മുഖ്യപ്രതിയും നടന്‍ വിവേക് ഒബ്‌റോയിയുടെ ഭാര്യാസഹോദരനുമായ ആദിത്യ ആല്‍വ അറസ്റ്റില്‍. ചെന്നൈയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍നിന്നു തിങ്കളാഴ്ച രാത്രിയോടെയാണ് അറസ്റ്റിലായത്.
കര്‍ണാടക ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട് സംവിധായകനായ ഇന്ദ്രജിത് ലങ്കേഷ് വെളിപ്പെടുത്തിയ പേരുകളില്‍ പ്രധാനിയാണ് ആദിത്യ ആല്‍വ. കേസില്‍ ആറാം പ്രതിയായ ആദിത്യ സെപ്റ്റംബര്‍ നാല് മുതല്‍ ഒളിവിലാണ്. കര്‍ണാടക മുന്‍ മന്ത്രി ജീവരാജ് ആല്‍വയുടെ മകനാണ് ആദിത്യ ആല്‍വ. ലഹരി പാര്‍ട്ടി സംഘടിപ്പിച്ചത് ഇയാളാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
കേസുമായി ബന്ധപ്പെട്ടു നടിമാരായ സഞ്ജന ഗല്‍റാണി, രാഗിണി ദ്വിവേദി എന്നിങ്ങനെ 12 പേരെ അറസ്റ്റ് ചെയ്തിരുന്നു. ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയില്‍ ലഹരിക്കടത്ത് ഉയര്‍ന്നുവന്നതിനെ തുടര്‍ന്നാണ് എന്‍സിബി കന്നഡ സിനിമാ ലോകത്തെ ലഹരി ഇടപാടുകളെക്കുറിച്ചും അന്വേഷിച്ചത്. കേസിലെ മറ്റൊരു പ്രതിയായ വിനയ് കുമാറിനെ കഴിഞ്ഞ മാസം അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.