ഹാങ്ചൗ: 2023 ഏഷ്യന്‍ ഗെയിംസില്‍ ആദ്യ സ്വര്‍ണം കരസ്ഥമാക്കി ഇന്ത്യ. ഷൂട്ടിങ്ങിലാണ് ഇന്ത്യയുടെ സ്വര്‍ണനേട്ടം. പുരുഷ വിഭാഗത്തില്‍ 10മീറ്റര്‍ എയര്‍ റൈഫിള്‍ ടീമിനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്.
ദിവ്യാന്‍ഷ് സിങ് പന്‍വര്‍, ഐശ്വര്യ പ്രതാപ് സിങ് തോമര്‍, രുദ്രാങ്കാഷ് പാട്ടീല്‍ എന്നിവരടങ്ങുന്ന ടീമാണ് സ്വര്‍ണം നേടിയത്. 10മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ ലോകറെക്കോഡോടെയാണ് ടീമിന്റെ പ്രകടനം. 1893.7 പോയന്റാണ് ഇന്ത്യന്‍ ടീം നേടിയത്.കൊറിയ രണ്ടാം സ്ഥാനവും ചൈന മൂന്നാം സ്ഥാനവുംകരസ്ഥമാക്കി.
ഏഷ്യൻ ഗെയിംസിൽ മെഡൽ കൊയ്ത്ത് തുടങ്ങി ഇന്ത്യ. ഷൂട്ടിംഗിലും തുഴച്ചിലിലും വെളളിമെഡലുകളാണ് നേടിയത്. 10 മീറ്റർ എയർ റൈഫിൾസിലാണ് ഇന്ത്യയുടെ മെഹുലി ഘോഷ്, ആഷി ചൗസ്കി, റമിത എന്നിവരടങ്ങിയ ടീമിന് വെളളി ലഭിച്ചത്. തുഴച്ചിലിൽ അർജുൻ ലാൽ, അരവിന്ദ് സഖ്യത്തിനാണ് വെള്ളി ലഭിച്ചത്. ലൈറ്റ് വെയിറ്റ് സ്കൾസ് വിഭാഗത്തിലാണ് ഇവരുടെ മെഡൽ നേട്ടം. ഷൂട്ടിംഗിൽ മെഹുലി ഘോഷും റമിതയും ഫൈനലിൽ എത്തിയിട്ടുണ്ട്. വനിതാ ക്രിക്കറ്റിലും ഇന്ത്യ ഫൈനലിൽ എത്തിയിട്ടുണ്ട്. ബംഗ്ളാദേശിനെയാണ് തോൽപ്പിച്ചത്. 10 മീറ്റർ എയർ റൈഫിൾസിലും തുഴച്ചിലിലും ചൈനയ്ക്കാണ് സ്വർണം.
വൻകരയുടെ കായിക വസന്തത്തിന്റെ വിസ്മയച്ചെപ്പ് തുറന്നാണ് ഹ്വാംഗ്ചോയിൽ 19-ാമത് ഏഷ്യൻ ഗെയിംസിന് തുടക്കമായത്.ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗ്, ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി തലവൻ തോമസ് ബാക്ക്, ഏഷ്യൻ ഒളിമ്പിക് കൗൺസിൽ ആക്ടിംഗ് പ്രസിഡന്റും ഇന്ത്യക്കാരനുമായ രാജാ രൺധീർ സിംഗ് തുടങ്ങിയവർ ചടങ്ങിൽ പങ്കാളികളായി. അരുണാചൽ പ്രദേശുകാരായ മൂന്ന് വുഷു താരങ്ങൾക്ക് വിസ നിഷേധിച്ചതിൽ പ്രതിഷേധിച്ച് കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂർ ചടങ്ങിനെത്തിയില്ല.
ഉദ്ഘാടനച്ചടങ്ങിലെ മാർച്ച് പാസ്റ്റിൽ പുരുഷ ഹോക്കി ടീം ക്യാപ്ടൻ ഹർമൻപ്രീത് സിംഗും ഒളിമ്പിക് വെങ്കലമെഡൽ ജേതാവായ വനിതാ ബോക്സർ ലവ്‌ലിന ബോർഗോ ഹെയ്നുമാണ് ഇന്ത്യൻ പതാകയേന്തിയത്. 652 പേരടങ്ങുന്ന ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ ഏറ്റവും വലിയ സംഘമാണ് ഹ്വാംഗ്ചോയിൽ എത്തിയിരിക്കുന്നത്.എട്ട് ചൈനീസ് ഒളിമ്പ്യന്മാർ ചേർന്നാണ് ഗെയിംസിന്റെ ദീപം ഡിജിറ്റലായി തെളിച്ചത്. ഇന്ന് മുതലാണ് സ്റ്റേഡിയങ്ങൾ പൂർണമായി സജീവമാകുന്നത്.
ഏഷ്യാ വൻകരയിലെ 45 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. 12,414 കായിക താരങ്ങൾ മാറ്റുരയ്ക്കുന്ന മത്സരങ്ങളിൽ 652 താരങ്ങളെയാണ് ഇന്ത്യ പങ്കെടുപ്പിക്കുന്നത്. 655 പേരെ തിരഞ്ഞെടുത്തെങ്കിലും മൂന്ന് വുഷു താരങ്ങൾക്ക് ചെെന വിസ നിഷേധിച്ചതിനാൽ അവർ എത്തിയിട്ടില്ല. ഏറ്റവും കൂടുതൽ ഇന്ത്യൻ താരങ്ങൾ പങ്കെടുക്കുന്ന ഏഷ്യൻ ഗെയിംസാണിത്.40 കായിക ഇനങ്ങളിലാണ് മത്സരങ്ങൾ. 481 മെഡൽ ഇവന്റുകളാണുള്ളത്.