അയോധ്യ: പ്രധാനമന്ത്രി ഉദ്ഘാടനംചെയ്ത അയോധ്യയിലെ മഹര്‍ഷി വാത്മീകി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ആദ്യ വിമാനം പറന്നുയര്‍ന്നു. ഉദ്ഘാടനം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് ഡല്‍ഹിയില്‍നിന്നും ഇന്‍ഡിഗോ വിമാനം യാത്രക്കാരുമായി പുറപ്പെട്ടത്. വിമാനം പറന്നുയരുന്നതിനുമുമ്പ് യാത്രക്കാരും ജീവനക്കാരും കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടു. കാവി കൊടികളുമായാണ് യാത്രികര്‍ വിമാനത്തില്‍കയറിയത്.
ടേക്ക് ഓഫിനുമുമ്പ് ക്യാപ്റ്റന്റെ പ്രത്യേക അനൗണ്‍സ്‌മെന്റും വിമാനത്തിലുണ്ടായിരുന്നു. ഇത്രയും പ്രധാനപ്പെട്ടൊരു സര്‍വ്വീസ് ഇന്‍ഡിഗോ തനിയ്ക്ക് കൈമാറിയതില്‍ അഭിമാനമുണ്ടെന്ന് ക്യാപ്റ്റന്‍ അഷ്‌തോഷ് ഷേഖര്‍ യാത്രക്കാരോട് പറഞ്ഞു. ഇന്‍ഡിഗോയ്ക്കും തനിയ്ക്കും ഒരുപോലെ സന്തോഷം നല്‍കുന്ന നിമിഷമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ജയ് ശ്രീറാം എന്നുപറഞ്ഞാണ് ക്യാപ്റ്റന്‍ തന്റെ സംസാരം അവസാനിപ്പിച്ചത്. യാത്രക്കാരും ഇത് ഏറ്റുവിളിച്ചു.
ശനിയാഴ്ച രാവിലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അയോധ്യയിലെ മഹര്‍ഷി വാത്മീകി അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. ആധുനിക സംവിധാനങ്ങളോടെ നവീകരിച്ച അയോധ്യാ ധാം ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. നിലവിലെ സ്റ്റേഷനുസമീപം ഒന്നാം ഘട്ടമായി നിര്‍മിച്ച പുതിയ സ്റ്റേഷനാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.
ചടങ്ങില്‍ ഇന്ത്യന്‍ റെയില്‍വേയുടെ പുതിയ കൂട്ടിച്ചേര്‍ക്കലുകളായ രണ്ട് അമൃത് ഭാരത് ട്രെയിനുകളും ആറ് വന്ദേഭാരത് എക്സ്പ്രസുകളും പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങിന് ഒരു മാസം ശേഷിക്കെയാണ് ഉദ്ഘാടനങ്ങള്‍ നടന്നത് എന്നതാണ് ശ്രദ്ധേയം.