നിലമ്പൂര്‍: ചോലനായ്ക്കരില്‍ നിന്നുള്ള ആദ്യ ജനപ്രതിനിധി നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം സി സുധീഷ് രാജിവെച്ചു. പോലീസില്‍ നിന്ന് നിയമം ലഭിച്ചതോടെയാണ് സുധീഷ് സ്ഥാനം ഒഴിഞ്ഞത്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തിലെത്തി ബി ഡി ഒ. കെ പി മുഹമ്മദ് മുഹ്‌സിന് രാജി നല്‍കി.
വനത്തോട് ചേര്‍ന്ന് കഴിയുന്ന വിഭാഗക്കാര്‍ക്കായി പിഎസ്‌സി നടത്തിയ പ്രത്യേക നിയമനത്തിലൂടെയാണ് സുധീഷിന് ജോലി ലഭിച്ചത്. റാങ്ക് പട്ടികയില്‍ രണ്ടാമതായിരുന്നു സുധീഷ്. നിയമനം ലഭിച്ചതോടെയാണ് പാര്‍ട്ടിയുടെ അനുമതിയോടെ രാജി സമര്‍പ്പിച്ചത്. രാജി ജില്ലാ ഭരണകൂടത്തിനും തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ച് കൊടുത്തതായും ബി ഡി ഒ അറിയിച്ചു.
ഈ കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് സുധീഷ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. വനത്തിനുള്ളിലെ അളയ്ക്കല്‍ കോളനിയിലെ അംഗമായ സുധീഷ് വഴിക്കടവ് ഡിവിഷനില്‍ നിന്നാണ് ജനവിധി തേടിയത്. തുടര്‍ന്ന് 1096 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചിരുന്നു.
ജോലി കിട്ടിയാല്‍ അത് തെരഞ്ഞെടുക്കുമെന്ന് സ്ഥാനാര്‍ഥിയാകുന്ന സമയത്ത് തന്നെ സുധീഷ് സി.പി.എം നേതൃത്വത്തെ അറിയിച്ചിരുന്നു. ആദിവാസി വിഭാഗത്തിന്റെയും ചോലനായ്ക്കരുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സുധീഷ് തിരഞ്ഞെടുപ്പ് ഗോദയിലെത്തുന്നത്.