FeaturedHome-bannerKeralaNews

എച്ച്3എൻ2 വൈറസ് ബാധ; ഇന്ത്യയില്‍ ആദ്യമായി മരണം,മരിച്ചത് 2 പേര്‍

ന്യൂഡൽഹി: എച്ച്3എൻ2 വൈറസ് മൂലമുണ്ടായ ഇൻഫ്ലുവൻസ ബാധിച്ചുള്ള മരണങ്ങൾ രാജ്യത്ത് ആദ്യമായി റിപ്പോർട്ട് ചെയ്തു. ഹരിയാന, കർണാടക സംസ്ഥാനങ്ങളിൽ ഓരോരുത്തർ വീതമാണു മരിച്ചതെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയിൽ ഇതുവരെ 90 പേർക്കാണ് എച്ച്3എൻ2 വൈറസ് ബാധയുണ്ടായത്. എച്ച്1എൻ1 വൈറസ് ബാധയുടെ 8 കേസുകളുമുണ്ടായി

മരിച്ചവരില്‍ ഒരാള്‍ ഹരിയാന സ്വദേശിയും ഒരാള്‍ കര്‍ണാടകയിലെ ഹാസൻ സ്വദേശിയുമാണ്. ഹാസൻ സ്വദേശി ഹിരേ ഗൗഡ (82)  മാര്‍ച്ച് ഒന്നിനാണ് മരിച്ചത്. ഇതിന് ശേഷമാണ് ഇദ്ദേഹത്തിന് എച്ച്3എൻ2 വൈറസ് ബാധ സ്ഥിരീകരിച്ചത്. കടുത്ത പനി ബാധിച്ചതോടെ ഫെബ്രുവരി 24നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആസ്ത്മ- ബിപി എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ ഇദ്ദേഹത്തിന് നേരത്തെ ഉണ്ടായിരുന്നുവത്രേ. 

ഹിരേ ഗൗഡയുടേത് എച്ച്3എൻ2 മരണമാണെന്ന് സ്ഥിരീകരിച്ചതോടെ ഹാസനില്‍ ആരോഗ്യവകുപ്പ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ഗൗഡയുമായി അടുത്തിടപഴകിയിരുന്നവരെ സൂക്ഷ്മനിരീക്ഷണത്തിലാക്കിയിട്ടുണ്ട്. അതേസമയം ഹരിയാനയില്‍ മരിച്ച രോഗിയെ കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. 

‘ഹോങ്കോങ് ഫ്ലു’ എന്നും പേരുള്ള എച്ച്3എൻ2 വൈറസ് ബാധ രാജ്യത്ത് കൂടുകയാണ്. കോവിഡിനു സമാനമായ ലക്ഷണങ്ങളാണ് എച്ച്3എൻ2, എച്ച്1എൻ1 എന്നിവയ്ക്കുമുള്ളത്. കോവിഡ് ഭീഷണിയിൽനിന്നു ലോകം മുക്തമായി വരുമ്പോഴാണ് ഇൻഫ്ലുവൻസ പടരുന്നത് എന്നത് ആശങ്കയുണ്ടാക്കുന്നു. മാർച്ച് അവസാനമോ ഏപ്രിൽ ആദ്യമോ താപനില ഉയരാൻ തുടങ്ങുമ്പോൾ ഈ സബ്ടൈപ്പ് വഴിയുള്ള രോഗബാധ കുറഞ്ഞേക്കാമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

മറ്റ് ഇൻഫ്ലുവൻസ വൈറസുകളെ അപേക്ഷിച്ച് കൂടുതൽ ലക്ഷണങ്ങൾ കാണിക്കുന്നത് എച്ച്3എൻ2 വൈറസ് ആണെന്ന് ഗുരുഗ്രാമിലെ ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഇന്റേണൽ മെഡിസിൻ തലവൻ ഡോ. സതീഷ് കൗളിനെ ഉദ്ധരിച്ച് ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു. ഇതു പുതിയ വകഭേദമല്ലെന്നും 1968ൽ ഹോങ്കോങ്ങിൽ വൻതോതിൽ രോഗബാധയ്ക്കു കാരണമായത് ഈ വൈറസ് ആണെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.രാജ്യത്ത് ഇതുവരെ തൊണ്ണൂറോളം എച്ച്3എൻ2 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ കൂടുതലും ദില്ലിയിലാണ്. 

എച്ച്3എന്‍2 വൈറസ് ബാധ…

എച്ച്3എന്‍2 വൈറസ് ബാധ അഥവാ ഹോങ്കോങ് ഫ്ലൂ എന്നറിയപ്പെടുന്ന വൈറസ് അണുബാധയില്‍ കൊവിഡിന്‍റേതിന് സമാനമായ ലക്ഷണങ്ങളാണത്രേ ഏറെയും കാണിക്കുക. എച്ച്1എൻ1 അണുബാധയിലും അങ്ങനെ തന്നെ. 

തുടര്‍ച്ചയായ ചുമ, പനി, കുളിര് ഒപ്പം ശ്വാസതടസും ശ്വാസമെടുക്കുമ്പോള്‍ ചെറിയ ശബ്ദം വരുന്നതുമാണ് എച്ച്3എൻ2വിന്‍റെ പ്രധാന ലക്ഷണങ്ങള്‍. ചിലരില്‍ ഓക്കാനം, തൊണ്ടവേദന, ശരീരവേദന, വയറിളക്കം എന്നീ ലക്ഷണങ്ങളും കണ്ടുവരുന്നു. ഒരാഴ്ചയിലധികം ഈ ലക്ഷണങ്ങള്‍ തുടരാം. 

എളുപ്പത്തില്‍ ഒരു രോഗിയില്‍ നിന്ന് മറ്റൊരു രോഗിയിലേക്ക് പകരാമെന്നതിനാല്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. മാസ്ക് ധരിക്കുന്നതും സാമൂഹികാകലം പാലിക്കുന്നതും അനാവശ്യമായ ആള്‍ക്കൂട്ടങ്ങളൊഴിവാക്കുന്നതും കൈകള്‍ ശുചിയായി സൂക്ഷിക്കുന്നതുമെല്ലാം അണുബാധ പകരുന്നതിനെ പ്രതിരോധിക്കും.

ആരിലാണ് അപകടസാധ്യത കൂടുതല്‍?

പ്രായമായവരിലാണ് എച്ച്3എൻ2 വൈറസ് ബാധ കൂടുതലും അപകടമായി വരുന്നതെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുന്നു. ഹാസനില്‍ മരിച്ച ഗൗഡേയുടെ കേസില്‍ ഉള്ളതുപോലെ ആസ്ത്മ- ബിപി പോലുള്ള മെഡിക്കല്‍ പ്രശ്നങ്ങള്‍ നേരത്തെ ഉള്ളവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നീ വിഭാഗങ്ങളും ജാഗ്രത പാലിക്കണം. 

പനിയുമായി ആശുപത്രിയിലെത്തുമ്പോള്‍ ഡോക്ടര്‍മാര്‍ ആന്‍റി-ബയോട്ടിക്കുകള്‍ എഴുതിത്തന്നിട്ടുണ്ടെങ്കില്‍ ഈ ഘട്ടത്തില്‍ മുടക്കം കൂടാതെ അത് കഴിക്കുകയാണ് വേണ്ടത്. ഇതില്‍ യാതൊരു മടിയും കാണിക്കാതിരിക്കുക. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button