മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീര്‍ത്തിച്ചതിന് പ്രവര്‍ത്തകരോട് ക്ഷമ ചോദിച്ച് ഫിറോസ് കുന്നംപറമ്പില്‍. യു.ഡി.എഫിനെ ഒരിക്കലും തള്ളിപ്പറയില്ല. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഫിറോസിന്റെ പ്രതികരണം. ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖം അവര്‍ക്ക് താത്പര്യമുള്ള രീതിയില്‍ പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
വിശക്കുന്നവന് അന്നം നല്‍കിയത് കൊണ്ടാണ് എല്‍ഡിഎഫിന് വിജയം കൈവരിക്കാന്‍ സാധിച്ചതെന്നും കൊറോണ കാലത്ത് മുഖ്യമന്ത്രി നല്‍കിയ ഭക്ഷ്യകിറ്റും പെന്‍ഷനും വിലകുറച്ച് കാണാനാവില്ലെന്നുമാണ് ഫിറോസ് അഭിമുഖത്തില്‍ പറഞ്ഞത്. ഇതിന് പിന്നാലെ യുഡിഎഫ് പ്രവര്‍ത്തകര്‍ ഫിറോസിനെതിരെ രൂക്ഷ പ്രതികരണങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇതോടെയാണ് അദ്ദേഹം ക്ഷമാപണവുമായി രംഗത്തെത്തിയത്. യുഡിഎഫിനെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും മരിച്ചാലും യുഡിഎഫിനെ തള്ളിപ്പറയില്ലെന്നും ഫിറോസ് കുന്നംപറമ്പില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
‘തവനൂരിലെ ജനങ്ങള്‍ക്ക് ഞാന്‍ നല്‍കിയ ഒരു വാക്കുണ്ട്. വിജയിച്ചാലും പരാജയപ്പെട്ടാലും നിങ്ങളില്‍ ഒരാളായി ഞാന്‍ ഉണ്ടാകും എന്ന് അത് ഞാന്‍ ഉറപ്പ് നല്‍കുന്നു. എന്റെ അറിവില്ലായ്മ മൂലവും രാഷ്ട്രീയ രംഗത്ത് ഒരു തുടക്കക്കാരന്‍ എന്ന നിലയിലും ഞാന്‍ നല്‍കിയ ഇന്റര്‍വ്യൂവിന്റെ പേരില്‍ വലിയ രൂപത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് ഉണ്ടായ വിഷമത്തില്‍ ഞാന്‍ നിങ്ങളോട് ക്ഷമ ചോദിക്കുന്നു’ ഫിറോസ് കുന്നംപറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു.