മണിപ്പൂരിൽ വെടിവെയ്പ്പ്; രണ്ട് പേർ കൊല്ലപ്പെട്ടു

ഇംഫാൽ: സംഘർഷത്തിന് അയവില്ലാത്ത മണിപ്പൂരിൽ നിന്ന് വീണ്ടും അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. തെങ്‌നൗപാൽ ജില്ലയിൽ നടന്ന വെടിവെയ്പ്പി‍ല്‍ രണ്ട് പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. 50 പേർക്കാണ് അക്രമത്തിൽ പരിക്കേറ്റത്.

തെങ്‌നൗപാൽ ജില്ലയിലെ പല്ലേൽ ടൗണിന് സമീപമാണ് സംഘർഷം. പ്രതിഷേധക്കാരും അസം റൈഫിൾസും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ജനക്കൂട്ടത്തെ പിരിച്ചു വിടാൻ അസം റൈഫിൾസ് വെടിവെച്ചതിനെ തുടർന്നാണ് രണ്ടു പേർ മരിച്ചത്.

കഴിഞ്ഞ ദിവസം ചുരാചന്ദ്പൂര്‍-ബിഷ്ണുപൂര്‍ ജില്ലാ അതിര്‍ത്തിയിലും സംഘർഷം റിപ്പോർട്ട് ചെയ്തിരുന്നു. കര്‍ഫ്യൂ മറികടന്നായിരുന്നു പ്രതിഷേധക്കാര്‍ സ്ഥലത്തെത്തിയത്. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചവര്‍ക്ക് നേരെ റബ്ബര്‍ ബുള്ളറ്റും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.

മെയ്‌തെയ് ഗ്രൂപ്പായ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് പ്രതിഷേധക്കാര്‍ സംഭവ സ്ഥലത്തെത്തിയതെന്നാണ് വിവരം. മണിപ്പൂരില്‍ സംഘര്‍ഷത്തിന് അയവില്ലാത്ത സാഹചര്യത്തില്‍ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നായിരുന്നു കോര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News