ലഖ്നൗ: ഉത്തർപ്രദേശിൽ ഓടുന്ന ട്രെയിനിൽനിന്ന് ചാടിയ യാത്രക്കാർക്ക് പരിക്ക്. രണ്ട് സ്ത്രീകൾ ഉൾപ്പെടെ ആറ് യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റെയിൽവേ പോലീസ് (ജിആർപി) ഉദ്യോഗസ്ഥർ പറഞ്ഞു. ട്രെയിനിന് തീപിടിച്ചെന്ന അഭ്യൂഹം പരന്നതോടെ യാത്രക്കാർ പരിഭ്രാന്തരായി പുറത്തേക്ക് ചാടുകയായിരുന്നുവെന്ന് ജിആർപി സ്റ്റേഷൻ ഇൻചാർജ് രെഹാൻ ഖാൻ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു.
ഉത്തർപ്രദേശിലെ ബിൽപുരിന് സമീപം ഞായറാഴ്ചയാണ് സംഭവം നടന്നത്. ഹൗറ-അമൃത്സർ മെയിലിൽ ജനറൽ കോച്ചിലെ യാത്രികരാണ് പരിഭ്രാന്തരായി പുറത്തേക്ക് ചാടിയത്. പരിക്കേറ്റ അൻവാരി (26), അക്താരി (45), കുൽദീപ് (26), റൂബി ലാൽ (50), ശിവ് ശരൺ (40), ചന്ദ്രപാൽ (35) എന്നിവരെ ഷാജഹാൻപുർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഗ്നിശമനോപകരണം ഉപയോഗിച്ച് ആരോ തീ പിടിത്തം ഉണ്ടായ പ്രതീതിയുണ്ടാക്കിയതായാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) അന്വേഷണം ആരംഭിച്ചിട്ടുണ്ട്.