കോഴിക്കോട്: എസ്.എം സ്ട്രീറ്റിലെ മൊത്തവ്യാപാര കേന്ദ്രമായ ഒയാസീസ് കോമ്പൗണ്ടിനുള്ളില്‍ രണ്ടിടത്ത് അഗ്‌നിബാധ. പുലര്‍ച്ചെ മൂന്നോടെയായിരുന്നു സംഭവം. മെഗാലാസ്റ്റ് മാര്‍ക്കറ്റിംഗ്, സുരഭി ഫൂട്വേര്‍ എന്നീ സ്ഥാപനങ്ങള്‍ക്ക് സമീപത്താണ് അഗ്‌നിബാധയുണ്ടായത്.
കെട്ടിടത്തിന് സമീപത്തായി കൂട്ടിയിട്ട മാലിന്യങ്ങള്‍ക്ക് തീപിടിക്കുകയായിരുന്നു. തീ ആളിക്കത്തുന്നത് കണ്ടവര്‍ ഫയര്‍ഫോഴ്സില്‍ വിവരമറിയിക്കുകയും ബീച്ച് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീയണക്കുകയും ചെയ്തു. രണ്ടിടത്തും ഓരേ സമയത്താണ് തീപടര്‍ന്നതെന്നതില്‍ ദുരൂഹത നിലനില്‍ക്കുന്നുണ്ട്. മൊത്തവ്യാപാര കേന്ദ്രമായ ഓയാസീസില്‍ കൂടുതലായും പ്ലാസ്റ്റിക് ഉത്പന്നങ്ങളാണ് വില്‍പ്പനയ്ക്കുള്ളത്. മാലിന്യത്തില്‍ നിന്ന് തീ ഉയര്‍ന്ന് സമീപത്തെ കടകളിലേക്ക് പടരാനുള്ള സാധ്യതയേറെയായിരുന്നു.
കടകളെല്ലാം തൊട്ടടുത്തായതിനാല്‍ തീപടരാനുള്ള സാധ്യതയും കൂടുതലാണ്. ഈ സാഹചര്യം കണക്കിലെടുത്ത് ഒയാസീസ് കോമ്പൗണ്ടുള്‍പ്പെടെ എസ്എം സ്ട്രീറ്റില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഫയര്‍ഫോഴ്സ് ജില്ലാ ഭരണകൂടത്തിനും വ്യാപാരികള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മാലിന്യങ്ങള്‍കൂട്ടിയിട്ട് കത്തിക്കുന്നതിനും ഇവിടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. കച്ചവട സ്ഥാപനങ്ങള്‍ പൂര്‍ണമായും അടഞ്ഞു കിടന്ന സമയത്തുണ്ടായ തീപിടിത്തം സംബന്ധിച്ച് പോലീസ് അന്വേഷണം തുടങ്ങി. ടൗണ്‍ പോലീസാണ് അന്വേഷിക്കുന്നത്.