സൗജന്യമായി പെട്രോളടിക്കാം! കുട്ടികള്‍ക്ക് സൗജന്യമായി പെട്രോള്‍ നല്‍കി പമ്പുടമ; ചെയ്യേണ്ടത് ഇത്രമാത്രം
ചെന്നൈ: പെട്രോള്‍ വില ഓരോദിവസവും റോക്കറ്റുപോലെ കുതിച്ചുയരുകയാണ്. പെട്രോള്‍ വില 90 കടന്നിരിക്കുകയാണ്. ഈ പൊള്ളുന്ന വിലയില്‍ സൗജന്യമായി പെട്രോള്‍ കിട്ടിയാല്‍ ആരെങ്കിലും വേണ്ടെന്ന് വെക്കുമോ?. അതേ തീര്‍ത്തും സൗജന്യമായി പെട്രോള്‍ ലഭിക്കും. തമിഴ്‌നാട്ടില്‍ കരൂര്‍ ജില്ലയിലെ നാഗംപള്ളി ഗ്രാമത്തിലെ വള്ളുവാര്‍ ഏജന്‍സിയാണ് കുട്ടികള്‍ക്ക് സൗജന്യമായി പെട്രോള്‍ നല്‍കുന്നത്.
പക്ഷേ, വെറുതേ ചെന്നാല്‍ ഫ്രീ പെട്രോള്‍ കിട്ടില്ല. ചെയ്യേണ്ടത് ഇത്രമാത്രം-തമിഴ് സാഹിത്യത്തിലെ ഏറ്റവും പ്രമുഖ കൃതികളിലൊന്നായ തിരുക്കുറളിന്റെ ഈരടികള്‍ കാണാതെ ചൊല്ലണം. ഒരുതെറ്റുപോലും ഉണ്ടാവരുത്. ഇങ്ങനെ പത്ത് ഈരടികള്‍ തെറ്റാതെ ചൊല്ലിയാല്‍ അര ലിറ്റര്‍ പെട്രോളും ഇരുപത് ഈരടികള്‍ ചൊല്ലിയാല്‍ ഒരുലിറ്റര്‍ പെട്രോളുമാണ് ലഭിക്കുക. ഒന്നാം ക്‌ളാസ് മുതല്‍ 12ാം ക്‌ളാസുവരെയുളള വിദ്യാര്‍ത്ഥികള്‍ക്ക് ഇതില്‍ പങ്കെടുക്കാം. ഇതിനകം നിരവധിപേര്‍ അവസരം പ്രയോജനപ്പെടുത്തിക്കഴിഞ്ഞു. ഒരുകുട്ടിക്ക് നിശ്ചിത അവസരം മാത്രമേ പ്രയോജനപ്പെടുത്താനാവൂ.
തിരുക്കുറള്‍ പഠിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്‌പെഷ്യല്‍ ഓഫര്‍ വച്ചതെന്നാണ് പമ്പിന്റെ നടത്തിപ്പുകാര്‍ പറയുന്നത്. പഠനം പ്രോത്സാഹിപ്പിക്കാന്‍ വഴിയെന്താണെന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് സൗജന്യമായി പെട്രോള്‍ നല്‍കാം എന്ന ഓഫര്‍ മുന്നോട്ടുവയ്ക്കാന്‍ ചിലര്‍ നിര്‍ദ്ദേശിച്ചതെന്നും അവര്‍ പറയുന്നു.
തിരുവള്ളുവരാണ് തിരുക്കുറള്‍ രചിച്ചത്. തമിഴ് സാഹിത്യത്തിലെ ഏറ്റവും പ്രമുഖ കൃതികളിലൊന്നാണിത്. തമിഴ് മറൈ (തമിഴ് വേദം), തെയ്വ നൂല്‍ (ദിവ്യഗ്രന്ഥം) എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. തിരുക്കുറളില്‍ 133 അദ്ധ്യായങ്ങളിലായി 1330 കുറളുകള്‍(ഈരടികള്‍) ആണുള്ളത്. ഇതില്‍ ഓരോ അദ്ധ്യായത്തിനും തനതായ വിഷയം സൂചിപ്പിക്കുന്ന പേര് നല്കിയിട്ടുണ്ട്. സ്വയം സദാചാരങ്ങളനുഷ്ഠിച്ച്, യഥാശക്തി പരോപകാരം ചെയ്തുകൊണ്ട് മനുഷ്യജന്മം സഫലമാക്കുവാനാണ് തിരുക്കുറള്‍ അനുശാസിക്കുന്നത്.