മുംബൈ:പ്രഭാസ്, സെയ്ഫ് അലി ഖാന്‍ എന്നിവര്‍ ഒരുമിച്ചെത്തുന്ന ചിത്രം ആദിപുരുഷിന്റെ സെറ്റില്‍ തീപ്പിടുത്തം. മുംബൈ ഗോരെഗാവില്‍ ചൊവ്വാഴ്ച്ച ഉച്ചയോടെയായിരുന്നു സംഭവം. അപകടം നടന്ന സമയത്ത് താരങ്ങളാരും തന്നെ സെറ്റില്‍ ഉണ്ടായിരുന്നില്ല. സംഭവത്തില്‍ അപകടമൊന്നും നടന്നിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. എട്ട് ഫയര്‍ ഫോഴ്സ് വാഹനങ്ങള്‍ എത്തിയാണ് തീ അണച്ചത്. സംഭവ സ്ഥലത്ത് സംവിധായകനും ചിത്രീകരണത്തിന് എത്തിയ അണിയറ പ്രവര്‍ത്തകരും മാത്രമാണ് ഉണ്ടായിരുന്നത്.
2022 ആഗസ്റ്റ് 11-നാണ് ചിത്രം റിലീസ് ചെയ്യുക. 3ഡി ആക്ഷന്‍ ഡ്രാമയായ ചിത്രം നന്മയും തിന്മയും തമ്മിലുള്ള യുദ്ധത്തെയാണ് ചിത്രീകരിക്കുന്നത്. ഹിന്ദി-തെലുങ്കു ഭാഷകളിലാണ് ആദിപുരുഷ് ചിത്രീകരിക്കുന്നത്. കൂടാതെ തമിഴ്, മലയാളം, കന്നട എന്നീ ഭാഷകളിലേക്ക് ചിത്രം ഡബ്ബ് ചെയ്യുന്നുണ്ട്. ഓം റാവത്താണ് ആദിപുരുഷിന്റെ സംവിധായകന്‍. ഫലാനി കാര്‍ത്തിക് ഛായഗ്രണം നിര്‍വ്വഹിക്കും. ആഷിഷ് മഹത്രേ, അപൂര്‍വ്വ മോതിവാലെ എന്നിവരാണ് എഡിറ്റിങ് ചെയ്യുന്നത്. ഭൂഷന്‍ കുമാര്‍, കൃഷ്ണന്‍ കുമാര്‍, രാജേഷ് നായര്‍, ഓം റാവത്, പ്രസാദ് സുതര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഇതിഹാസ കാവ്യമായ രാമയാണത്തെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രഭാസാണ് ചിത്രത്തില്‍ രാമനെ അവതിരിപ്പിക്കുന്നത്. ബോളിവുഡ് താരം കൃതി സനോനാണ് സീതയുടെ വേഷം ചെയ്യുന്നതെന്ന് റിപ്പോട്ടുകള്‍ വന്നിരുന്നു. സെയ്ഫ് അലി ഖാനാണ് ചിത്രത്തിലെ വില്ലന്‍. രാവണനെയാണ് സെയ്ഫ് അവതരിപ്പിക്കുന്നത്. ലങ്കേഷ് എന്നാണ് ചിത്രത്തില്‍ സെയ്ഫ് അലി ഖാന്റെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളുടെ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
‘തന്‍ഹാജി’ എന്ന ബോളിവുഡ് പീരേഡ് ഡ്രാമയാണ് ഓം റാവത്ത് സംവിധാനം ചെയ്ത അവസാനത്തെ ചിത്രം. ചിത്രത്തില്‍ അജയ് ദേവ്ഗണ്‍ ആയിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. തന്‍ഹാജിയിലും സെയ്ഫ് അലി ഖാന്‍ തന്നെയായിരുന്നു വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്. ബാഹുബലിക്ക് ശേഷം ആരാധകര്‍ റിലീസ് കാത്തിരിക്കുന്ന പ്രഭാസ് ചിത്രമാണ് ‘ആദിപുരുഷ്’.