#SolidarityWithSanna എന്ന ഹാഷ് ടാഗ് ആഗോളതലത്തിൽ ട്രെൻഡിങ് ആണ്. വൻ തരംഗം. ഇതൊരു ക്യാംപെയ്ൻ ആണ്. നൃത്ത ക്യാംപെയ്ൻ. തുടക്കമിട്ടത് ഫിൻലൻഡിലെ സ്ത്രീകൾ. അവർ ചെറുകൂട്ടമായും അല്ലാതെയും വീടുകളിലും തെരുവുകളിലും പാർട്ടികളിലും നൃത്തം ചെയ്യുന്നു. മനസ്സ് തുറന്ന് ആഹ്ലാദിക്കുന്നു. എല്ലാം ഷൂട്ട് ചെയ്യുന്നു. സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നു.
ടാഗ് ചെയ്യുന്നവരിൽ ഒരു പേരുണ്ടെന്ന് ഉറപ്പിക്കുന്നു. വേറെ ആരുടെയുമല്ല. പ്രധാനമന്ത്രി സന മാരിന്. പിന്തുണ പ്രഖ്യാപിച്ചുള്ളൊരു ക്യാംപെയ്ൻ മാത്രമല്ല അത്. ഐക്യപ്പെടൽ കൂടിയാണ്. ഞാനുണ്ട് കൂടെ എന്ന് ഫിൻലൻഡിലെ ഓരോ സ്ത്രീയും സനയോട് പറയുന്നു. ഒറ്റക്കല്ലെന്നും വിമർശനങ്ങളോട് പോയി പണിനോക്കാനുമാണ് ഓരോ വീഡിയോയും സനക്ക് നൽകുന്ന സന്ദേശം.
Love it! Danish women are posting videos of themselves partying while tagging Finnish Prime Minister Sanna Marin.
— Very Finnish Problems (@VFinnishProbs) August 20, 2022
To show “Solidarity with Sanna” pic.twitter.com/8gsUTuROLJ
ഇതാദ്യമായല്ല സന വിമർശനങ്ങളേറ്റുവാങ്ങുന്നതും നാട്ടിലെ സ്ത്രീകൾ സനക്ക് പിന്തുണയുമായെത്തുന്നതും. 2020ൽ ഫിൻലൻഡിലെ ഒരു ഫാഷൻ മാസികയുടെ കവർചിത്രം സനയായിരുന്നു. കറുത്ത നിറത്തിലുള്ള ബ്ലേസർ ആയിരുന്നു വേഷം. കഴുത്തിറക്കം കൂടി എന്നായിരുന്നു വിമർശനം ഉയർന്നത്. ഇങ്ങനെയൊക്കെ ചെയ്യാമോ എന്നായിരുന്നു ചോദ്യം. പിന്നാലെ കഴുത്തിറക്കമുള്ള ഉടുപ്പുകളിട്ട് സ്ത്രീകൾ തുരുതുരാ ഫോട്ടോകൾ പോസ്റ്റ് ചെയ്തു. എന്നാ പിന്നെ ഞങ്ങളുമുണ്ട് എന്ന മട്ടിൽ. പ്രധാനമന്ത്രി ആയതുകൊണ്ട് നിയന്ത്രണങ്ങളും ചിട്ടകളുമായി വന്ന് പേടിപ്പിക്കേണ്ട എന്നായിരുന്നു ആ പ്രഖ്യാപനം. സന ഞങ്ങളിലൊരാൾ ആണെന്നും.
2019 ഡിസംബറിലാണ് സന ഫിൻലൻഡിന്റെ പ്രധാനമന്ത്രിയായി ചുമതലയേറ്റെടുത്തത്. സോഷ്യൽ ഡെമോക്രാറ്റിക് നേതാവായ ആൻറി റിന്നേ രാജിവെച്ചതിന് പിന്നാലെ. ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി. (ഇന്ന് ലോകത്തെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രി മോണ്ടിനെഗ്രോ പ്രധാനമന്ത്രി ദ്രിറ്റൻ അബസോവിക് ആണ് ) .ഇരുപതാംവയസ്സിലാണ് രാഷ്ട്രീയരംഗത്തേക്കുള്ള കടന്നുവരവ്.
If you have a problem that a female politician is dancing with friends during her week-end, then YOU have a problem, not this politician. We should even dance more, independently gender or age.💃🕺= better working afterwards. #RightToDisconnect #RightToDance #solidaritywithsanna pic.twitter.com/haekCFzqhL
— Tilly Metz MEP (@MetzTilly) August 22, 2022
ആദ്യ കൗൺസിൽ തെരഞ്ഞെടുപ്പിൽ തോറ്റുപോയെങ്കിലും അഞ്ച് വർഷത്തിൽ വിജയവുമായി തിരിച്ചെത്തി. 27ആം വയസ്സിൽ കൗൺസിൽ ലീഡറായി.2015ൽ എംപിയായി. റിന്നേയുടെ മന്ത്രിസഭയിൽ ഗതാഗതവാർത്താവിനിമയമന്ത്രിയായി. മുപ്പത്തിനാലാം വയസ്സിൽ സന രാജ്യത്തെ മൂന്നാമത്തെ വനിതാപ്രധാനമന്ത്രിയുമായി.
ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യത്തെ പ്രധാനമന്ത്രിക്ക് സന്തോഷിക്കാനും ആഹ്ലാദിക്കാനും പാടില്ലേ എന്നാണ് വിമർശകരോട് സനയുടെ ചോദ്യം. പ്രധാനമന്ത്രിക്ക് പാർട്ടിയിൽ പങ്കെടുക്കാനും നൃത്തം ചെയ്യാനും സ്വാതന്ത്ര്യമില്ലാത്ത നാടാണോ ഇതെന്നാണ് സനയെ പിന്തുണക്കുന്നവർ ചോദിക്കുന്നത്.
പ്രധാനമന്ത്രിക്കും സാധാരണ ജീവിതമുണ്ടെന്ന് സന ഓർമ്മപ്പെടുത്തുന്നു. നൃത്തം ചെയ്യുന്നതും പാട്ടുപാടുന്നതും തെറ്റല്ല, ഒരു ലഹരിയും ഉപയോഗിച്ചിട്ടില്ല, മദ്യവും അമിതമായി ഉപയോഗിച്ചില്ല. തന്റെ പ്രായത്തിലുള്ള ഏതൊരാളേയും പോലെ താനും ഒഴിവുസമയം ചെലവഴിച്ചതിൽ പിന്നെന്താണ് തെറ്റെന്നും സന ചോദിക്കുന്നു.
ഈ മാസം ഏഴിന് പുലർച്ചെ ചിത്രീകരിച്ചിട്ടുള്ള വീഡിയോ ആണ് വൈറലായതും പിന്നാലെയാണ്സനക്ക് വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നതും. കറുത്ത ടാങ്ക് ടോപും വെളുത്ത ജീൻസും ധരിച്ച് സന നൃത്തംചെയ്യുന്നതും പാട്ടുപാടുന്നതുമാണ് വീഡിയോയിലുള്ളത്. ലഹരിയും ഉപയോഗിച്ചെന്ന് ആക്ഷേപങ്ങൾ ഉയർന്നതിന് പിന്നാലെ സന ലഹരിപരിശോധനക്ക് വിധേയമായി. പരിശോധനാഫലം നെഗറ്റീവ് ആണ്.
സാധാരണയിൽ സാധാരണമായ ഒരു കുടുംബത്തിലാണ് സന ജനിച്ചത്. കുട്ടിക്കാലത്ത് തന്നെ മാതാപിതാക്കൾ വേർപിരിഞ്ഞു. സാന്പത്തികപ്രതിസന്ധിക്കിടെയായിരുന്നു വിദ്യാഭ്യാസം. ബേക്കറിയിൽ ജോലി ചെയ്തും മാസികകൾ വിതരണം ചെയ്തുമെല്ലാം സന ജീവിതച്ചെലവിന് വക കണ്ടെത്തി. അമ്മ ഒരു സ്വവർഗബന്ധത്തിൽ ഏർപെട്ടപ്പോൾ നേരിടേണ്ടി വന്ന കുറ്റപ്പെടുത്തലുകളും ഏകാന്തതയും സന തുറന്നുപറഞ്ഞിട്ടുണ്ട്.
തെരഞ്ഞെടുപ്പും കൊവിഡും ഒക്കെ കാരണം നാലു തവണ മാറ്റിവെച്ച ശേഷം 2020 ഓഗസ്റ്റിലായിരുന്നു ഏറെക്കാലമായി പങ്കാളിയായിരുന്ന മാർക്കസ് റെയ്ക്കോണുമായുള്ള വിവാഹം. കഷ്ടപ്പെട്ടും പോരാടിയും വെല്ലുവിളികൾ നേരിട്ടും മുന്നോട്ടുകൊണ്ടുപോകുന്ന ജീവിതത്തിൽ സന്തോഷിക്കാനും ആഹ്ലാദിക്കാനും അവകാശമില്ലേ എന്നാണ് സനയുടെ ചോദ്യം. നിയമവിരുദ്ധമായി ഒന്നും ചെയ്യുന്നില്ല, പാർട്ടികളും സംഗീതപരിപാടികളിൽ പതിവായി പങ്കെടുക്കുന്നതും എങ്ങനെ തെറ്റാകും .. സന ചോദിക്കുന്നു.
വസ്ത്രധാരണവും പാർട്ടികളും ഒക്കെ വിമർശനായുധമാക്കുന്പോൾ നാട്ടിലെ സ്ത്രീകൾ സനക്കൊപ്പം നിൽക്കുന്നത് ആ ചോദ്യത്തിന്റെ ശരിയുൾക്കൊണ്ടാണ്. രാഷ്ട്രീയഭരണരംഗത്തെ പ്രകടനത്തിനും തീരുമാനങ്ങളുടെ ശരിതെറ്റുകൾക്കും അല്ലേ വിശകലനവും വിമർശനവും വേണ്ടത് എന്നുള്ളതു കൊണ്ടാണ് അവർ അവരുടെ പ്രധാനമന്ത്രിക്കൊപ്പം നിൽക്കുന്നത്. വെറുതെയാണോ ജർമൻ മാധ്യമം BILD സനയെ ലോകത്തെ ഏറ്റവും കൂൾ ആയ പ്രധാനമന്ത്രി എന്ന് വിശേഷിപ്പിച്ചത് എന്ന് സനയുടെ അനുയായികളും ചോദിക്കുന്നു.