കോഴിക്കോട്: ആക്രമിക്കപ്പെട്ട നടിയെ സോഷ്യല്‍ മീഡിയയില്‍ പിന്തുണച്ചവരുടെ പ്രൊഡക്ഷന്‍ കമ്പനികള്‍ നിയമം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്ന് പാര്‍വതി തിരുവോത്ത്. ഒരു പ്രമുഖ മാധ്യമത്തോടാണ് പാര്‍വതി ഇക്കാര്യം പറഞ്ഞത്.
സാമൂഹമാധ്യമങ്ങളിലൂടെ പിന്തുണയറിയിച്ചാല്‍ പോരെന്നും ആരുടെയൊക്കെ കമ്പനികളില്‍ കംപ്ലെയിന്റ് സെല്‍ ഉണ്ടെന്ന് മാധ്യമങ്ങള്‍ ഉറപ്പുവരുത്തണമെന്നും പാര്‍വതി പറഞ്ഞു.
‘അതിജീവിച്ച നടിയെ പിന്തുണച്ച് പലരും സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്. അവരുടെയൊക്കെ പ്രൊഡക്ഷന്‍ ഹൗസില്‍ ഇന്റേണല്‍ കംപ്ലെയ്ന്റ് കമ്മിറ്റി ഉണ്ടോ എന്നുള്ളത് മീഡിയയും വനിതാ കമ്മീഷനും കണ്ടുപിടിക്കണം. എല്ലാവരും പിന്തുണയ്ക്കുന്നു എന്ന ഹെഡ്ലൈന്‍ മാത്രം വന്നിട്ടുപോയാല്‍ പോരാ. നിയമപരമായിട്ട് കംപ്ലെയിന്റ് സെല്‍ പ്രൊഡക്ഷന്‍ കമ്പനികളിലുണ്ടോ എന്ന് പരിശോധിച്ചാല്‍ ഒരു ശതമാനം പോലും ഇല്ല എന്നു കണ്ടുപിടിക്കാനാവും,’ പാര്‍വതി പറഞ്ഞു.
അതേസമയം, സിനിമ മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ഒരുത്തരത്തിലുള്ള കുറവും സംഭവിച്ചിട്ടില്ലെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി പറഞ്ഞു. പീഡനത്തിനിരയായിട്ടുള്ള പെണ്‍കുട്ടിക്ക് നീതി ലഭിക്കാന്‍ പൊതുസമൂഹം പിന്തുണ നല്‍കണമെന്നും സതീദേവി പറഞ്ഞിരുന്നു. ‘തൊഴിലിടങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രൊഡക്ഷന്‍ കമ്പനികള്‍ തയ്യാറാവണം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ആയതിനാല്‍ നിയമസഭയില്‍ വെക്കേണ്ടതില്ലെന്ന് ബന്ധപ്പെട്ട വകുപ്പ് മന്ത്രി പറഞ്ഞിട്ടുണ്ട്. സിനിമ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഒരു നിയമം കേരളത്തില്‍ ആവശ്യമാണ്,’സതീദേവി പറഞ്ഞു.
അതേസമയം, നടിക്ക് നീതി ലഭിക്കാന്‍ മുട്ടാവുന്ന എല്ലാ വാതിലുകളും മുട്ടുമെന്ന് ഡബ്‌ള്യൂ.സി.സി അംഗങ്ങള്‍ പറഞ്ഞു. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് എത്രയും പെട്ടെന്ന് പുറത്തുവരണമെന്നാണ് ആഗ്രഹമെന്നും ഇനി കാത്തിരിക്കാമന്‍ വയ്യെന്നും അംഗങ്ങള്‍ പറഞ്ഞു. ഹേമ കമ്മീഷന്‍ അല്ലെന്നും കമ്മിറ്റി ആണെന്നും ഇപ്പോഴാണ് ബോധ്യപ്പെട്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നടി പാര്‍വതി തിരുവോത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വനിത കമ്മീഷനുമായി കൂടിക്കാഴ്ച നടത്തിയത്. ആക്രമിക്കപ്പെട്ട നടിക്ക് നീതി ഉറപ്പാക്കണമെന്നും ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ കമ്മീഷന്‍ ഇടപെടണമെന്നുമാണ് ഡബ്‌ള്യൂ.സി.സിയുടെ ആവശ്യം. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ഡബ്‌ള്യൂ.സി.സി അംഗങ്ങളായ നടി പാര്‍വതി തിരുവോത്ത്, പത്മപ്രിയ, സയനോര, അഞ്ജലി മേനോന്‍, ദീദി തുടങ്ങിയവരാണ് വനിതാ കമ്മീഷന്‍ അധ്യക്ഷയുമായി കൂടിക്കാഴ്ച നടത്തിയത്.