കോഴിക്കോട്: കരിപ്പൂര്‍ വിമാന ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിസാരമായ പരിക്ക് ഉള്ളവര്‍ക്ക് 50000 രൂപ വീതവും നല്‍കും. എയര്‍ ഇന്ത്യയാണ് ധനസഹായം നല്‍കുക.
സമയോചിതമായ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയതെന്ന് മന്ത്രി പറഞ്ഞു. നാട്ടുകാരുടെ പങ്കാളിത്തത്തെ കുറിച്ച് എടുത്ത പറഞ്ഞ മന്ത്രി സാധ്യമകുന്നതെല്ലാം ചെയ്തുവെന്നും കൂട്ടിച്ചേര്‍ത്തു. വിമാനത്തിന്റെ ക്യാപ്റ്റന്‍ പ്രാഗല്‍ഭ്യം തെളിയിച്ച വ്യക്തിയായിരുന്നുവെന്നും മികച്ച പ്രവര്‍ത്തന പരിചയമുള്ള ആളായിരുന്നുവെന്നും വ്യോമയാന മന്ത്രി പറഞ്ഞു. ദുരന്തത്തില്‍ അഗാധമായ ദുഃഖവും ഹര്‍ദീപ് സിംഗ് പുരി രേഖപ്പെടുത്തി.
വിമാന ദുരന്തത്തില്‍ 18 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 23 പേര്‍ ആശുപത്രി വിട്ടു. കേന്ദ്രവും സംസ്ഥാനവും യോജിച്ചു പ്രവര്‍ത്തിച്ചുവെന്നും ദുരന്ത ബാധിതര്‍ക്കായി സാധ്യമായ എല്ലാം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. അപകടത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഡിജിസിഎ അന്വേഷണം പൂര്‍ത്തോയാക്കിയ ശേഷം പറയാമെന്ന് മന്ത്രി പറഞ്ഞു. കൃത്യമായ അന്വേഷണം നടത്തുമെന്നും നിലവില്‍ അന്വേഷണം നല്ല രീതിയില്‍ പുരോഗമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.