27.8 C
Kottayam
Monday, May 27, 2024

മുല്ലപ്പെരിയാറിലെ ജലം പുറത്തേക്ക് ഒഴുക്കിവിടണം; ചീഫ് സെക്രട്ടറി തമിഴ്‌നാടിന് കത്തയച്ചു

Must read

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ജലം പുറത്തേക്ക് ഒഴുക്കിവിടണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത തമിഴ്നാടിന് കത്തയച്ചു. ജലനിരപ്പ് 136 അടി എത്തുന്ന ഘട്ടത്തില്‍ മുല്ലപ്പെരിയാറിലെ ജലം ടണല്‍ വഴി വൈഗൈഡാമിലേയ്ക്ക് കൊണ്ടുവരാനും പതുക്കെ പുറത്തേക്ക് ഒഴുക്കിവിടാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് കാണിച്ചാണ് ചീഫ് സെക്രട്ടറി തമിഴ്നാട് ചീഫ് സെക്രട്ടറി കെ. ഷണ്‍മുഖന് കത്തയച്ചത്. ഷട്ടറുകള്‍ തുറക്കുന്നതിനുചുരുങ്ങിയത് 24 മണിക്കൂര്‍ മുമ്പ് കേരള സര്‍ക്കാരിനെ വിവരം അറിയിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍, പ്രത്യേകിച്ച് ഇടുക്കി ജില്ലയില്‍ കനത്ത മഴ പെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിനെത്തുടര്‍ന്ന് മുല്ലപ്പെരിയാര്‍ റിസര്‍വോയറിന്റെ ക്യാച്മെന്റ് ഏരിയയില്‍ ജല നിരപ്പ്വളരെ വേഗത്തില്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ആഗസ്റ്റ് മൂന്നിന് 116.20 അടി ഉണ്ടായിരുന്ന ജലനിരപ്പ് ഏഴാം തീയ്യതി ഉച്ചക്ക് 2 മണി ആയപ്പോഴേക്കും 131.25 അടി ആയി ഉയര്‍ന്നു.

വരുന്ന രണ്ടു ദിവസങ്ങള്‍ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മഴ കൂടുതല്‍ ശക്തമാകുമെന്നാണ് കരുതുന്നത്. നിലവില്‍ റിസര്‍വോയറിലേയ്ക്ക് വരുന്ന വെള്ളത്തിന്റെ അളവ് 13,257 ക്യൂസെക്സും, ടണല്‍ വഴി പുറന്തള്ളുന്ന അളവ് 1,650ക്യൂസെക്സുംആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മുല്ലപ്പെരിയാര്‍ ഡാമിലും തേക്കടിയിലും പെയ്തത്യഥാക്രമം 198.4 മി.മീഉം 157.2 മി.മീഉം മഴയാണ്. ഈ സമയത്തിനുള്ളില്‍ 7 അടിയാണ്ജലനിരപ്പ് ഉയര്‍ന്നത്. അതിനിയും ഉയരാനാണ് സാധ്യത.

കട്ടപ്പന എം.ഐ ഡിവിഷന്‍ എക്സിക്യൂട്ടിവ് എഞ്ചിനീയര്‍നല്‍കിയ വിവരം പ്രകാരം തമിഴ്നാടിന്റെ ഭാഗമായ പെരിയാര്‍ ഡാമിന്റെ സര്‍പ്ളസ് ഷട്ടറുകള്‍ 1,22,000 ക്യൂസെക്സ്ജലം പുറന്തള്ളാന്‍ പര്യാപ്തമായ രീതിയില്‍ പ്രവര്‍ത്തനക്ഷമമാണ്. 23000 ക്യുസക്സ് ജലം പുറന്തള്ളിയപ്പോള്‍ 2018ല്‍ ഉണ്ടായ നാശനഷ്ടങ്ങളുടെ അനുഭവങ്ങള്‍ നമുക്കറിയമെന്നും അതിനാല്‍ ജലം പടിപടിയായി പുറത്തു വിടാനുള്ള അടിയന്തിര നടപടികള്‍ ഉണ്ടാകണമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

ചാലക്കുടി ബേസിനില്‍ വെള്ളത്തിന്റെ അളവ് കൂടിയതിനാല്‍ പെരിങ്ങല്‍കുത്ത് റിസര്‍വോയറിലെ ഷട്ടറുകള്‍ തുറന്നിട്ടുണട്. അതിനാല്‍ പി.എ. പി സിസ്റ്റത്തിലെ അണക്കെട്ടുകള്‍ തുറക്കുന്ന സന്ദര്‍ഭത്തില്‍ കേരളത്തിലെ എഞ്ചിനീയര്‍മാരുമായി ബന്ധപ്പെടുകയുംവെള്ളപ്പൊക്കത്തിന്റെ തീവ്രതയുംജലത്തിന്റെ ഒഴുക്കുംഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കൈമാറുകയും ചര്‍ച്ച ചെയ്യുകയും വേണമെന്ന് ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത തമിഴ്നാട് ചീഫ് സെക്രട്ടറി കെ. ഷണ്‍മുഖന് അയച്ച കത്തില്‍ അഭ്യര്‍ത്ഥിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week