തിരുവനന്തപുരം: തൊഴിലാളി സംഘടനകളുടെ വ്യാപക പ്രതിഷേധത്തിന് മുന്നിൽ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിൽ ഭേദഗതിക്ക് വഴങ്ങി ഗതാഗതമന്ത്രി കെ.ബി. ഗണേശ് കുമാർ. ഓരോ കേന്ദ്രത്തിലും പ്രതിദിനം ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം 30ൽ നിന്ന് 40 ആക്കി ഉയർത്തി. ഇതടക്കം നേരത്തെ പുറത്തിറക്കിയ സർക്കുലറിൽ മോട്ടോർ വാഹന വകുപ്പ് ഭേദഗതി വരുത്തി. മന്ത്രി ഗണേശ് കുമാറാണ് ഭേദഗതിക്ക് നിർദ്ദേശം നൽകിയത്.
40 ടെസ്റ്റിൽ 25 എണ്ണം പുതിയ അപേക്ഷകർക്കും പത്തെണ്ണം മുമ്പ് ടെസ്റ്റിൽ പരാജയപ്പെട്ടവർക്കുമായിരിക്കും. അഞ്ചെണ്ണം വിദേശത്ത് പഠനത്തിനോ, ജോലിക്കോ പോകുന്നവർക്കായി മാറ്റിവയ്ക്കും. ഇതിൽ നിശ്ചിത എണ്ണം തികഞ്ഞില്ലെങ്കിൽ ലേണേഴ്സ് ലൈസൻസ് കാലാവധി ഏറ്റവും ആദ്യം അവസാനിക്കുന്നവർക്ക് നൽകണം.
ടെസ്റ്റിന് പതിനഞ്ചുവർഷം കഴിഞ്ഞ വാഹനങ്ങൾ ഉപയോഗിക്കാൻ ആറു മാസംവരെയും വാഹനത്തിനുള്ളിൽ ക്യാമറ സ്ഥാപിക്കുന്നതിന് മൂന്നുമാസം വരെയും സമയം അനുവദിക്കും. പരിഷ്കരണം നടപ്പാക്കുന്നതിന് ടെസ്റ്റ് ട്രാക്ക് സ്ഥാപിക്കുന്നതുവരെ നിലവിലെ റോഡ് ടെസ്റ്റ് തുടരും. ഭേദഗതി വരുത്തിയ സർക്കുലർ നാളെ ഇറങ്ങും
ഡ്രൈവിംഗ് സ്കൂളുകളുടെ പ്രതിഷേധത്തെ തുടർന്നാണ് ഭേദഗതി വരുത്തിയത്. അതേസമയം, പുതുക്കിയ സർക്കുലർ ഇറക്കുന്നതുവരെ പ്രതിഷേധം തുടരാനാണ് ഡ്രൈവിംഗ് സ്കൂളുകളുടെ തീരുമാനം. ഇന്ന് സംഘടനാ പ്രതിനിധികളുമായി അഡി. ട്രാൻസ്പോർട്ട് കമ്മിഷണർ പ്രമോജ് ശങ്കർ ചർച്ച നടത്തിയിരുന്നു. പ്രതിഷേധം കാരണം ഇന്നും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങിയിരുന്നു.