കോട്ടയം:കോട്ടയം- എറണാകുളം പാതയിലെ നൂറുകണക്കിന് സ്ഥിരം യാത്രക്കാരുടെ വർഷങ്ങൾ നീണ്ട ആവശ്യത്തിനൊടുവിലാണ് ഏറ്റുമാനൂരിൽ പാലരുവി എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.
സ്റ്റോപ്പ് അനുവദിച്ചു കൊണ്ടുള്ള വിഞ്ജാപനം റെയിൽവേ പുറത്തിറക്കി.പാലരുവി എക്സ്പ്രസിന് തെന്മലയിലും, അങ്കമാലിയിലും ഇതോടൊപ്പം സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
രാവിലെ 6.45 ഓടെ
ഏറ്റുമാനൂരിൽ നിർത്തുന്ന കൊല്ലം-എറണാകുളം പാസഞ്ചർ കഴിഞ്ഞാൽ 8.45 ഓടെ എത്തുന്ന വേണാട് എക്സ്പ്രസ് മാത്രമാണ് ഏറ്റുമാനൂർ സ്റ്റേഷനിൽ സ്റ്റോപ്പുള്ളത്. വേണാട് പതിവായി വൈകി എത്തുന്നത് എറണാകുളത്ത് ജോലി ചെയ്യുന്ന സ്ഥിരം യാത്രക്കാർക്ക് ഏറെ ദുരിതമായിരുന്നു. ഇതിനിടയിൽ കടന്നുപോകുന്ന പാലരുവിക്ക് സ്റ്റോപ്പ് അനുവദിച്ചാൽ പ്രതിസന്ധിക്ക് ഒരു പരിധി വരെ പരിഹാരമാകുമെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.
യാത്രാക്ലേശം ചൂണ്ടിക്കാട്ടി പലവട്ടം ജനപ്രതിനിധികളെയും, റെയിൽവേ അധികൃതരെയും സമീപിച്ചിരുന്നു. നടപടിയില്ലാതായതോടെ ഫ്രണ്ട്സ് ഓൺ റെയിൽ ഏറ്റുമാനൂരിൻ്റെ നേതൃത്വത്തിൽ നൽകിയ നിരവധി നിവേദനങ്ങൾക്കും, സമരങ്ങൾക്കുമൊടുവിലാണ് ഇപ്പോൾ അനുവദിച്ച് റെയിൽവേ ഉത്തരവായിരിക്കുന്നത്.
സ്റ്റോപ്പ് അനുവദിക്കാനുള്ള നടപടികൾ പൂർത്തിയായതായും എത്രയും പെട്ടെന്ന് തീയതി പ്രഖ്യാപിച്ചു കൊണ്ട് ഉത്തരവ് നടപ്പിലാക്കുമെന്ന പ്രതീക്ഷയാണ് യാത്രക്കാർക്ക് ഉള്ളതെന്ന് ഏറ്റുമാനൂർ സ്റ്റോപ്പിന് വേണ്ടി മുന്നിട്ടിറങ്ങിയ ഫ്രണ്ട്‌സ് ഓൺ റെയിൽസ് പ്രതിനിധികളായ അജാസ് വടക്കേടം, ശ്രീജിത്ത് കുമാർ ഫ്രണ്ട്‌സ് ഓൺ റെയിൽസ് സെക്രട്ടറി ലിയോൺസ് ജെ എന്നിവർ പറഞ്ഞു.