കൊച്ചി:ജോജു ജോര്‍ജിനെ ‘മദ്യപിച്ച ഒരു തെരുവ് ഗുണ്ട’ എന്ന് വിളിച്ച കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ സംവിധായകന്‍ എം പത്മകുമാര്‍. ഇരിക്കുന്ന കസേരയേയും പ്രസ്ഥാനത്തെയും നാറ്റിക്കരുത് എന്നാണ് രൂക്ഷ ഭാഷയില്‍ സംവിധായകന്‍ പ്രതികരിച്ചിരിക്കുന്നത്.
”ജോജുവിന്റെ വൈദ്യപരിശോധനാഫലം പുറത്തു വന്നു. നെഗറ്റീവാണ്.. രാവിലെ കൊച്ചിയിലെ സ്വന്തക്കാരുടെ അഴിഞ്ഞാട്ടം ന്യായീകരിക്കാന്‍ ശ്രീ സുധാകരന്‍ജി ഒരു പത്ര സമ്മേളനം വിളിക്കുകയും മദ്യപിച്ച ഒരു തെരുവ് ഗുണ്ടാ എന്ന് ജോജുവിനെ വിശേഷിപ്പിക്കുകയും ചെയ്യുന്നതു കണ്ടു. ഒന്നേ പറയാനുള്ളു.”
”കുമ്പളത്തു ശങ്കുപ്പിള്ളയും ആര്‍. ശങ്കറും സി.കെ. ഗോവിന്ദന്‍ നായരും വി.എം. സുധീരനും ഒക്കെ ഇരുന്ന കസേരയിലാണ് ആരുടെമൊക്കെയോ വിവരദോഷം കൊണ്ട് താങ്കള്‍ ഇരിക്കുന്നത്. നാറ്റിക്കരുത്, ആ കസേരയേയും പ്രസ്ഥാനത്തേയും” എന്നാണ് എം പത്മകുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരപരിപാടി ഒരു രാഷ്ട്രീയ പാര്‍ട്ടിയും നടത്തരുതെന്ന് പറഞ്ഞായിരുന്നു റോഡ് തടഞ്ഞ് കോണ്‍ഗ്രസ് നടത്തിയ സമരത്തെ ജോജു ചോദ്യം ചെയ്തത്. താനൊരു രാഷ്ട്രീയക്കാരനല്ലെന്നും തനിക്കൊരാളോടും വൈരാഗ്യമില്ലെന്നും, കോണ്‍ഗ്രസുകാരെ നാണംകെടുത്താന്‍ പാര്‍ട്ടിയുടെ പേരും പറഞ്ഞ് കുറച്ച് പേര്‍ ഇറങ്ങിയിരിക്കുകയാണെന്നും ജോജു ആരോപിച്ചു.
അതേസമയം മുണ്ടും മാടിക്കെട്ടി സമരക്കാര്‍ക്കു നേരെ ഗുണ്ടയെ പോലെ പാഞ്ഞടുക്കുകയായിരുന്നു ജോജു ജോര്‍ജെന്ന് കെ സുധാകരന്‍ പറഞ്ഞത്. ഗുണ്ടയെ പോലെയാണ് നടന്‍ പെരുമാറിയതെന്നും സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന് ജോജു ജോര്‍ജിനെതിരെ പൊലീസ് നടപടി സ്വീകരിക്കണമെന്നും സുധാകരന്‍ പറഞ്ഞു.
ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കൊച്ചിയില്‍ സംഘടിപ്പിച്ച വഴിതടയല്‍ സമരത്തില്‍ പ്രതിഷേധമറിയിച്ച് സംവിധായകന്‍ എ.കെ.സാജനും രംഗത്തെത്തി. വി.ഡി സതീശന്‍ എന്ന നേതാവില്‍ നിന്ന് ഇത്തരം പ്രാകൃതമായ സമരമുറകള്‍ അല്ല കേരളം പ്രതീക്ഷിക്കുന്നത്. ഇങ്ങനെ പോവുകയാണെങ്കില്‍ പിണറായി വിജയന് മൂന്നാമതും ഗജകേസരി യോഗമുണ്ടാകും എന്നാണ് സംവിധായകന്‍ പ്രതികരിക്കുന്നത്.
”വി.ഡി സതീശന്‍ എന്ന നേതാവില്‍ നിന്ന് ഇത്തരം പ്രാകൃതമായ സമരമുറകള്‍ അല്ല കേരളം പ്രതീക്ഷിക്കുന്നത്. അദ്ദേഹം തന്റെ അണികളോട് കാലഹരണപ്പെട്ട സമരമുറകള്‍ മാറ്റുവാന്‍ ആവശ്യപ്പെടണം. കോണ്‍ഗ്രസ് കുറച്ച് കൂടി ഭൗതികമായി മുന്നേറണം. അല്ലെങ്കില്‍ പിണറായി വിജയന് മൂന്നാമതും ഗജകേസരി യോഗമുണ്ടാകും” എന്ന് എ.കെ സാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.
എ.കെ സാജന്‍ ജോജു ജോര്‍ജിനൊപ്പം ഒരു പുതിയ സിനിമയെ കുറിച്ച് ചര്‍ച്ച ചെയ്യാനായി യാത്ര ചെയ്യവെയാണ് വഴി തടയല്‍ സമരത്തിലകപ്പെട്ടതും ജോജു പരസ്യമായി പ്രതിഷേധിച്ചതും. പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരപരിപാടി ഒരു രാഷ്ട്രീയ പാര്‍ട്ടിയും നടത്തരുതെന്ന് പറഞ്ഞായിരുന്നു റോഡ് തടഞ്ഞ് കോണ്‍ഗ്രസ് നടത്തിയ സമരത്തെ ജോജു ചോദ്യം ചെയ്തത്.താനൊരു രാഷ്ട്രീയക്കാരനല്ലെന്നും തനിക്കൊരാളോടും വൈരാഗ്യമില്ലെന്നും, കോണ്‍ഗ്രസുകാരെ നാണംകെടുത്താന്‍ പാര്‍ട്ടിയുടെ പേരും പറഞ്ഞ് കുറച്ച് പേര്‍ ഇറങ്ങിയിരിക്കുകയാണെന്നും ജോജു ആരോപിച്ചു.