ജോജുവിനെതിരായ ‘ഗുണ്ട’ പരാമർശം: ശക്തമായ പ്രതിഷേധമെന്ന് ബി. ഉണ്ണിക്കൃഷ്ണൻ

കൊച്ചി:നടൻ ജോജു ജോര്‍ജിനെ തെരുവു ഗുണ്ടയെന്ന് വിളിച്ചതിൽ ശക്തമായ പ്രതിഷേധമെന്ന് ഫെഫ്ക പ്രസിഡന്റ് ബി. ഉണ്ണികൃഷ്ണൻ. നടന്റെ വാഹനം തല്ലിത്തകർത്തത് ഒരുതരത്തിലും ന്യായീകരിക്കാനാകില്ലെന്നും അദ്ദേഹത്തെ ഗുണ്ട എന്ന് വിളിച്ച കെപിസിസി പ്രസിഡന്റിന്റെ പരാമർശം തികച്ചും അപലപനീയമാണെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.

‘ജോജുവിന്റെ വണ്ടിയുടെ അരികിൽ മറ്റൊരു വണ്ടിയിലുണ്ടായിരുന്ന രോഗിയുടെ അവസ്ഥ ചൂണ്ടിക്കാണിക്കാനാണ് ജോജു ശ്രമിച്ചത്. ഇങ്ങനെയൊരു പ്രശ്നത്തിൽ ഇടപെടുമ്പോൾ അതിന് വൈകാരികമായ തലമുണ്ട്. അവിടെ വാക്കേറ്റം ഉണ്ടാകുന്നതും സ്വാഭാവികം. രണ്ട് കാര്യങ്ങളിൽ സിനിമാപ്രവർത്തകർക്ക് ശക്തമായ പ്രതിഷേധമുണ്ട്. ഒന്ന്, അദ്ദേഹത്തിന്റെ വാഹനം തല്ലിത്തകര്‍ത്തു. രണ്ട്, ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിന്റെ മനസ്സ് കീഴടക്കിയ കലാകാരനെ ‘ഗുണ്ട’ എന്ന് കെപിസിസി പ്രസിഡന്റ് വിശേഷിപ്പിച്ചു. ആ പ്രതിഷേധം ഞങ്ങൾ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം പ്രതിപക്ഷ നേതാവിനോട് സംസാരിച്ചു. വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് ജോജുവിനെ വിളിക്കുമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചിട്ടുണ്ട്.’– ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News