ചണ്ഡീഗഡ് :എഥനോൾ കലർത്തിയ പെട്രോൾ വിലകൂടിയ കാറുകളിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ആശങ്കകൾ ഉന്നയിച്ച് ചണ്ഡീഗഡിൽ നിന്നുള്ള റാലി ഡ്രൈവർ രത്തൻ ധില്ലൻ. വൈറലായ ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ, E20 (20 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ) ഇന്ധനം നിറച്ച് ദിവസങ്ങൾക്കുള്ളിൽ ഒരു സുഹൃത്തിന്റെ ഫെരാരി സ്റ്റാർട്ട് ആയില്ലെന്ന് ധില്ലൻ അവകാശപ്പെട്ടു. ഇന്ധനവുമായി ബന്ധപ്പെട്ട എൻജിൻ തകരാറാണ് ഇതിന് കാരണമെന്ന് ടെക്നീഷ്യൻമാർ പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്.
E20 ഇന്ധനം ടാങ്കുകളിൽ ഈർപ്പം അടിഞ്ഞുകൂടാൻ കാരണമാകുമെന്നും ഇത് വാഹനങ്ങളുടെ പ്രകടനത്തെ ബാധിക്കുമെന്നും, പ്രത്യേകിച്ചും വല്ലപ്പോഴും മാത്രം ഓടിക്കുന്ന സൂപ്പർകാറുകളെയാണ് ഇത് കൂടുതൽ ബാധിക്കുന്നതെന്നും ധില്ലൻ സർക്കാരിനെ വിമർശിച്ചുകൊണ്ട് പറഞ്ഞു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ ടാഗ് ചെയ്തുകൊണ്ട് എക്സിലാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചത്.
“ഒരു സുഹൃത്തിന്റെ ഫെരാരിയിൽ E20 പെട്രോൾ നിറച്ചു. കുറച്ച് ദിവസങ്ങൾക്ക് ശേഷം അത് സ്റ്റാർട്ടാകാതായി. E20 ഇന്ധനമാണ് തകരാറിന് കാരണമെന്ന് ടെക്നീഷ്യൻമാർ പറയുന്നു. ഇനി പറയൂ, ഇതിന്റെ ഉത്തരവാദിത്തം ഗഡ്കരി ഏറ്റെടുക്കുമോ? കോടികൾ മുടക്കി കാർ വാങ്ങുകയും, റോഡ് ടാക്സ്, വാഹന ജിഎസ്ടി, ഇന്ധന നികുതി എന്നിവ അടച്ച് ഇന്ത്യയിൽ ഒരു കാറിന് അതിന്റെ വിലയുടെ മൂന്നിരട്ടിയോളം നൽകിയതിന് ശേഷം ഇതാണോ തിരികെ ലഭിക്കുന്നത്? സത്യം ഇതാണ്, ഈ ഇന്ധന മിശ്രിതം ഏറ്റവും കൂടുതൽ ബാധിക്കുന്നത് സൂപ്പർകാറുകളെയും വിലകൂടിയ വാഹനങ്ങളെയുമാണ്.
എന്നിട്ടും ആരും ഇതിനെക്കുറിച്ച് സംസാരിക്കാൻ ധൈര്യപ്പെടുന്നില്ല! കാരണം ഫേസ് സെപ്പറേഷൻ ആണ്. എത്തനോൾ വായുവിൽ നിന്ന് ഈർപ്പം വലിച്ചെടുക്കുന്നു. വാഹനം കുറച്ച് ദിവസത്തേക്ക് നിർത്തിയിട്ടാൽ, ടാങ്കിൽ വെള്ളം വേർപിരിഞ്ഞ് അടിഞ്ഞുകൂടാം. ഇത് ഇന്ധനം ശരിയായി ജ്വലിക്കാതിരിക്കാനോ വാഹനം സ്റ്റാർട്ടാകാതിരിക്കുന്നതിനോ കാരണമാകും“, പോസ്റ്റിൽ പറയുന്നു.
ഇന്ധനക്ഷമതയിലെ കുറവും എൻജിൻ ഭാഗങ്ങളിലുണ്ടാകുന്ന ആഘാതവും ഉൾപ്പെടെ E20 ഇന്ധനം വാഹനങ്ങളിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ സോഷ്യൽ മീഡിയയിൽ പിന്നീട് വലിയ ചർച്ചയായി. പലരും 20 ശതമാനം വരെ മൈലേജ് കുറഞ്ഞതായി അവകാശപ്പെട്ടു.
പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തുന്നതിനെതിരായ സോഷ്യൽ മീഡിയയിലെ രോഷപ്രകടനങ്ങൾ, തന്നെ രാഷ്ട്രീയമായി ലക്ഷ്യം വെക്കാനുള്ള ഒരു “പെയ്ഡ് ക്യാമ്പയിൻ” ആണെന്ന് നിതിൻ ഗഡ്കരി വ്യാഴാഴ്ച പറഞ്ഞിരുന്നു. വാഹന വ്യവസായം ഉൾപ്പെടെ ഈ രംഗവുമായി ബന്ധപ്പെട്ട എല്ലാവരുമായും E20 സംബന്ധിച്ച് വ്യക്തതവരുത്തിയിട്ടുണ്ടെന്നും ഗഡ്കരി വ്യക്തമാക്കിയിരുന്നു.
അതേസമയം, ഈ മാസം ആദ്യം ഗഡ്കരിക്കെതിരേ കോൺഗ്രസ് ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. അദ്ദേഹത്തിന്റെ രണ്ട് ആൺമക്കൾ എഥനോൾ ഉത്പാദിപ്പിക്കുന്ന സ്ഥാപനങ്ങളിൽ പങ്കാളികളായിരിക്കുകയും സർക്കാർ നയത്തിൽ നിന്ന് നേട്ടമുണ്ടാക്കുകയും ചെയ്യുമ്പോൾ, അദ്ദേഹം എഥനോൾ ഉത്പാദനത്തിനായി ശക്തമായി വാദിക്കുന്നു എന്നായിരുന്നു ആരോപണം.
രാജ്യവ്യാപകമായി 20 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ നടപ്പാക്കുന്നതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഒരു പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് കോൺഗ്രസിന്റെ ആരോപണങ്ങൾ വന്നത്. തങ്ങളുടെ വാഹനങ്ങൾക്ക് അനുയോജ്യമല്ലാത്ത ഇന്ധനം ഉപയോഗിക്കാൻ ദശലക്ഷക്കണക്കിന് വാഹന ഉടമകൾ നിർബന്ധിതരാകുന്നു എന്ന് ഹർജിയിൽ ആരോപിച്ചിരുന്നു.


