പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ലൈംഗിക പീഡനക്കേസിലെ അതിജീവിതയ്ക്കെതിരെ നിയമനടപടിയുമായി കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറിയും രാഹുലിന്റെ വിശ്വസ്തനുമായ ഫെന്നി നൈനാന്‍. യുവതിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് ഫെന്നി നൈനാന്‍ വ്യക്തമാക്കി. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് അതിജീവിത കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പരാതി നല്‍കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
നീതിയല്ല, മറിച്ച് രാഷ്ട്രീയ അജണ്ടയാണ് അതിജീവിതയുടെ ലക്ഷ്യമെന്ന് ഫെന്നി കുറ്റപ്പെടുത്തി. ‘നീതിപൂര്‍വ്വമായ നടപടിയാണ് വേണ്ടതെങ്കില്‍ പൊലീസിന് പരാതി നല്‍കുകയായിരുന്നു വേണ്ടത്. എന്തിനാണ് എനിക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പരാതി നല്‍കുന്നത്?’ ഫെന്നി നൈനാന്‍ ചോദിച്ചു.
യുവതിയുടെ പേരോ മറ്റ് വിവരങ്ങളോ താന്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. സ്വകാര്യ ചാറ്റുകള്‍ പുറത്തുവിട്ടത് ഒരു മാധ്യമപ്രവര്‍ത്തകയാണെന്നും അവര്‍ക്കെതിരെ കേസ് കൊടുക്കാനാണ് അതിജീവിത തയ്യാറാകേണ്ടതെന്നും ഫെന്നി പറഞ്ഞു. തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങളില്‍ പത്തനംതിട്ട എസ്പിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫെന്നിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം:
മൂന്നാമത്തെ പരാതിക്കാരി ആത്മാര്‍ഥമായി ആണ് പരാതി നല്‍കിയത് എങ്കില്‍ ആ പരാതി നിങ്ങള്‍ ആദ്യം നല്‍കേണ്ടത് നിങ്ങളുടെ സുഹൃത്തുക്കള്‍ എന്ന് നിങ്ങള്‍ കരുതുന്നവര്‍ക്കെതിരെയാണ്. നിങ്ങളുടെ സ്വകാര്യ ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പുറത്തുവിട്ടത് അവരാണ്.
നിങ്ങള്‍ ആരോപിക്കുന്നത് ശരിയാണെങ്കില്‍ നിങ്ങള്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു എന്ന് പറഞ്ഞ ദിവസം കഴിഞ്ഞു കൃത്യം 6 ദിവസങ്ങള്‍ക്കിപ്പുറം വിഷു ദിനത്തില്‍ നിങ്ങളെ ക്രൂരമായി ബലാത്സംഗം ചെയ്ത ആളിന് നിങ്ങള്‍ വിഷു കൈനീട്ടം നല്‍കിയ വിവരം പൊതുജനത്തിനെ അറിയിച്ചത് അവരാണ്.
നിങ്ങള്‍ നടത്തുന്ന വ്യാജപ്രചാരങ്ങള്‍ക്കെതിരെ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുകയും കോടതിയില്‍ മാനനഷ്ടകേസ് ഫയല്‍ ചെയ്യുകയും ചെയ്യും
രാഹുല്‍ മാങ്കൂട്ടത്തിലും സംഘവും ഫെന്നി നൈനാനും ചേര്‍ന്ന് തന്നെ സ്വഭാവഹത്യ നടത്തുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസമാണ് അതിജീവിത രാഹുല്‍ ഗാന്ധിക്ക് പരാതി നല്‍കിയത്. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, പ്രിയങ്ക ഗാന്ധി, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എന്നിവര്‍ക്കും പരാതിയുടെ പകര്‍പ്പ് അയച്ചിട്ടുണ്ട്.
രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് തന്നെ ഭീഷണിപ്പെടുത്തുകയാണെന്നും സൈബര്‍ ആക്രമണത്തിലൂടെ സ്ത്രീത്വത്തെ അപമാനിക്കുകയാണെന്നും യുവതി പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജീവിക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണെന്നും സൈബര്‍ ഗുണ്ടായിസത്തിലൂടെ തന്നെ നിശബ്ദയാക്കാനാണ് രാഹുല്‍ മാങ്കൂട്ടത്തിലും സംഘവും ശ്രമിക്കുന്നതെന്നും യുവതി ആരോപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി ഇടപെടണമെന്നാണ് അതിജീവിതയുടെ ആവശ്യം.
Fenni Ninan, KSU State General Secretary and a close confidant of MLA Rahul Mamkootathil, has announced legal action against the woman who leveled sexual assault allegations against the legislator. Ninan stated that he will file a defamation case against the survivor, claiming her accusations are politically motivated.


