വനിതാ ക്രിക്കറ്റ് താരം വനത്തിൽ മരിച്ചനിലയിൽ; കൊലപാതകമെന്നു കുടുംബം

ഭുവനേശ്വർ: ഒഡിഷയിൽ വനിതാ ക്രിക്കറ്റ് താരത്തെ വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ജനുവരി 11 മുതൽ കാണാതായ രാജശ്രീ സ്വെയ്നിന്റെ മൃതദേഹമാണ് കട്ടക്ക് നഗരത്തിനു സമീപത്തെ വനത്തിൽവച്ച് വെള്ളിയാഴ്ച കണ്ടെത്തിയതെന്നു പൊലീസ് അറിയിച്ചു. അതഗറിലെ ഗുരുദിജാഗിയ വനത്തിൽ ഒരു മരത്തിൽ തൂങ്ങിയ നിലയിലാണു മൃതദേഹം കണ്ടെത്തിയത്.

രാജശ്രീയെ കാണാതായതിനെ തുടർന്ന് പരിശീലകൻ വ്യാഴാഴ്ച മംഗളാബാഗ് പൊലീസിൽ പരാതി നൽകിയിരുന്നു. രാജശ്രീയുടെ മരണം കൊലപാതകമാണെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. മൃതദേഹത്തിൽ പരുക്കേറ്റതിന്റെ പാടുകളുണ്ടെന്നും കണ്ണിലും പരുക്കുണ്ടെന്നും കുടുംബം പ്രതികരിച്ചു. കാണാതായതിനു പിന്നാലെ പെൺകുട്ടിയുടെ സ്കൂട്ടര്‍ വനത്തിനു സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

പുതുച്ചേരിയിൽ നടക്കുന്ന ദേശീയ ക്രിക്കറ്റ് ടൂർണമെന്റിന്റെ തയാറെടുപ്പുകൾക്കായി ഒഡിഷ ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച പരിശീലന ക്യാംപിൽ രാജശ്രീ പങ്കെടുത്തതായി കുടുംബം പറഞ്ഞു. 25 വനിതാ താരങ്ങൾ ബജ്‍രകബട്ടി പ്രദേശത്തെ ഹോട്ടലിലാണു താമസിച്ചിരുന്നത്.

ജനുവരി പത്തിന് ഒഡിഷ വനിതാ ടീമിനെ പ്രഖ്യാപിച്ചപ്പോൾ രാജശ്രീ സ്വെയ്ന് ടീമിൽ ഇടം ലഭിച്ചിരുന്നില്ല. പിതാവിനെ കാണുന്നതിനായി പുരിയിലേക്കു പോകുന്നെന്ന് രാജശ്രീ പരിശീലകനെ അറിയിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News