കൊച്ചി: കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സിനിമാ ഷൂട്ടിങ്ങ് നിലച്ച സാഹചര്യത്തില്‍ കടുത്ത ദുരിതത്തില്‍ കഴിയുന്ന ആറായിരത്തില്‍പരം ദിവസവേതനക്കാര്‍ക്ക് സഹായം അഭ്യര്‍ത്ഥിച്ച് സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക മുഖ്യമന്ത്രിക്കും സാംസ്‌കാരിക വകുപ്പ് മന്ത്രിക്കും കത്ത് നല്‍കി.
ദൈനംദിന ചെലവുകള്‍ക്കും മരുന്നിനും വീട്ടുവാടക നല്‍കാനുമൊന്നും പണം ഇല്ലാത്തതിനാല്‍ ബുദ്ധിമുട്ടുകയാണ് സിനിമാ മേഖലയിലെ തൊഴിലാളികള്‍. ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ ഇവരുടെ കാര്യം പരിതാപകരമാവും എന്നാണ് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ അഭിപ്രായപ്പെടുന്നത്.
ഹൃദ്രോഗമുള്ളവര്‍, കരള്‍ ചികിസ്ത നടത്തുന്നവര്‍ ,ഡയാലിസിസ് നടത്തുന്നവര്‍ എന്നിങ്ങനെ നിരവധി അസുഖങ്ങളുള്ള നിരവധി ആളുകള്‍ ഈ 6000 തൊഴിലാളികളുടെ കൂട്ടത്തിലുണ്ട്. നിലവിലത്തെ സാഹചര്യത്തില്‍ സര്‍ക്കാര്‍ സഹായമില്ലാതെ ഇവര്‍ക്ക് അതിജീവനം ബുദ്ധിമുട്ടാകും. മാര്‍ച്ച് മാസം മുതല്‍ നിശ്ചലമായി പോയ മലയാള ചലച്ചിത്ര മേഖലയില്‍ 8000ത്തില്‍ പരം ആളുകള്‍ക്കാണ് വരുമാനം നഷ്ടമായത്. അതില്‍ തന്നെ 6000ത്തില്‍ പരം ആളുകള്‍ ദൈനംദിന ചെലവുകള്‍ക്കായി ബുദ്ധിമുട്ടുകയാണെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിയില്‍ കഴിയുന്ന സിനിമ പ്രവര്‍ത്തകരെ സഹായിക്കാന്‍ ഫെഫ്ക ആദ്യമേ തന്നെ രംഗത്ത് എത്തിയിരുന്നു. ഫെഫ്ക മുമ്‌ബോട്ട് വെച്ച സഹായ പദ്ധതിയിലേക്ക് മോഹന്‍ലാല്‍ 10 ലക്ഷവും മഞ്ജു വാര്യര്‍ അഞ്ച് ലക്ഷവും സഹായ തുകയായ് തുടക്കത്തില്‍ നല്‍കിയിരുന്നു. എന്നാല്‍ ഈ സമാഹരിച്ച തുക തികയാത്ത സാഹചര്യമാണ് നിലവിലുള്ളത്.