‘പ്രൊമോഷനിൽ പങ്കെടുത്തില്ല; നിർമാതാവിന് 25 ലക്ഷം നഷ്ടം’ നടൻ ബിജു മേനോനെതിരേ ബി. ഉണ്ണികൃഷ്ണൻ

കൊച്ചി: നടൻ ബിജു മേനോനെതിരേ സിനിമയിലെ തൊഴിലാളി സംഘടനയായ ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. ബിജു മേനോൻ കരാർ പ്രകാരമുള്ള പ്രൊമോഷനിൽ പങ്കെടുക്കാത്തതിനെത്തുടർന്ന് നിർമാതാവിന് 25 ലക്ഷം രൂപ നഷ്ടമായെന്ന് ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. കൊച്ചിയിലെ വാർത്താസമ്മേളനത്തിലായിരുന്നു ബി. ഉണ്ണികൃഷ്ണന്റെ ആരോപണം.

‘മലയാള സിനിമയിലെ പ്രധാനപ്പെട്ട നടൻ പ്രൊമോഷന് പോവാത്തതുകൊണ്ട് ഒരു നിർമാതാവിന്, അദ്ദേഹം ഒരു സംവിധായകൻ കൂടിയാണ്, ഞങ്ങളുടെ അംഗമാണ്, 25 ലക്ഷം രൂപയാണ് ചാനലിൽനിന്ന് കിട്ടാനുള്ള തുകയിൽ കുറഞ്ഞത്. അതേ നടൻ, ജീത്തു ജോസഫ് സംവിധാനംചെയ്ത സിനിമയിൽ പ്രൊമോഷന് പോയിട്ടില്ല. ഞാൻ ബിജു മേനോനെക്കുറിച്ചാണ് സംസാരിക്കുന്നത്. പേരുപറയാൻ മടിയുള്ള ആളല്ല ഞാൻ. പ്രൊമോഷൻ എന്നത് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ കരാറിലുള്ള കാര്യമല്ലേ’, ബി. ഉണ്ണികൃഷ്ണൻ ചോദിച്ചു.

‘പടം പ്രൊമോട്ട് ചെയ്യാനുള്ള ബാധ്യത എനിക്കാണെന്ന് കരാറിൽ ഒപ്പിട്ട ശേഷം പോവാതിരിക്കുക. അതിനെത്തുടർന്ന് നിർമാതാവിന് 25 ലക്ഷം രൂപ നഷ്ടപ്പെടുക. ഇപ്പോൾ വന്ന സിനിമയിലും ഇതുതന്നെയാണ് സംഭവിക്കുന്നത്’, അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, മലയാള സിനിമാ മേഖലയിൽ പുതിയ കോൾ ഷീറ്റ് സമ്പ്രദായം നിലവിൽ വന്നതായി ബി. ഉണ്ണികൃഷ്ണൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഫെഫ്ക്കയും ചേർന്ന് ഇതുസംബന്ധിച്ച് കരാർ ഒപ്പിട്ടു. 16 മണിക്കൂർ ജോലിയെന്നത് 12 മണിക്കൂറായി കുറയും. നടീനടൻമാർ ലൊക്കേഷനിൽ വരാൻ വൈകുമ്പോൾ തൊഴിലാളികൾ യൂണിറ്റിൽ അധികജോലി ചെയ്യേണ്ട സ്ഥിതിയായിരുന്നു. ഇതുമാറും.

മലയാള സിനിമയുമായി ബന്ധപ്പെട്ട് വിപ്ലവകരമായ കരാറാണിതെന്ന് ബി. ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു. അംഗങ്ങളുടെ ക്ഷേമവും അവകാശവും സംരക്ഷിക്കുന്നതാണ് പുതിയ വേതന കരാർ. വിശ്രമം, ഓവർ ടൈം തുടങ്ങി നിരവധി കാര്യങ്ങളിൽ തീരുമാനമായിയെന്നും ബി. ഉണ്ണികൃഷ്ണൻ അറിയിച്ചു.

FEFKA General Secretary B. Unnikrishnan has raised allegations against actor Biju Menon during a press conference in Kochi. Unnikrishnan stated that a producer incurred a loss of ₹25 lakhs because the actor failed to participate in the film’s promotion as per his contract. This statement highlights ongoing tensions regarding actors’ commitments to promotional activities in the Malayalam film industry.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News