ന്യൂഡല്‍ഹി: മിഷനറീസ് ഓഫ് ചാരിറ്റിക്ക് വിദേശ സഹായങ്ങള്‍ സ്വീകരിക്കാനുള്ള എഫ്.സി.ആര്‍.എ ലൈസന്‍സ് കേന്ദ്ര സര്‍ക്കാര്‍ പുനഃസ്ഥാപിച്ചു. ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് മിഷനറീസ് ഓഫ് ചാരിറ്റി അധികൃതര്‍ സമര്‍പ്പിച്ച രേഖകള്‍ തൃപ്തികരമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചതോടെയാണ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ തീരുമാനിച്ചത്.
ഡിസംബര്‍ 25നാണ് മിഷനറീസ് ഓഫ് ചാരിറ്റിയുടെ എഫ്.സി.ആര്‍.എ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനുള്ള അപേക്ഷ നിരസിച്ചത്. പുതുക്കാനുള്ള അപേക്ഷ വീണ്ടും നല്‍കിയിട്ടില്ലെന്നും ചട്ടങ്ങള്‍ ലംഘിച്ചതായുമായാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നത്.
അതേസമയം, മിഷനറീസ് ഓഫ് ചാരിറ്റിയുടെ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ സഹായവും ഉറപ്പു നല്‍കി ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് രംഗത്തെത്തിയിരുന്നു. ആവശ്യമെങ്കില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ തുക നല്‍കുമെന്നാണ് നവീന്‍ പട്‌നായിക് ഉറപ്പു നല്‍കിയത്.
മിഷനറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത് നടുക്കമുണര്‍ത്തുന്നതാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും പറഞ്ഞു. മിഷനറീസ് ഓഫ് ചാരിറ്റിയുടെ സഹോദരിമാരുടെ പരിചരണത്തിലുള്ള 22,000 രോഗികള്‍ക്കും മറ്റുള്ളവര്‍ക്കും ഭക്ഷണവും മരുന്നും വാങ്ങാന്‍ നിര്‍വാഹമില്ലാതായെന്നും മമത ട്വീറ്റ് ചെയ്തിരുന്നു.