നെയ്യാറ്റിന്‍കരയില്‍ വീണ്ടും ഗുണ്ടാ ആക്രമണം; പിന്നില്‍ ഡാന്‍സര്‍ വിഷ്ണുവെന്ന് സൂചന

തിരുവന്തപുരം: നെയ്യാറ്റിന്‍കരയില്‍ വീണ്ടും ഗുണ്ടാ ആക്രമണം. ആറാലുമ്മൂട്ടില്‍ വീട്ടില്‍ അതിക്രമിച്ചു കയറി ഗൃഹനാഥനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു. ആറാലുമ്മൂട് സ്വദേശി ഷാജഹാനാണ് വെട്ടേറ്റത്. ഷാജഹാന്റെ തലയിലും കൈകളിലും ഗുണ്ടാ സംഘം വെട്ടി പരുക്കേല്പിച്ചു. കുപ്രസിദ്ധ ഗുണ്ട ഡാന്‍സര്‍ വിഷ്ണുവും കൂട്ടാളി സൈദും ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്നാണ് പരാതി.

സംഭവത്തില്‍ നെയ്യാറ്റിന്‍കര പോലീസ് കേസെടുത്തു. ഇന്നലെ രാത്രിയും നെയ്യാറ്റിന്‍കരയില്‍ ഗുണ്ടാ ആക്രമണമുണ്ടായിരുന്നു. നെയ്യാറ്റിന്‍കര ധനുവച്ചപുരത്ത് വീടുകയറിയാണ് ഗുണ്ടാസംഘത്തിന്റെ ആക്രമിച്ചത്. ആറാലുംമൂട് സ്വദേശി സുനില്‍കുമാറിനാണ് തലയ്ക്ക് വെട്ടേറ്റത്. ഇന്നലെ രാത്രി നാലംഗ സംഘം വീട് കയറി ആക്രമിക്കുകയായിരുന്നു.

തലയ്ക്ക് വെട്ടേറ്റ സുനില്‍ കുമാര്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രഞ്ജിത്ത്, അഭിലാഷ്, ദീപക്, ശ്രീരാജ് എന്നിവര്‍ ആക്രമിച്ചുവെന്നാണ് സുനില്‍ കുമാറിന്റെ മൊഴി. ശ്രീരാജിനും പരിക്കേറ്റു. നെയ്യാറ്റിന്‍കരയിലെ മരണ വീട്ടില്‍ വെച്ചുണ്ടായ തര്‍ക്കമാണ് വീടുകയറിയുള്ള അക്രമത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് നിഗമനം. ആക്രമണത്തില്‍ വനിതാ സിവില്‍ പോലീസ് ഉദ്യോഗസ്ഥ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News