മൊഹാലി: ഫിഫ ഫുട്‌ബോള്‍ ലോകകപ്പിന്റെ ആവേശത്തിലേക്ക് കായിക ലോകം ഉണര്‍ന്ന് കഴിഞ്ഞു. കാറ്റ് നിറച്ച തുകല്‍പ്പന്തിന് പിന്നാലെ ലോകം സഞ്ചരിക്കുന്ന നാളുകളാണ് ഇനിയുള്ളത്. ഓരോ ടീമിന്റെയും ആരാധകര്‍ സജീവ കിരീട പ്രതീക്ഷയോടെയാണ് മുന്നോട്ട് പോകുന്നത്. ബ്രസീല്‍, അര്‍ജന്റീന, ഇംഗ്ലണ്ട്, ഫ്രാന്‍സ്, സ്‌പെയിന്‍, പോര്‍ച്ചുഗല്‍ തുടങ്ങിയ വമ്പന്‍ ടീമുകളുടെ ആരാധകര്‍ ഇതിനോടടകം വലിയ കട്ടൗട്ടുകളോടെ ലോകകപ്പിനെ വരവേല്‍ക്കാനായി ഒരുങ്ങിക്കഴിഞ്ഞു.
പല പ്രമുഖരും ഇത്തവണത്തെ ഫുട്‌ബോള്‍ ലോകകപ്പിലെ ഇഷ്ട ടീമിനെക്കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും ലോകകപ്പ് ഹീറോയുമായ യുവരാജ് സിങ് ഇത്തവണത്തെ ഫുട്‌ബോള്‍ ലോകകപ്പിലെ തന്റെ ഇഷ്ട ടീമിനെയും വിജയിയേയും പ്രവചിച്ചിരിക്കുകയാണ്.
പോര്‍ച്ചുഗലാണ് യുവിയുടെ ടീം
ഒട്ടുമിക്ക പ്രമുഖരുടേയും ഇഷ് ടീമിനെ ചോദിച്ചാല്‍ അത് ബ്രസീലോ അര്‍ജന്റീനയോ ആവും. എന്നാല്‍ യുവിയുടെ ഇഷ്ട ടീം പോര്‍ച്ചുഗലാണ്. ‘പോര്‍ച്ചുഗലാണ് എന്റെ ഇഷ്ട ടീം. ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് ഇഷ്ട താരം. 2002ല്‍ ബ്രസീല്‍ കിരീടം നേടിയ ലോകകപ്പാണ് ഞാന്‍ ആദ്യമായ കണ്ട ഫുട്‌ബോള്‍ ലോകകപ്പ്’- യുവരാജ് പറഞ്ഞു. ഇത്തവണ ഗംഭീര ടീമുമായാണ് പോര്‍ച്ചുഗലിന്റെ വരവ്. എന്നാല്‍ കപ്പടിക്കാനുള്ള കരുത്ത് ഉണ്ടോയെന്നത് സംശയമാണ്.
റോണോയുടെ കട്ട ഫാന്‍
യുവരാജ് സിങ് നേരത്തെ മുതല്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ കടുത്ത ആരാധകനാണ്. ക്ലബ്ബ് ഫുട്‌ബോളില്‍ റൊണാള്‍ഡോ ഓരോ ടീമിലേക്ക് മാറുമ്പോഴും യുവരാജ് പിന്തുണയോടെ രംഗത്തെത്തിയിരുന്നു. ട്വിറ്ററിലൂടെ റൊണാള്‍ഡോയുടെ പ്രകടനങ്ങളെ അഭിനന്ദിക്കാനും മടികാട്ടാത്തയാളാണ് യുവി. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫുള്‍ഹാമിനെതിരേ 2-1ന്റെ ത്രില്ലിങ് ജയം നേടിയ മത്സരത്തെ അഭിനന്ദിച്ചും യുവി ട്വിറ്ററില്‍ പോസ്റ്റിട്ടിരുന്നു.
റൊണാള്‍ഡോ മികച്ച ഫോമിലല്ല
ആധുനിക ക്രിക്കറ്റിലെ ഫുട്‌ബോള്‍ ഇതിഹാസമെന്ന് പറയുമ്പോഴും റൊണാള്‍ഡോയുടെ സമീപകാല പ്രകടനങ്ങള്‍ അത്ര മികച്ചതല്ല. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ റൊണാള്‍ഡോയ്ക്ക് പലപ്പോഴും ആദ്യ 11 സ്ഥാനം കിട്ടാറില്ല. പകരക്കാരന്റെ റോളിലെത്തുന്നതിലുള്ള അതൃപ്തി നേരത്തെ തന്നെ റൊണാള്‍ഡോ പങ്കുവെച്ചിരുന്നു. ക്ലബ്ബിനെതിരേ റൊണാള്‍ഡോ നല്‍കിയ അഭിമുഖം ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഇത് വലിയ വിവാദമായതോടെ യുണൈറ്റഡ് ടീം വിടാനുള്ള തയ്യാറെടുപ്പിലാണ് റൊണാള്‍ഡോ.
പോര്‍ച്ചുഗല്‍ ടീം
ഗോള്‍ കീപ്പര്‍മാര്‍: ഡിയേഗോ കോസ്റ്റം റൂയി പട്രീഷ്യോ, ഹോസെ സ, പ്രതിരോധ നിര: ജാവോ കാന്‍സലോ, ഡിയെഗോ ഡാലോറ്റ്, പെപ്പെ, റൂബന്‍ ഡിയാസ്, ഡാനിലോ പെരേര, അന്റോണിയോ സില്‍വ, നൂനോ മെന്‍ഡസ്, റാഫേല്‍ ഗുറേറോ. മധ്യനിര: വില്ല്യം, റൂബന്‍ നെവെസ്, പലീഞ്ഞ, ബ്രൂണോ ഫെര്‍ണാണ്ടസ്, വിറ്റീഞ്ഞ, ഒറ്റാവിയോ, മതേയുസ് ന്യൂനെസ്, ബെര്‍ണാഡോ സില്‍വ, ജാവോ മരിയോ. ആക്രമണ നിര: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ജാവോ ഫെലിക്‌സ്, റാഫേല്‍ ലിയോ, റിക്കാര്‍ഡോ ഹോര്‍ട്ട, ആന്ദ്രേ സില്‍വ, ഗോണ്‍സാലോ റാമോസ്.