12 വയസുകാരി മകളെ ലൈംഗീകമായി പീഡിപ്പിച്ച പിതാവ് പോലീസ് അന്വേഷണത്തിനിടെ വിദേശത്തേക്ക് കടന്നു

കോഴിക്കോട്: പന്ത്രണ്ടു വയസുകാരി മകളെ ലൈംഗീകമായി പീഡിപ്പിച്ച പിതാവ് പോലീസ് അന്വേഷണത്തിനിടെ വിദേശത്തേക്ക് കടന്നു. പിതാവ് ഉപദ്രവിക്കുന്ന വിവരം കുട്ടി അധ്യാപകരെ അറിയിച്ചതിനെ തുടര്‍ന്നാണ് കുന്ദമംഗലം പോലീസ് കേസെടുത്തത്.

മകളുടെ സ്വകാര്യ ഭാഗങ്ങളില്‍ കടന്നുപിടിക്കുകയും അശ്ലീല വീഡിയോകള്‍ കാണിച്ച് സെക്സിന് പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് പിതാവിനെതിരെ കുട്ടിയുടെ പരാതി. പിതാവിന്റെ ഭീഷണിയെ തുടര്‍ന്ന് വീട്ടില്‍ പറയാതിരുന്ന കുട്ടി അധ്യാപകരെ വിവരം അറിയിക്കുകയായിരുന്നു.

കഴിഞ്ഞ മാസം 28നാണ് കുട്ടിയുടെ പരാതി അധ്യാപകര്‍ പൊലീസില്‍ അറിയിക്കുന്നത്. ചൈല്‍ഡ് ലൈന്‍ വഴിയെത്തിയ പരാതിയില്‍ പിതാവിനെതിരെ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതി നാടുവിട്ടത്. കുട്ടിയുടെ മാതാപിതാക്കള്‍ തമ്മിലുള്ള പ്രശ്നത്തില്‍ കുട്ടിയെ ബലിയാടാക്കുകയാണെന്ന സംശയത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതി മുങ്ങുന്നത്.

പിതാവിനെതിരെ ഗാര്‍ഹിക പീഡനത്തിന് കുട്ടിയുടെ മാതാവ് പരാതി നല്‍കിയതാണ് സംശയത്തിനിടയാക്കിയത്. എന്നാല്‍ കുട്ടിയുടെ പരാതി ബോധ്യപ്പെട്ടപ്പോഴേക്കും പ്രതി നാടുവിട്ടു. വിസ റദ്ദ് ചെയ്ത് പ്രതിയെ നാട്ടിലെത്തിക്കുമെന്ന് പൊലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News