ചണ്ഡിഗഡ്: കഴിഞ്ഞ ഏഴു വര്‍ഷത്തിലേറെയായി സര്‍ക്കാരുദ്യോഗസ്ഥനായ സ്വന്തം പിതാവ് ലൈംഗികമായി പീഡിപ്പിക്കുകയാണെന്നും പല തവണ ഗര്‍ഭിണിയായെന്നുമുള്ള പരാതിയുമായി പതിനേഴുകാരി പോലീസ് സ്‌റ്റേഷനില്‍. ഹരിയാനയിലാണ് ഞെട്ടിക്കുന്ന സംഭവം റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പരാതിയില്‍ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഹിസാറിലെ വനിതാ പോലീസ് സ്റ്റേഷനിലാണ് പെണ്‍കുട്ടി ഇതുസംബന്ധിച്ച പരാതി നല്‍കിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പിതാവ് തന്നെ ഏഴു വര്‍ഷത്തിലേറെയായി പീഡിപ്പിക്കുകയാണെന്നും എതിര്‍ത്തപ്പോഴെല്ലാം ആത്മഹത്യാ ഭീഷണി മുഴക്കുകയാണെന്നുമാണ് പെണ്‍കുട്ടിയുടെ പരാതി. പല തവണ താന്‍ അച്ഛനില്‍ നിന്ന് ഗര്‍ഭിണിയായെന്നും എന്നാല്‍ ബലം പ്രയോഗിച്ച് ഗര്‍ഭഛിദ്രം നടത്തിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി പോലീസിനെ അറിയിച്ചു. എന്നാല്‍ ഇപ്പോള്‍ തന്റെ 11 വയസ് പ്രായമുള്ള സഹോദരിയെയും അച്ഛന്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും പെണ്‍കുട്ടിയുടെ പരാതില്‍ പറഞ്ഞിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്യുന്നു.
പരാതിയ്ക്കു പിന്നാലെ കേസെടുത്ത് പോലീസ് കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്തു. ആവര്‍ത്തിച്ചുള്ള ബലാത്സംഗം, (ഐപിസി സെക്ഷന്‍ 376(2)), രക്ഷിതാവില്‍ നിന്നുള്ള പീഡനം (313), അനുവാദമില്ലാത്ത ഗര്‍ഭഛിദ്രം (506), മനഃപൂര്‍വമുള്ള ദോഹോപദ്രവം (323), തീവ്രമായ ലൈംഗിക പീഡനം (354എ(1)), എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇതിനു പുറമെ കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് സംരക്ഷിക്കാനുള്ള പോക്സോ വകുപ്പുകളും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. പ്രതിയെ കസ്റ്റഡിയിലെടുത്തതായും ചോദ്യം ചെയ്തതായും പോലീസ് അറിയിച്ചു. അതേസമയം, ഇരയായ പെണ്‍കുട്ടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നതിനാല്‍ പ്രതിയുടെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടില്ല.
ഹിസാര്‍ ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലെ പാചകക്കാരനാണ് പ്രതി. പെണ്‍കുട്ടി പീഡനം ചെറുത്തപ്പോഴെല്ലാം കൊല്ലുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നതായി പോലീസ് വ്യക്തമാക്കി. മൂന്ന് മാസം മുന്‍പും പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നു. എന്നാല്‍ ഗര്‍ഭം അലസിപ്പിക്കാനായി പിതാവ് ചില മരുന്നുകള്‍ നല്‍കിയതായാണ് പെണ്‍കുട്ടി പറയുന്നത്.
ഇതിനു ശേഷം മൂത്ത സഹോദരിയ്ക്കൊപ്പം പെണ്‍കുട്ടി താമസം മാറുകയായിരുന്നു. അപ്പോഴാണ് ഇളയ സഹോദരിയെയും പിതാവ് ദുരുപയോഗം ചെയ്യുന്ന വിവരം അറിഞ്ഞത്. തുടര്‍ന്ന് 17കാരി വിഷയം അമ്മയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.