25.1 C
Kottayam
Thursday, May 9, 2024

അച്ഛനും അമ്മയും മകനും നടത്തിയത് കോടികളുടെ തട്ടിപ്പ്, കൊച്ചിയിലെ ഫ്‌ളാറ്റിൽനിന്ന് അറസ്റ്റ്

Must read

പത്തനംതിട്ട: സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ കോടിക്കണക്കിന് രൂപയുടെ നിക്ഷേപം സ്വീകരിച്ചശേഷം തട്ടിപ്പുനടത്തിയ കേസില്‍ മൂന്നുപേര്‍ കോയിപ്രം പോലീസിന്റെ പിടിയിലായി. തോട്ടപ്പുഴശ്ശേരി പഞ്ചായത്തിലെ കുറിയന്നൂര്‍ പുളിമുക്കില്‍ പി.ആര്‍.ഡി. മിനി നിധി ലിമിറ്റഡ് ഉടമ ശ്രീരാമസദനത്തില്‍ ഡി.അനില്‍കുമാര്‍ (59), ഭാര്യ ഡി.എസ്.ദീപ(52), മകന്‍ അനന്ദു വിഷ്ണു (28) എന്നിവരെയാണ് എറണാകുളം ഇളമല്ലിക്കരയിലെ ഫ്‌ളാറ്റില്‍നിന്നു ശനിയാഴ്ച പുലര്‍ച്ചെ പിടികൂടിയത്.

മറ്റൊരു മകന്‍ അനന്തുകൃഷ്ണയും പ്രതിയാണ്. തോട്ടപ്പുഴശ്ശേരി കുറിയന്നൂര്‍ തുണ്ടിയില്‍ അജയന്റെ ഭാര്യ ആതിര ഓമനക്കുട്ടന്‍ (36)ന്റെ പരാതിപ്രകാരമെടുത്ത കേസിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. 2017 നവംബര്‍ 15 മുതല്‍ ഈവര്‍ഷം ജൂണ്‍ 29 വരെയുള്ള കാലയളവില്‍ സ്ഥാപനത്തിന്റെ കുറിയന്നൂരുള്ള ശാഖയില്‍ പല പ്രാവശ്യമായി 5,40,000 രൂപ നിക്ഷേപിച്ചു. കാലാവധി പൂര്‍ത്തിയായിട്ടും പണമോ പലിശയോ തിരികെ ലഭിച്ചില്ല എന്നാണ് പരാതി.

ഒന്നാം പ്രതി സ്ഥാപനത്തിന്റെ എം.ഡിയും രണ്ടാംപ്രതി മാനേജരും മൂന്നാം പ്രതി ബോര്‍ഡ് മെമ്പറുമാണ്. ഈമാസം മൂന്നിനാണ് പരാതിനല്‍കിയത്. നിക്ഷേപത്തുക സംബന്ധിച്ചും ബാങ്ക് അക്കൗണ്ടുകളെപ്പറ്റിയും മറ്റും വിശദമായ അന്വേഷണം പോലീസ് നടത്തി. സ്ഥാപനത്തിന്റെ നിയമാവലി പരിശോധിച്ചതില്‍ ഉടമസ്ഥാവകാശം അനിലിന്റെ പേരിലും ബാക്കിയുള്ളവര്‍ അംഗങ്ങള്‍ ആണെന്നും ബോധ്യപ്പെട്ടിരുന്നു.

പ്രതികള്‍ പല പേരുകളില്‍ സ്ഥാപനം നടത്തി. വിവിധ പേരുകളില്‍ പണമിടപാടും നിക്ഷേപവും സ്വീകരിച്ചു. കൂടുതല്‍ പലിശ വാഗ്ദാനംചെയ്ത് കോടിക്കണക്കിനു രൂപയുടെ നിക്ഷേപം സ്വീകരിച്ചു. കാലാവധി കഴിഞ്ഞും നിക്ഷേപകര്‍ക്ക് പണമോ പലിശയോ നല്‍കാതെ തട്ടിപ്പ് നടത്തിവരുകയായിരുന്നു. ജില്ലയിലെ പല പോലീസ് സ്റ്റേഷനുകളിലും മറ്റ് ജില്ലകളിലും ഇവര്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും തെളിഞ്ഞിട്ടുണ്ട്.

പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ പോലീസ് പിടിച്ചെടുത്തു. വിദഗ്ധ പരിശോധനയ്ക്ക് സൈബര്‍ സെല്ലിന്റെ സഹായം തേടി. വിശദമായ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. സ്ഥാപനത്തിന്റെ ലൈസന്‍സ് അനിലിന്റെ പേരിലാണെന്നും റിസര്‍വ് ബാങ്ക് ലൈസന്‍സ് ഇല്ലെന്നും വ്യക്തമായിട്ടുണ്ട്. കോയിപ്രം പോലീസ് സ്റ്റേഷനില്‍ 32 കേസുകള്‍ ആണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്താനാണ് പോലീസ് നീക്കം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week