KeralaNews

‘ബസിന്റെ അടിയില്‍പ്പെട്ട് മരിച്ചത് കോളേജ് വിദ്യാര്‍ത്ഥിയാണ്’ ഓട്ടോയില്‍ കയറിയവരുടെ അടക്കം പറച്ചില്‍ കേട്ട നിമിഷം ചങ്കിടറി മകനെ ഓര്‍ത്ത്; പാഞ്ഞെത്തിയപ്പോള്‍ അറിഞ്ഞു മകന്റെ ദാരുണ മരണം!

കൊല്ലം: ടൗണില്‍ ഒരു ബസും ബൈക്കും കൂട്ടിയിടിച്ചു, ആര്‍ക്കും ഒന്നും സംഭവിച്ചിട്ടുണ്ടാകില്ല.. ആ തിക്കിലും തിരക്കില്‍ നിന്നും മാറി രണ്ടുപേര്‍ ഓട്ടോ പിടിച്ചു. വണ്ടിയില്‍ കയറിയ അവര്‍ പറഞ്ഞു, മരിച്ചത് ഒരു കോളേജ് വിദ്യാര്‍ത്ഥിയാണെന്ന്. ആ വാക്കുകള്‍ കേട്ടപ്പാടെ ബാബുരാജിന്റെ മനസില്‍ തീകോരിയിട്ട അനുഭവമായിരുന്നു. മകന്‍ രാവിലെ ഇതുവഴിയാണല്ലോ രാവിലെ ബൈക്കില്‍ പോയത് എന്ന ചിന്തയായതോടെ ആകെയൊരു വെപ്രാളം.

തിരിച്ച് സ്റ്റാന്‍ഡിലെത്തിയപ്പോള്‍ അടുത്ത കൂട്ടുകാര്‍ നിറകണ്ണുകളുമായി നില്‍ക്കുന്നു. ഇതോടെ ആ ദാരുണ മരണം സംഭവിച്ചത് തന്റെ മകന്‍ 24കാരനായ രാഹുല്‍ ആണെന്ന് ആ പിതാവ് വേദനയോടെ തിരിച്ചറിഞ്ഞു. തൊട്ടടുത്തുണ്ടായിട്ടും റോഡില്‍ രക്തത്തില്‍ കുളിച്ചു കിടന്ന മകനെ അറിയാതെ പോയതിന്റെ നെഞ്ചു നീറ്റത്തിലാണ് ഇന്ന് ബാബുരാജ്.

നഗരത്തില്‍ മുളങ്കാടകത്തിനു സമീപം അഞ്ചുകല്ലുംമൂട് ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവറാണ് രാമന്‍കുളങ്ങര വരമ്പേല്‍ക്കട മില്ലേനിയം നഗര്‍ 55 കിണറുവിള പടിഞ്ഞാറ്റതില്‍ വീട്ടില്‍ ബി.ബാബുരാജ്. അമിത വേഗതയിലെത്തിയ സ്വകാര്യ ബസാണ് രാഹുലിന്റെ ജീവനെടുത്തത്. ഓട്ടോ സ്റ്റാന്‍ഡിന്റെ തൊട്ടടുത്തു വച്ചാണ് ഇന്നലെ രാവിലെ വാഹനാപകടത്തില്‍ മരിച്ചത്. ചവറ ഭാഗത്തു നിന്നു കൊല്ലം ഭാഗത്തേക്ക് അമിതവേഗത്തില്‍ വന്ന സ്വകാര്യബസ് രാഹുല്‍ സഞ്ചരിച്ച ബൈക്കിനു പിന്നില്‍ ഇടിക്കുകയായിരുന്നു.

ചെറിയ അപകടമെന്തോ നടന്നുവെന്നേ ആ സമയം സ്റ്റാന്‍ഡില്‍ ഉണ്ടായിരുന്ന ബാബു കരുതിയുള്ളൂ. എന്നാല്‍ അത് തന്റെ മകന്റെ ജീവനെടുത്ത അപകടമാണെന്ന് വൈകിയാണ് ബാബുരാജ് അറിഞ്ഞത്. അപകടമുണ്ടായി അഞ്ചു മിനിറ്റിലധികം കഴിഞ്ഞാണ് ആശുപത്രിയിലെത്തിക്കാന്‍ വണ്ടി ലഭിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം നടത്തി.

എംകോം പൂര്‍ത്തിയാക്കിയ ശേഷം സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റ് ജോലിക്കൊപ്പം ബാങ്ക് പരീക്ഷയ്ക്കു പരിശീലനവും നടത്തിവരികയായിരുന്ന രാഹുല്‍ കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു. രണ്ടു പതിറ്റാണ്ടിലേറെയായി ഓട്ടോഡ്രൈവറായി ജോലി നോക്കുന്ന ബാബുരാജും കുടുംബവും വാടക വീട്ടിലാണു താമസം. രാഹുലിന്റെ അമ്മ: സിന്ധു. സഹോദരന്‍: രാജേഷ്. രാഹുലിനെ ഇടിച്ചിട്ട സ്വകാര്യബസിന്റെ ഡ്രൈവര്‍ സംഭവസ്ഥലത്തു നിന്ന് ഓടിക്കളഞ്ഞു. ഇയാള്‍ക്കു വേണ്ടി അന്വേഷണം നടത്തി വരികയാണ്. ഇയാളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മോട്ടര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button