കൊല്ലം: കൊല്ലത്ത് ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട വിസ്മയ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് പിതാവും സഹോദരനും. ഇടക്ക് തങ്ങളുടെ മുന്നില്‍ വച്ച് മകളെ കിരണ്‍ തല്ലിയെന്നും അതിനു കൊടുത്ത കേസ് കിരണിന്റെ പിതാവും മറ്റും അപേക്ഷിച്ചതിനെ തുടര്‍ന്ന് പിന്‍വലിച്ചു എന്നും അവര്‍ പറഞ്ഞു.
”11 കാല്‍ ലക്ഷം രൂപയുടെ വാഹനമാണ് നല്‍കിയത്. കുട്ടിക്ക് ഒന്നും വേണ്ടെന്ന് അവര്‍ പറഞ്ഞിരുന്നു. പിന്നീട് വലിയച്ഛനും അച്ഛനും, സദാശിവന്‍ പിള്ളയും ശിവദാസന്‍ പിള്ളയും ചേര്‍ന്ന് എന്നെ വെളിയിലേക്ക് വിളിച്ചിട്ട് ‘എന്താണ് നിങ്ങളുടെ കുട്ടിക്ക് കൊടുക്കുക എന്ന് ഞങ്ങളോട് പറഞ്ഞാല്‍ മതി’ എന്ന് പറഞ്ഞു. അത് സദസ്സില്‍ പറയണ്ടെന്നും അവര്‍ പറഞ്ഞു. അപ്പോള്‍, 100 പവന്‍ സ്വര്‍ണവും ഒരേക്കര്‍ 20 സെന്റ് വസ്തുവും 10 ലക്ഷം രൂപയ്ക്ക് താഴെ ഒരു വാഹനവും തരാം എന്ന് പറഞ്ഞു. അതെല്ലാം ഓക്കെയായി. അങ്ങനെ ഒരു ടൊയോട്ട യാരിസ് വാങ്ങി നല്‍കി.
ജനുവരി മാസം, രാത്രി ഒന്നേകാല്‍ ആയപ്പോള്‍ അവന്‍ മദ്യപിച്ച് മകളെയുമായി വീട്ടിലെത്തി. വാഹനത്തില്‍ നിന്നിറങ്ങിയിട്ട് മോളെ പിടിച്ചിറക്കി അടിച്ചു. അപ്പോള്‍ എന്റെ മകന്‍ തടയാന്‍ ശ്രമിച്ചു. മകനെ അടിച്ച് തള്ളി താഴെയിട്ടു. കൈയ്ക്ക് പൊട്ടലുണ്ടായി. എന്നിട്ട് പോലീസിനെ വിളിച്ചു. എസ് ഐ വന്നു. അപ്പോള്‍ ഇവന്‍ ഓടി. പക്ഷേ, പോലീസ് ഇവനെ പിടിച്ചു. പിടിച്ചപ്പോള്‍ എസ്‌ഐയുമായിട്ട് ഇവന്‍ അടികൂടി. എസ്‌ഐയുടെ യൂണിഫോം കീറി. കഴുത്ത് മുറിഞ്ഞു. പിന്നെ, ഇവനെ വിലങ്ങ് വച്ച് എന്റെ വീട്ടിനു മുന്നില്‍ കൊണ്ടുവന്ന് ചോദിച്ചു, ”ഇവനാണോ വീട് കേറി ആക്രമിച്ചത്?” ഞാന്‍ പറഞ്ഞു, അതെ. അങ്ങനെ മെഡിക്കല്‍ എടുത്തപ്പോള്‍ 85 ശതമാനം ആല്‍ക്കഹോള്‍ ഉണ്ട്.
ഞാനും മകനും കൂടി ആശുപത്രിയില്‍ പോയി. പകല്‍ 11 മണി ആയപ്പോഴേക്കും അച്ഛനും അളിയനും ഒപ്പം ജോലി ചെയ്യുന്ന ഒരാളുമായി വന്ന് കാലുപിടിച്ചു. ‘അവന്‍ മദ്യലഹരിയില്‍ ചെയ്തതാണ്. ഇനി അങ്ങനെ ഉണ്ടാവില്ല’ എന്നൊക്കെ പറഞ്ഞു. മകള്‍ പറഞ്ഞത്, ‘ചേട്ടന്‍ എന്ത് തീരുമാനം എടുത്താലും കുഴപ്പമില്ലെന്നാ’ണ്. പൊലീസ് സ്റ്റേഷനില്‍ വച്ച് ചടയമംഗലം സിഐ മകനെ വിളിച്ച് കുറേ കാര്യം സംസാരിച്ചു. ‘പെങ്ങളെ താലികെട്ടിയ ആളാണ്. ഒരു ജീവിതമേയുള്ളൂ’ എന്നൊക്കെ സംസാരിച്ചു. അങ്ങനെ കേസ് പിന്‍വലിച്ച് 2 മണി ആയപ്പോള്‍ അവനെ റിലീസ് ആക്കി.
പിന്നീട് രണ്ട് മാസം അവള്‍ എന്റെ വീട്ടിലായിരുന്നു. ഇടക്ക് കിരണിന്റെ വീട്ടില്‍ നില്‍ക്കാനെന്ന് പറഞ്ഞ് അവള്‍ പോയി. പോകുന്ന കാര്യം അമ്മയോട് മാത്രമേ പറഞ്ഞിരുന്നുള്ളൂ. അതുകൊണ്ട് ഞങ്ങള്‍ അവളുമായി പിണക്കത്തിലായിരുന്നു. ആ സമയത്ത് അവന്‍ അവളുടെ ഫോണില്‍ നിന്ന് ഞങ്ങളുടെ നമ്പരെല്ലാം ഡിലീറ്റ് ചെയ്ത് കളഞ്ഞു. പക്ഷേ, അമ്മയുടെ നമ്പര്‍ അവള്‍ക്ക് കാണാപാഠം അറിയാമായിരുന്നു. അങ്ങനെ അവന്‍ ജോലിക്ക് പോകുമ്പോള്‍ അവള്‍ വിളിക്കും. ‘അത്ര ബുദ്ധിമുട്ടി അവിടെ നില്‍ക്കണ്ട എന്ന് ഞാന്‍ പറഞ്ഞു പക്ഷേ, കുറച്ച് കാലം കൂടി നോക്കാം’ എന്ന് അവള്‍ പറഞ്ഞു. കാരണം, അവള്‍ നല്ല ധൈര്യശാലിയാണ്. അതുകൊണ്ടാണ് അവള്‍ അത്മഹത്യ ചെയ്യില്ലെന്ന് പറയുന്നത്. പിന്നെ മറ്റൊരു കാര്യമുണ്ട്. ഒരാള്‍ തൂങ്ങിമരിക്കുമ്പോള്‍ മലവും മൂത്രവും പോയിരിക്കും. അവള്‍ ഇതൊന്നും ചെയ്തിട്ടില്ല. സ്ത്രീധനം എനിക്ക് പറ്റിയ അബദ്ധമാണ്. അന്വേഷണത്തില്‍ പൂര്‍ണ വിശ്വാസമാണ്.”- പിതാവ് പറയുന്നു.
”ഇന്‍ക്വസ്റ്റ് നടപടികളില്‍ ഞാനാണ് അവിടെ പോയത്. അവിടെ ചെല്ലുമ്പോ ഡിവൈഎസ്പി തൂങ്ങിയതിന്റെ പാട് കാണിക്കുന്നുണ്ട്. താഴ്‌വശത്താണ് പാട്. ബോഡി ചെക്ക് ചെയ്യാന്‍ പറഞ്ഞു എന്നോട്. കൈത്തണ്ടയില്‍ ഞരമ്പ് മുറിച്ച പോലെ ഒരു പാടുണ്ട്. രക്തം തുടച്ചിരിക്കുന്നത് ഡ്രസിലല്ല. ബോഡിയിലാണ്. ആത്മഹത്യ ചെയ്യുന്ന ഒരാള്‍ ഞരമ്പ് മുറിച്ചാല്‍ സ്വാഭാവികമായും ഡ്രസിലല്ലേ തുടയ്‌ക്കേണ്ടത്? കയ്യില്‍ ഒടിവുണ്ടെന്ന് പറയുന്നു. അത് എങ്ങനെ ഉണ്ടായി?
സാധാരണയായി ആത്മഹത്യ ചെയ്യുമ്പോള്‍ മരണ വെപ്രാളത്തില്‍ അണിഞ്ഞിരിക്കുന്ന ഉടുപ്പും മറ്റും കീറാനുള്ള ത്വര കാണിക്കും. ഇവിടെ അത് ഉണ്ടായിട്ടില്ല. മലവും മൂത്രവും പോയിട്ടില്ല. ഇത് ഒരു ദിവസത്തെ ജസ്റ്റിസ് ഫോര്‍ വിസ്മയ ഹാഷ്ടാഗില്‍ ഒതുക്കരുത്. നിയമത്തിന്റെ എല്ലാ സാധ്യതയും വച്ച് സൂയിസൈഡാണോ ഹോമിസൈഡാണോ എന്ന് തെളിയിക്കണം. ഇത് സൂയിസൈഡല്ല എന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. കാരണം അവള്‍ അത്ര സ്‌ട്രോങ്ങാണ്.”- സഹോദരന്‍ പ്രതികരിച്ചു.