ന്യൂഡൽഹി:കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചെങ്കിലും സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് സംയുക്ത കിസാൻ മോർച്ച. ഈ മാസം 29ന് പാർലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങുന്ന ദിവസം നടത്താൻ നിശ്ചയിച്ചിരുന്ന പാർലമെന്റ് മാർച്ചുമായി മുന്നോട്ട് പോകാൻ സിംഘുവിൻ ചേർന്ന സംയുക്ത കിസാൻ മോർച്ച യോഗം തീരുമാനിച്ചു. കർഷകപ്രശ്നങ്ങൾ സംബന്ധിച്ച് പ്രധാനമന്ത്രിക്ക് ഒരു തുറന്ന കത്ത് എഴുതാനും നിയമങ്ങൾ പിൻവലിക്കുന്നുവെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം ആദ്യമായി ചേർന്ന യോഗത്തിൽ തീരുമാനമായി.
സംയുക്ത കിസാൻ മോർച്ച പ്രഖ്യാപിച്ച സമര പരിപാടികളിൽ മാറ്റമില്ലെന്ന് കർഷക സംഘടന നേതാവ് ബൽബീർ സിങ് രജേവൽ പറഞ്ഞു. നവംബർ 22-ന് മഹാപഞ്ചായത്ത്, 26-ന് അതിർത്തികളിൽസമ്മേളനങ്ങൾ, 29-ന് പാർലമെന്റ് ട്രാക്ടർ റാലി എന്നിവ നടക്കും. എന്നാൽ 29-ന് നടക്കുന്ന റാലി സംബന്ധിച്ച അന്തിമ തീരുമാനം 27-ലെ യോഗത്തിന് ശേഷമായിരിക്കും എടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിക്ക് അയക്കുന്ന തുറന്ന കത്ത് അടുത്ത ദിവസംതന്നെ പുറത്തിറക്കും. താങ്ങുവില, വൈദ്യുതി ഭേദഗതി ബിൽ, കേസുകൾ പിൻവലിക്കൽ, ലഖിംപൂർ ഖേരി സംഭവത്തിൽ ഉൾപ്പെട്ട മന്ത്രി അജയ് മിശ്രയെ പുറത്താക്കൽ, കർഷകർക്കുള്ള നഷ്ടപരിഹാരം തുടങ്ങിയവ കത്തിൽ ഉൾപ്പെടുത്തുമെന്നും കർഷക സംഘടന നേതാവ് ബൽബീർ സിങ് രജേവൽ കൂട്ടിച്ചേർത്തു.
27-ന് ചേരുന്ന യോഗത്തിൽ കത്തിനുള്ള മറുപടി വിലയിരുത്തും. ഈ യോഗത്തിലായിരിക്കും സമരം എങ്ങനെ മുന്നോട്ടുകൊണ്ടുപോകണം എന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകുക. നിലവിൽ നിശ്ചയിച്ചിട്ടുള്ള 27-ാം തീയതി വരെയുള്ള സമരപരിപാടികൾ അതനുസരിച്ചുതന്നെ നടക്കും. സമരസമിതി നേതാക്കളെ സർക്കാർ അനൗദ്യോഗികമായി ബന്ധപ്പെട്ട് ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചതായും റിപ്പോർട്ടുണ്ട്.