24.6 C
Kottayam
Monday, May 20, 2024

മുകേഷിൻ്റെ കുറുപ്പു കഥ ബഡായിയോ?വിശദീകരണവുമായി നടൻ

Must read

കൊച്ചി:സൂപ്പർ ഹിറ്റായി തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്ന കുറുപ്പ് സിനിമയെ കേന്ദ്രീകരിച്ച് മുകേഷ് നടത്തിയ പരാമർശത്തിൽ അതിരൂക്ഷമായ സൈബർ ആക്രമണമാണ് എംഎൽഎ നേരിടുന്നത്. യൂട്യൂബിൽ ഏറെ ശ്രദ്ധ നേടിയ മുകേഷ് സ്പീക്കിംഗ് എന്ന സീരീസിലാണ് മുകേഷ് സുകുമാരക്കുറുപ്പ് സംഭവത്തിലെ ഒരു വ്യക്തിയെ കുറിച്ച് പറഞ്ഞത്.

കല്പകവാടി ഇന്നിൽ വെയിറ്റർ ആയിരുന്ന രാമചന്ദ്രനെ കുറിച്ചാണ് മുകേഷ് പറഞ്ഞത്. ചാക്കോയ്ക്ക് പകരം കുറുപ്പും സംഘവും ആദ്യം കൊലപ്പെടുത്താൻ കണ്ടു വച്ചത് രാമചന്ദ്രനെ ആയിരുന്നു. ചില യാദൃശ്ചിക സംഭവങ്ങൾ കാരണം രാമചന്ദ്രൻ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. ചാക്കോ കൊല്ലപ്പെട്ടതറിഞ്ഞ് പിന്നീട് കൽപ്പകവാടിയിൽ ഞെട്ടലോടെ ഭയന്നു നിന്ന രാമചന്ദ്രനെ നേരിൽ കാണാനിടയായ സംഭവമാണ് മുകേഷ് അവതരിപ്പിച്ചത്. എന്നാൽ മുകേഷ് പറയുന്നത് തള്ള് ആണെന്നും സ്വന്തം പ്രോഗ്രാമിൻ്റെ റീച്ച് കൂട്ടാൻ കള്ളക്കഥ പറയുകയാണെന്നും ആയിരുന്നു ഒരു കൂട്ടരുടെ വിമർശനം. മമ്മൂട്ടിയെയും മകനെയും സഹായിക്കാൻ നുണക്കഥയുമായി എത്തി എന്നതായിരുന്നു മറ്റൊരു കൂട്ടരുടെ വിമർശനം.

എന്നാൽ, മുകേഷ് പറഞ്ഞത് സത്യമെന്ന് ചെറിയാൻ കൽപ്പകവാടി ഉൾപ്പെടെ അന്ന് സാക്ഷികളായവർ സ്ഥിരീകരിക്കുന്നു. താൻ രക്ഷപ്പെട്ട കാര്യം രാമചന്ദ്രൻ പിന്നീട് വീട്ടുകാരോടും പറഞ്ഞിരുന്നു. മാത്രമല്ല, രാമചന്ദ്രൻ്റെ കാര്യം മുകേഷ് കഥകളിലൂടെ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണ്. കള്ളം പറയേണ്ട കാര്യം തനിക്കില്ലെന്നാണ് വിമർശകർക്ക് മുകേഷിൻ്റെ മറുപടി. സംഭവസമയത്ത് ഉണ്ടായിരുന്ന ഒരുപാടു പേർ ജീവിച്ചിരിപ്പുണ്ട്. രാമചന്ദ്രൻ്റെ കാര്യം പറയണമെന്ന് കരുതിയതല്ല. കുറുപ്പ് ഇപ്പോൾ പുറത്തിറങ്ങിയപ്പോൾ ഓർമയിൽ പഴയ കാര്യം തെളിഞ്ഞു വന്നു. അതു പറഞ്ഞുവെന്നു മാത്രമേയുള്ളൂ. മമ്മൂട്ടിക്കും ദുൽഖറിനും വേണ്ടി പണിയെടുക്കുന്നുവെന്ന് പറയുന്നവർക്ക് ഇതൊക്കെ അന്വേഷിക്കാവുന്നതേയുളളൂ – മുകേഷ് പറയുന്നു. രാമചന്ദ്രൻ ഇപ്പോൾ മകനൊപ്പം ഡൽഹിയിലുണ്ട്.

മുകേഷ് സ്പീക്കിംഗിലെ വാക്കുകൾ ഇങ്ങനെ:

‘ഇന്ന് പറയാന്‍ പോകുന്നത് ഒരു സ്‌പെഷല്‍ കഥ ആണ്. എന്തുകൊണ്ടാണ് സ്‌പെഷല്‍ ആകുന്നു എന്നു ചോദിച്ചാല്‍ ഈ കഥയിലെ നായകന്‍ വില്ലനാണോ നായകനാണോ എന്ന് നമുക്ക് അറിഞ്ഞൂട. വില്ലനാണ്, പക്ഷേ കാലം കടന്നുപോകുമ്പോള്‍ പലരുടെയും മനസ്സില്‍ അദ്ദേഹത്തിന് ഹീറോയിസവും വരുന്നുണ്ട്. അത് മറ്റാരുമല്ല, കഴിഞ്ഞ മുപ്പത്തിയാറില്‍പരം വര്‍ഷങ്ങളായി കേരളം ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന പൊലീസ്, സര്‍ക്കാര്‍, സാധാരണക്കാര്‍ എല്ലാവരും ചര്‍ച്ച ചെയ്യുന്ന ഒരു വ്യക്തി, സാക്ഷാല്‍ സുകുമാരക്കുറുപ്പ്. മുപ്പത്തിയാറു കൊല്ലങ്ങള്‍ക്ക് മുന്‍പ് കുറുപ്പിനെക്കുറിച്ച് ഒരുപാട് ചര്‍ച്ച ചെയ്തതാണ്, ഇടയ്‌ക്കൊന്നു മങ്ങും വീണ്ടും പൊങ്ങും. സുകുമാരക്കുറുപ്പ് അവിടെ ജീവിച്ചിരിപ്പുണ്ട്, ഇവിടെ ജീവിച്ചിരിപ്പുണ്ട്. ഇപ്പോള്‍ കുറച്ചു ദിവസങ്ങളായി സുകുമാരക്കുറുപ്പ് സജീവ ചര്‍ച്ചയാണ്.

അതായത് നമ്മുടെ പ്രിയങ്കരനായ ദുല്‍ഖര്‍ സല്‍മാന്‍ സുകുമാരക്കുറുപ്പിനെക്കുറിച്ച് ഒരു ചിത്രം നിര്‍മിച്ച് കുറുപ്പായിത്തന്നെ അഭിനയിച്ചിരിക്കുന്നു. ദുല്‍ഖര്‍, കുറുപ്പിനെ വില്ലനാക്കുമോ നായകനാക്കുമോ എന്ന് എല്ലാവര്‍ക്കും ആശങ്ക ആയിരുന്നു. അതിന്റെ ഇരയായ ചാക്കോയുടെ കുടുംബം കണ്ടിട്ട് പറഞ്ഞത് ഇത് സുകുമാരക്കുറുപ്പിന്റെ യഥാര്‍ഥ കഥ തന്നെയാണ്, ഞങ്ങള്‍ക്ക് ഇഷ്ടപ്പെട്ടു എന്നാണ്. അതോടെ ആ ജിജ്ഞാസ ഇല്ലാതെയായി. ‘കുറുപ്പ്’ സിനിമയില്‍ത്തന്നെ കല്പകവാടി ഇന്നിന്റെ ഉള്ളില്‍ നടക്കുന്ന ഒരു ചെറിയ രംഗം ഉണ്ട്. അവിടുത്തെ ബാര്‍മാനുമായിട്ടുള്ള രംഗമുണ്ട്. ബാര്‍മാന്റെ പേര് രാമചന്ദ്രന്‍ എന്നാണ്. എന്റെ ഈ കഥയില്‍ സുകുമാരക്കുറുപ്പ് കഴിഞ്ഞാല്‍ രാമചന്ദ്രന്‍ ആണ് നായകന്‍. രാമചന്ദ്രനിലൂടെ നമ്മള്‍ സുകുമാരക്കുറുപ്പിലേക്ക് എത്തുകയാണ്. കല്പകവാടി ഇന്‍ ഇപ്പോള്‍ രണ്ടെണ്ണം ഉണ്ട്. അന്ന് ചെറിയാന്‍ കല്പകവാടിയും ലാല്‍ കല്പകവാടിയും ചേര്‍ന്ന് നടത്തുന്ന ഒരു ബാര്‍ അറ്റാച്ഡ് ഹോട്ടല്‍ ആയിരുന്നു. വളരെ പ്രസിദ്ധമായ ഒരു ഹോട്ടല്‍, എല്ലാവരും എപ്പോഴും കയറി ഭക്ഷണം കഴിക്കുന്ന ഹോട്ടല്‍. അവിടെയാണ് ഞാന്‍ ആദ്യമായിട്ട് കരിമീന്‍, കണമ്പ്, കൊഞ്ച് ഒക്കെ ഒരു ഹോട്ടലില്‍ വളര്‍ത്തുന്നത് കണ്ടത്. നമ്മള്‍ ചൂണ്ടിക്കാണിക്കുന്ന മീന്‍ നമുക്ക് പൊരിച്ചു തരും. വളരെ ഫേമസ് ആയിരുന്നു ആ ഹോട്ടല്‍.

ചെറിയാന്‍ കല്പകവാടിയെ നമുക്കെല്ലാവര്‍ക്കും അറിയാം. അദ്ദേഹം വളരെ വിജയിച്ച ഒരു തിരക്കഥാകൃത്താണ്. അദ്ദേഹം എഴുതിയ ‘ലാല്‍സലാം’ എന്ന മോഹന്‍ലാല്‍ ചിത്രം സൂപ്പര്‍ ഹിറ്റാണ്. അദ്ദേഹത്തിന്റെ അച്ഛന്‍ പ്രശസ്തനായ കമ്യൂണിസ്റ്റ് നേതാവ് വര്‍ഗ്ഗീസ് വൈദ്യന്റെയും അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തായ മന്ത്രി ടി.വി. തോമസിന്റെയും കഥയാണ് ലാല്‍ സലാം. മോഹന്‍ലാല്‍ എടുത്ത റോള്‍ ചെറിയാന്റെ പിതാവിന്റെ കഥ തന്നെയാണ്. കല്പകവാടി ഇന്‍ ആകുന്നതിനു മുന്‍പ് അത് അവരുടെ കുടുംബവീട് ആയിരുന്നു. ഞാനും ചെറിയാച്ചന്‍ എന്ന് ഞങ്ങള്‍ വിളിക്കുന്ന ചെറിയാനും ഒരേ സ്‌കൂളില്‍ ഒരേ ബോര്‍ഡിങ്ങില്‍ പഠിച്ചതാണ്. അന്നത്തെക്കാലത്ത് ഈ കല്പകവാടിയില്‍ വന്നു ഒരുപാടു ഭക്ഷണം കഴിക്കുമായിരുന്നു. പിന്നീടാണ് അത് കല്പകവാടി ഇന്‍ ആയത്. അതുകൊണ്ട് ആ കാലഘട്ടം മുതല്‍ ഒരു ആത്മബന്ധം ചെറിയാച്ചനും ലാലുമായും കല്പകവാടിയുമായും എനിക്കുണ്ട്.

രാമചന്ദ്രന്‍ ഒരുപാട് ഫാന്‍സ് ഉള്ള അവിടത്തെ ഒരു സപ്ലയര്‍ ആയിരുന്നു. ഒരു ദിവസം ഞാന്‍ കൂട്ടുകാരുമായി കല്പകവാടിയില്‍ ചെന്നു. രാമചന്ദ്രനെ നോക്കിയപ്പോള്‍ അദ്ദേഹത്തെ കാണുന്നില്ല. മറ്റൊരു സപ്ലയര്‍ വന്നിട്ട് ചോദിച്ചു ‘സാറേ രാമചന്ദ്രനെ നോക്കുവാരിക്കും അല്ലേ? സാറിന്റെ ആളല്ലേ, ദോ അവിടെ നില്‍പ്പുണ്ട് കരയുവാ’. മറ്റൊരു സപ്ലയറും വന്നു പറഞ്ഞു ‘സാര്‍ വിളിച്ചു ചോദിക്കൂ എന്താ പറ്റിയത് എന്ന്’. എല്ലാവരും രാമചന്ദ്രനെ റാഗ് ചെയ്യുന്നുണ്ട്. രാമചന്ദ്രന്റെ പ്രശസ്തിയില്‍ അവര്‍ക്കെല്ലാം ചെറിയ ദേഷ്യം ഉണ്ട്. എനിക്ക് വലിയ ആകാംക്ഷയായി എന്താണ് സംഭവിച്ചത് എന്നറിയാന്‍. നമ്മുടെ നായകന്‍ കണ്ണും തുടച്ച് എന്റെ അടുത്ത് വന്നു ‘സാറേ താമസിച്ചതില്‍ സോറി, ഇരിക്കൂ’.

രാമചന്ദ്രന് ഫാന്‍സ് ഉണ്ടാകാന്‍ കാരണം അവന്‍ ചെവിയില്‍ വന്നു പറയും, ‘സാറേ കരിമീന്‍ ഫ്രൈ മതി, കറി പോരാ, പുത്തരി പുട്ട് ഉണ്ട് കഴിപ്പിച്ചിട്ടേ വിടൂ’ എന്നൊക്കെ. അപ്പോള്‍ത്തന്നെ രാമചന്ദ്രന്‍ നമ്മുടെ സ്വന്തം ആളായിക്കഴിഞ്ഞു. ഭക്ഷണം കൊണ്ടുവന്നപ്പോള്‍ ഞാന്‍ രാമചന്ദ്രനോടു ചോദിച്ചു ‘എന്താണ് ഇവരെല്ലാം കളിയാക്കുന്നത്’. ‘ഒന്നുമില്ല സാറേ’, ‘അതല്ല അത് പറയണം. നമ്മള്‍ തമ്മില്‍ ഉള്ള ഇരിപ്പു വശം അനുസരിച്ച് അത് പറയണ്ടേ’. അപ്പോള്‍ രാമചന്ദ്രന്‍ പറഞ്ഞു ‘ഞാന്‍ പറയാം, കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് മൂന്നുനാലു പേര് ഇവിടെ വന്നിരുന്നു, ആദ്യമായിട്ടാണ് അവര്‍ വരുന്നത്. ഞാനുമായി വളരെ അടുത്തു. ഈ ഹട്ടില്‍ ആണ് അവര്‍ ഇരുന്നത് അങ്ങനെ അവര്‍ക്കു വേണ്ട കാര്യങ്ങളൊക്കെ ഞാന്‍ ചെയ്തുകൊണ്ടിരുന്നപ്പോള്‍ പെട്ടെന്ന് അതിനകത്ത് പ്രധാനപ്പെട്ട ഒരാള്‍ എഴുന്നേറ്റ് എന്റെ തോളില്‍ കയ്യിട്ടിട്ട് പറഞ്ഞു, ഞങ്ങള്‍ ഒരമ്മ പെറ്റ മക്കളെപ്പോലെ ഉണ്ടല്ലേ, ഒരേ ഹൈറ്റ് ഒരേ വെയിറ്റ്’.

അപ്പോള്‍ ഞാന്‍ പറഞ്ഞു, ‘സാറേ കളിയാക്കാതെ സാറൊക്കെ എന്ത് സുന്ദരനായിരിക്കുന്നു. ഞാനൊക്കെ വെറും അത്തപ്പാടി.’ അപ്പൊ ബാക്കിയുള്ളവരും പറഞ്ഞു, ‘അല്ലല്ല, അത് രാമചന്ദ്രന് മനസ്സിലാകാത്തതുകൊണ്ടാണ്, നിങ്ങള്‍ ദൂരെനിന്നു കണ്ടാല്‍ ഒരേപോലെ ഉണ്ട്.’ അപ്പോള്‍ അവര്‍ എനിക്ക് ഫോറിന്‍ സിഗരറ്റ് തന്നു. ഫോറിന്‍ മദ്യം വേണോ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു, ജോലി സമയത്ത് ഞാന്‍ കഴിക്കില്ല. പെട്ടെന്ന് ഞാന്‍ അവരോടു ചോദിച്ചു ‘സാറന്മാരെ എങ്ങോട്ടാ നിങ്ങള്‍ പോകുന്നത്?’ അവര്‍ ചോദിച്ചു ‘അതെന്താ രാമചന്ദ്രന്‍ അങ്ങനെ ചോദിച്ചത്?’ ഞാന്‍ പറഞ്ഞു ‘എനിക്ക് ഭാര്യ, കുട്ടികള്‍, കൃഷി ഒക്കെ ഉണ്ട്, ഇവിടെ ആഴ്ചയില്‍ ഒരു ദിവസമാണ് എനിക്ക് ഓഫ്. ജോലിയെല്ലാം കഴിഞ്ഞു പോകുമ്പോള്‍ വെളുപ്പാന്‍ കാലത്ത് ആലപ്പുഴയില്‍ നിന്നുള്ള ഫസ്റ്റ് ബസേ എനിക്ക് കിട്ടത്തൊള്ളൂ. ഞാന്‍ അതില്‍ അവിടെ ചെല്ലുമ്പോള്‍ വെളുപ്പാന്‍ കാലം ആകും, ഉച്ചവരെ കിടന്നുറങ്ങും, കുട്ടികളെ ഒക്കെ ഒന്ന് കണ്ടു വരുമ്പോഴേക്കും തിരിച്ചു വരാന്‍ ഉള്ള സമയമാകും. ഇന്നെങ്കിലും ഒന്ന് നേരത്തേ പോകണം അതുകൊണ്ടാണ് ഞാന്‍ ചോദിച്ചത് എങ്ങോട്ടാണ് എന്ന്’. അവര്‍ ചോദിച്ചു, ‘രാമചന്ദ്രന്റെ വീട് എവിടെയാ?’ ‘അത് ചേപ്പാട് ആണ്.’ ‘ഞങ്ങള്‍ക്ക് കരുനാഗപ്പള്ളിയില്‍ വളരെ അത്യാവശ്യം ആയിട്ട് പോകണം ഞങ്ങള്‍ ചേപ്പാട് ഇറക്കിയേക്കാം’. രാമചന്ദ്രന്റെ മുഖം വികസിച്ചു. ‘ദൈവമാണ് സാറേ, എന്റെ പ്രാര്‍ഥനയാണ് നിങ്ങളെ ഇവിടെ കൊണ്ടെത്തിച്ചത്. എത്ര കാലമായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു ഇങ്ങനെ ഒരാള്‍ വരാന്‍’. ‘രാമചന്ദ്രന്‍ ധൈര്യമായി വരൂ, ഞങ്ങള്‍ ഹോട്ടലിലിന്റെ മുന്നില്‍ നില്‍ക്കാം രാമചന്ദ്രന്‍ പെട്ടിയെടുത്ത് അങ്ങോട്ട് വാ.’

കഥയുടെ ഹാപ്പി എന്‍ഡിങ് ആകാറായപ്പോള്‍ ആണ് ആദ്യത്തെ ട്വിസ്റ്റ്. മറ്റൊരു കാര്‍ വന്നു നില്‍ക്കുന്നു അതില്‍ നിന്ന് കൊല്ലംകാരായ രാമചന്ദ്രന്റെ ക്ലയന്റസ് വന്നു നില്‍ക്കുന്നു ‘രാമചന്ദ്രാ’ എന്ന് വിളിച്ചു. രാമചന്ദ്രന്‍ ഞെട്ടി. രാമചന്ദ്രന്‍ ഓടി അവരുടെ അടുത്ത് ചെന്നിട്ടു പറഞ്ഞു ‘അതേ, വേറൊന്നും വിചാരിക്കരുത്. ഞാന്‍ വേറൊരു ബെസ്റ്റ് സപ്ലയറെ തരാം, ഇവര്‍ എന്നെ ചേപ്പാട് ഇറക്കാം എന്ന് പറഞ്ഞു, ആദ്യമായിട്ടാണ് ഞാന്‍ നേരത്തേ വീട്ടില്‍ എത്താന്‍ പോകുന്നത്. എനിക്ക് ഭാര്യയോടും കുട്ടികളോടും ഒപ്പം ഇരിക്കാം, രാവിലെ എഴുന്നേറ്റ് കൃഷിസ്ഥലങ്ങളും നോക്കാം..’ അപ്പോള്‍ അവര്‍ പറഞ്ഞു ‘അതിനെന്താ രാമചന്ദ്രനും ഞങ്ങളുമായി വര്‍ഷങ്ങളായുള്ള ബന്ധമല്ലേ, പക്ഷെ ഞങ്ങള്‍ മറ്റന്നാള്‍ വരാം അപ്പോള്‍ കാണാം.’ അപ്പോള്‍ രാമചന്ദ്രന്‍ ചോദിച്ചു ‘അയ്യോ ഒന്നും കഴിക്കുന്നില്ലേ’, അവര്‍ പറഞ്ഞു ‘രാമചന്ദ്രന്‍ ഇല്ലാതെ ഞങ്ങള്‍ക്ക് അങ്ങനെ ഒരു ശീലം ഇല്ലല്ലോ’ രാമചന്ദ്രന്‍ ധര്‍മ്മസങ്കടത്തിലായി. എന്നാല്‍ പോകാന്‍ തന്നെ തീരുമാനിച്ച് രാമചന്ദ്രന്‍ തിരിഞ്ഞപ്പോള്‍ സാക്ഷാല്‍ ഉടമസ്ഥന്‍ ചെറിയാന്‍ കല്പകവാടി നില്‍ക്കുകയാണ്. അദ്ദേഹം പറഞ്ഞു ‘രാമചന്ദ്രാ, അത് ശരിയല്ലല്ലോ ക്ലയന്റ്‌സ് ഭക്ഷണം കഴിക്കാന്‍ വരുമ്പോള്‍ അങ്ങനെ പോകുന്നത് തെറ്റല്ലേ, എല്ലാവരെയും വിട്ടിട്ടു രാത്രി പോകണം എന്നാണല്ലോ നമ്മുടെ കണ്ടീഷന്‍’.

രാമചന്ദ്രന്‍ പറഞ്ഞു, ശരിയാണ് സാര്‍. എന്നിട്ടു രാമചന്ദ്രന്‍ മറ്റവരോട് പറഞ്ഞു ‘നിങ്ങള്‍ പോകണം സാര്‍ എനിക്ക് നേരത്തേ വീട്ടില്‍ എത്താനുള്ള യോഗമില്ല. അപ്പോള്‍ അവര്‍ സമാധാനിപ്പിച്ചു ‘ഞങ്ങള്‍ക്ക് അമ്പലപ്പുഴ വരെ പോകാനുണ്ട്. പോയിട്ട് അരമണിക്കൂറിനകം ഞങ്ങള്‍ തിരിച്ചു വരും ഞങ്ങള്‍ വെയിറ്റ് ചെയ്യാം, രാമചന്ദ്രന്‍ ഇവരെ അറ്റന്‍ഡ് ചെയ്തിട്ട് വന്നാല്‍ മതി’ രാമചന്ദ്രന്‍ വീണ്ടും പറഞ്ഞു ‘നിങ്ങള്‍ ദൈവമാണ് സാര്‍, ദൈവം കൊണ്ട് വന്നിരിക്കുകയാണ്. ഒരു മുക്കാല്‍ മണിക്കൂര്‍’, അവര്‍ പറഞ്ഞു ഓക്കേ. ശരിക്കും കൊല്ലംകാരായ എന്റെ ക്ലയന്റസിനെ ഞാന്‍ ശപിച്ചു സാര്‍, ഇവര്‍ക്ക് ഈ സമയത്തെ വരാന്‍ കണ്ടോള്ളൂ എന്ന് വിചാരിച്ചു. ഏറ്റവും കൂടുതല്‍ ഞാന്‍ ശപിച്ചത് എന്റെ മുതലാളിയെത്തന്നെ ആണ്. ഞാന്‍ എത്രയും പെട്ടെന്ന് വന്നവരെ സല്‍ക്കരിച്ചിട്ട് പത്തരമണിക്ക് തന്നെ പെട്ടിയുമായി കല്പകവാടിയുടെ മുന്നില്‍ നിന്നു. അവരൊക്കെ വലിയ ആള്‍ക്കാരല്ലേ പോയിക്കാണും എന്ന് കരുതി, എങ്കിലും ഒരു നേരിയ പ്രതീക്ഷ.

പത്തര, പതിനൊന്നര, പന്ത്രണ്ടര. ഒരു മണിയായപ്പോഴേക്കും രാമചന്ദ്രന്റെ പ്രതീക്ഷ വിട്ടു. നിരാശയായി, സങ്കടമായി, ദേഷ്യമായി വീണ്ടും ചെറിയാന്‍ കല്പകവാടിയെ മനസ്സുകൊണ്ട് ശപിച്ച് കൊല്ലത്തുനിന്ന് വന്നവരെയും മനസ്സുകൊണ്ട് ചീത്തവിളിച്ചു, അപ്പോള്‍ ഒരു തണുത്ത കാറ്റടിച്ചു, എനിക്ക് കൈയെല്ലാം തണുത്തു വിറച്ചു, എനിക്ക് സങ്കടമായിപോയി സാറെ. ഞാന്‍ അവിടെ ഇരുന്നു, നാലുമണിയപ്പോള്‍ ബസില്‍ കയറി ചേപ്പാട് പോയി പിറ്റേദിവസം രാത്രി വന്നു. കഥ അത്രയേ ഉള്ളൂ.

എന്നാല്‍ ഇതൊക്കെ കഴിഞ്ഞ് കുറച്ചു ദിവസം കഴിഞ്ഞ് രാമചന്ദ്രനെ ഞാന്‍ വീണ്ടും കണ്ടു. ‘സാറേ’, രാമചന്ദ്രന്റെ കണ്ണ് ചുവന്നു വിങ്ങി, ഞാന്‍ തോളില്‍ തട്ടിയിട്ട് പറഞ്ഞു, പറയൂ എന്തുണ്ടായി രാമചന്ദ്രാ…

സാറേ, എന്നെ തോളില്‍ കയ്യിട്ട് ഒരമ്മ പെറ്റ മക്കളെപ്പോലെ ഇരിക്കുന്നില്ലേ എന്ന് ചോദിച്ചത് സുകുമാരക്കുറുപ്പ് ആയിരുന്നു സാറേ, അവര് എന്നെയാണ് ആദ്യം കൊല്ലാനായി തിരഞ്ഞെടുത്തത്’ വിങ്ങിപ്പൊട്ടുകയാണ് രാമചന്ദ്രന്‍. ‘ഈ പ്ലാനും കാര്യങ്ങളുമൊക്കെ ചെയ്തിട്ട് അവര്‍ പോയി, തിരിച്ചു വരാതിരുന്നത് പോകുന്ന വഴിക്ക് ചാക്കോയെ കണ്ടു, പാവം ചാക്കോ. അല്ലെങ്കില്‍ ചാക്കോയുടെ സ്ഥാനത്ത് ഞാന്‍ ആയിരുന്നേനെ സാറേ.’ എന്ന് പറഞ്ഞു രാമചന്ദ്രന്‍ പൊട്ടിക്കരഞ്ഞു. ‘എന്റെ ദൈവം ഈ ഹോട്ടലിന്റെ ഉടമസ്ഥന്‍ ചെറിയാന്‍ സാറാണ്. അദ്ദേഹം അന്ന് കണ്ടില്ലായിരുന്നെങ്കില്‍ ഞാന്‍ ഇല്ല. കൊല്ലത്തുനിന്ന് വന്ന ക്ലയന്റ്‌സ് ആണ് സാറേ എന്റെ മറ്റു ദൈവങ്ങള്‍, അവര്‍ വന്നില്ലായിരുന്നെങ്കിലും ഞാന്‍ ഇന്ന് ഇല്ല. ‘രാമചന്ദ്രന്‍ വാവിട്ടു കരഞ്ഞു. ഞാന്‍ സമാധാനിപ്പിച്ചു രാമചന്ദ്രനോട് പറഞ്ഞു, ‘രാമചന്ദ്രന് പോകാന്‍ സമയമായില്ല, രാമചന്ദ്രന്‍ അവിടെ നിന്നപ്പോള്‍ ഒരു തണുത്ത കാറ്റടിച്ചില്ലേ അത് ദൈവസാനിധ്യം ആണ്. നിങ്ങള്‍ ഇനിയും ഒരുപാടുപേര്‍ക്ക് നല്ല ഭക്ഷണം കൊടുക്കണം, കരിമീന്‍ പൊരിച്ചതും മപ്പാസ് വച്ചതും താറാവും കോഴിയും കൊഞ്ചും എല്ലാം കൊടുത്ത് എല്ലാവരെയും സന്തോഷിപ്പിക്കണം. അതുകൊണ്ട് ദൈവം നേരിട്ട് ഇടപെട്ടതാണ്, ധൈര്യമായിട്ട് ഇരി’.

പക്ഷേ അപ്പോഴേക്കും ഒന്നുമറിയാതെ നിഷ്‌കളങ്കനായ ഒരു ചാക്കോ നമ്മെ വിട്ടുപോയി. രാമചന്ദ്രന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. അന്നുതന്നെ എനിക്ക് രാമചന്ദ്രനിലൂടെ സുകുമാരക്കുറുപ്പിന്റെ ക്രൂരത മനസ്സിലായി. ഇപ്പോള്‍ ഈ ‘കുറുപ്പ്’ സിനിമ ഇറങ്ങിയപ്പോള്‍ പലരും പറയുന്നുണ്ട് ‘കുറുപ്പ് മരിച്ചിട്ടില്ല, അദ്ദേഹം എതൊക്കെയോ സ്ഥലത്തിരിപ്പുണ്ട്. വേഷപ്രച്ഛനനായിട്ട് പ്ലാസ്റ്റിക് സര്‍ജറി ചെയ്തെന്നും ആള് ഉണ്ടെങ്കില്‍ 80 വയസിനു മുകളില്‍ ആയിക്കാണും എന്നും പറയുന്നുണ്ട്. ഈ സിനിമ കണ്ട് അയാള്‍ ചിരിക്കുന്നുണ്ടാകുമോ?- മുകേഷ് പറഞ്ഞ് അവസാനിപ്പിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week